തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിയുടെ പശ്ചാത്തലത്തില്‍, ബഹുജനാടിത്തറ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി സി.പി.എം. ഗൃഹസന്ദര്‍ശനപരിപാടി ആരംഭിച്ചു. ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ സംവാദപരിപാടികള്‍ക്കും തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഫെയ്‌സ്ബുക്ക് സംവാദം ഇതിന്റെ ഭാഗമായാണ്. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ തലസ്ഥാനത്തെ ഗൃഹസന്ദര്‍ശനപരിപാടി.
തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡിലെ വീടുകളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. യൂണിവേഴ്‌സിറ്റി കോളജ് സംഭവവും ശബരിമല വിഷയവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പല വീട്ടുകാരും ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയില്‍ വരുത്തേണ്ട മാറ്റങ്ങളും ചര്‍ച്ചയായി. ഗൃഹസന്ദര്‍ശനവും ചര്‍ച്ചകളും ജനങ്ങളുമായി കൂടുതല്‍ അടുപ്പമുണ്ടാക്കാന്‍ സഹായകമാകുമെന്നു കോടിയേരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനവ്യാപകമായി 28 വരെയാണു പരിപാടി. മുഖ്യമന്ത്രിയുടെ പാത പിന്തുടര്‍ന്ന് മറ്റു നേതാക്കളും ഫെയ്‌സ്ബുക്ക് സംവാദം തുടരും. സി.പി.എം. സംസ്ഥാനസമിതിയുടെ തീരുമാനപ്രകാരമാണു ''ജനഹിതം'' ജനസമ്പര്‍ക്കപരിപാടികള്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണം കണ്ടെത്താനായുള്ള ജനസമ്പര്‍ക്ക പരിപാടിയുമായി വീടുകളിലെത്തിയ സി.പി.എം. പ്രവര്‍ത്തകര്‍ക്കു നേരേ ശബരിമല വിഷയത്തില്‍ രൂക്ഷപ്രതികരണം. ശബരിമലയില്‍ വിശ്വാസങ്ങളെ കടപുഴക്കുന്ന രീതിയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതായി വീട്ടമ്മമാര്‍ പൊതുവേ പരാതിപ്പെട്ടു. കോടതിവിധി നടപ്പാക്കുക മാത്രമാണു സര്‍ക്കാര്‍ ചെയ്തതെന്നു പറഞ്ഞ് നേതാക്കള്‍ തടിതപ്പി. എത്രയോ കോടതിവിധികള്‍ ഇനിയും നടപ്പാക്കാന്‍ ബാക്കിയുണ്ടെന്നു പലരും ചൂണ്ടിക്കാട്ടി.
തുറന്നു സംസാരിക്കാനായാണു വീടുകളില്‍ എത്തുന്നതെന്നു പറഞ്ഞാണു നേതാക്കള്‍ സംസാരത്തിനു തുടക്കമിടുന്നത്. തൃശൂരില്‍ വില്‍വട്ടം കുറ്റുമുക്ക് കേന്ദ്രീകരിച്ചാണ് ഗൃഹസന്ദര്‍ശന പരിപാടി തുടങ്ങിയത്. അവിടെ സരള സുരേഷ് എന്ന വീട്ടമ്മയുമായി സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ അര മണിക്കൂറിലധികം ആശയവിനിമയം നടത്തി. ശബരിമലയ്ക്കു പുറമേ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ നിലപാടുകളും ചര്‍ച്ചാവിഷയമായി. സര്‍ക്കാരിന്റെ പല പ്രവൃത്തികളും സംശയാസ്പദമാണെന്നു പലരും തുറന്നടിച്ചു.
അതേസമയം സര്‍ക്കാരിനെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചുമുണ്ടായ തെറ്റിധാരണകള്‍ മാറ്റാന്‍ അവസരം ലഭിച്ചതായി കെ. രാധാകൃഷ്ണന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയുടെ കാരണം ജനങ്ങളില്‍ നിന്നു മനസിലാക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം. യാഥാര്‍ഥ്യങ്ങള്‍ വീട്ടുകാരെ നേരില്‍ ബോധ്യപ്പെടുത്താനുള്ള അവസരമാണിതെന്നും സി.പി.എം. നേതാക്കള്‍ പറഞ്ഞു. നോട്ടീസ് നല്‍കി പെട്ടെന്നു അടുത്ത സ്ഥലത്തേക്കു പോകുന്നതിനു പകരം വീട്ടില്‍ കയറിയിരുന്നു സംസാരിക്കുന്നതിനാണ് നേതാക്കള്‍ ശ്രമിച്ചത്. സി.പി.എം. തൃശൂര്‍ ഏരിയാ സെക്രട്ടറി കെ. രവീന്ദ്രന്‍, വില്‍വട്ടം എല്‍.സി. സെക്രട്ടറി എം.ആര്‍. ഗിരീഷ്‌കുമാര്‍, കൗണ്‍സിലര്‍മാരായ പ്രേംകുമാര്‍, പി. കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ഒരാഴ്ച വ്യാപകമായി വീടുകളില്‍ പ്രവര്‍ത്തകരും നേതാക്കളും സന്ദര്‍ശനം നടത്തും.
from mangalam.com https://ift.tt/2OdB9v9
via IFTTT
No comments:
Post a Comment