തിരുവനന്തപുരം: കെ.പി.സി.സി. പുനഃസംഘടനയ്‌ക്കുള്ള പൊതുമാനദണ്ഡ രൂപീകരണ ചര്‍ച്ചയിലേക്ക് നേതൃത്വം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി എന്നിവരുമായി ഇതുസംബന്ധിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നു ചര്‍ച്ച നടത്തും. ഈ 31നകം കെ.പി.സി.സി. പുനഃസംഘടന പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ രാഷ്‌ട്രീയകാര്യസമിതി തീരുമാനിച്ചിരുന്നു.
മാനദണ്ഡം സംബന്ധിച്ച് ഏകദേശധാരണയിലെങ്കിലും എത്താനാവും ഇന്നത്തെ ശ്രമം. കഴിഞ്ഞ രാഷ്‌ട്രീയകാര്യസമിതി യോഗം കഴിഞ്ഞയുടന്‍ തന്നെ മുല്ലപ്പള്ളി മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നെങ്കിലും ധാരണ സാധ്യമായിരുന്നില്ല. പുനഃസംഘടന നിശ്‌ചയിച്ച സമയത്തിനകം പൂര്‍ത്തിയായില്ലെങ്കില്‍ പൊട്ടിത്തെറിയിലേക്കു നയിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ നിശ്‌ചയിച്ച സമയത്തിനുള്ളില്‍ പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് കെ.പി.സി.സി പ്രസിഡന്റിന്റെ ശ്രമം. 31-നകം ഭാരവാഹികളെ തീരുമാനിക്കാനായില്ലെങ്കില്‍ തന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. എന്നാല്‍ പാര്‍ട്ടി ദേശീയ അധ്യക്ഷസ്‌ഥാനം തന്നെ അനിശ്‌ചിതത്വത്തിലായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ധൃതിപിടിക്കേണ്ടതില്ലെന്നഅഭിപ്രായവും പാര്‍ട്ടിയില്‍ ശക്‌തമാണ്. ഭാരവാഹികളുടെ കാര്യത്തില്‍ ഇവിടെ തീരുമാനമെടുത്താലും പട്ടിക അംഗീകരിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധിക്കില്ലെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതിനിടയില്‍ ഭാരവാഹിത്വത്തിന് വേണ്ടിയുള്ള ചരടുവലികള്‍ പാര്‍ട്ടിയില്‍ സജീവവുമായിട്ടുണ്ട്. അനില്‍ അക്കരെ എം.എല്‍.എ. തൃശൂര്‍ ഡി.സി.സി. നേതൃത്വവിഷയത്തില്‍ പ്രകടിപ്പിച്ച പരസ്യപ്രതികരണം അതാണെന്നാണ് പൊതുവിലുളള വിലയിരുത്തല്‍. ഭാരവാഹിത്വം ഉറപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ശക്‌തമായ ചരടുവലികളാണ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നേതാക്കള്‍ നടത്തുന്നത്. ജനപ്രതിനിധിയായതുകൊണ്ട് പാര്‍ട്ടി ചുമതലകളില്‍ നിന്ന് തങ്ങളെ മാറ്റിനിര്‍ത്തരുതെന്നാണ് അവരുടെ നിലപാട്. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തൃശൂര്‍, പാലക്കാട് ഡി.സി.സി. അധ്യക്ഷന്‍മാര്‍ക്ക് പകരം പുതിയവര്‍ വരണമെന്ന ആവശ്യവും ശക്‌തമാണ്.
from mangalam.com https://ift.tt/2Oh6qNB
via IFTTT
No comments:
Post a Comment