ദുബായ്: രാജ്യത്തിന്റെ പേരിലെ ആദ്യാക്ഷരത്തിൽത്തന്നെ സർക്കാർ പോർട്ടലിന് പുതിയ ഡൊമെയ്ൻ(വെബ്സൈറ്റിന്റെ പേര്) ഉണ്ടാക്കി ചരിത്രം രചിക്കുകയാണ് യു.എ.ഇ. സർക്കാർ പോർട്ടലിന് ഒറ്റ അക്ഷരത്തിൽ പേര് രൂപകല്പനചെയ്ത ലോകത്തിലെ ആദ്യ രാജ്യം എന്ന അംഗീകാരം ഇതിലൂടെ യു.എ.ഇ. സ്വന്തമാക്കി. ഐക്യ അറബ് നാടുകൾ അഥവാ യുണൈറ്റഡ് അറബ് എമിറേറ്റ്സ്(യു.എ.ഇ.) എന്നപേരിലെ 'യു' ആണ് ഇനിമുതൽ യു.എ.ഇ. സർക്കാർ പോർട്ടലിന്റെ പേര്(u.ae). 'യു' എന്നത് ഡൊമെയ്നായി നിൽക്കുമ്പോൾ യു.എ.ഇ. എന്നതിലെ രണ്ടാമത്തെയും മൂന്നാമത്തെയും അക്ഷരങ്ങളായ എ.ഇ. എന്നിവ യു.എ.ഇ.യുടെ ടോപ് ലെവൽ ഡൊമെയ്ൻ ആയിരിക്കും. സർക്കാരിന്റെ പ്രവർത്തനങ്ങൾ, സേവനങ്ങൾ, പദ്ധതികൾ, നയങ്ങൾ, നിയമങ്ങൾ എന്നിവയെല്ലാംസംബന്ധിച്ച വിവരങ്ങൾ നൽകുന്ന പോർട്ടലായിരിക്കും ഇത്. പ്രധാനമന്ത്രിയുടെ ഓഫീസും ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി(ട്രാ)യും ചേർന്നാണ് ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പെട്ടെന്ന് ഓർത്തെടുക്കാനും എന്നും ഓർത്തിരിക്കാനും എളുപ്പം സഹായിക്കുന്നതാണ് പുതിയ ഒറ്റ അക്ഷരത്തിലുള്ള പേരെന്ന് 'ട്രാ' ഡയറക്ടർ ജനറൽ ഹമദ് ഒബെയ്ദ് അൽ മൻസൂരി പറഞ്ഞു. രാജ്യം ഡിജിറ്റൽ രംഗത്തുണ്ടാക്കിയെടുക്കുന്ന വലിയ കുതിപ്പിന്റെ തുടർച്ചയാണിത്. സ്മാർട്ട് സിറ്റികളും നിർമിതബുദ്ധിയുമെല്ലാംചേർന്ന് നാലാം വ്യാവസായിക വിപ്ലവത്തിലേക്ക് നടന്നടുക്കുന്ന രാജ്യത്തിന് ഇതു വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. 'യു' എന്ന അക്ഷരത്തിലൂടെ ലക്ഷ്യമിടുന്നത് ജനങ്ങളെയാണ്. 'നിങ്ങളാണ് ലക്ഷ്യം' എന്നതാണ് രാജ്യത്തിന്റെ ഭരണനേതൃത്വം ഇതിലൂടെ പറയുന്നത്. നിങ്ങളാണ് സർക്കാർ എന്നും നിങ്ങളാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നും ഈ അക്ഷരം ചൂണ്ടിക്കാട്ടുന്നു -ജനറൽ ഹമദ് ഒബെയ്ദ് അൽ മൻസൂരി പറഞ്ഞു. content highlights:UAE gets worlds first single-letter govt domain
from mathrubhumi.latestnews.rssfeed https://ift.tt/2Z78qsJ
via
IFTTT
No comments:
Post a Comment