ചന്ദ്രയാൻ-രണ്ടുമായി ജി.എസ്.എൽ.വി. മാർക്ക് 3 റോക്കറ്റ് ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിയെങ്കിലും ഇനിയുള്ള ഘട്ടങ്ങളാണ് ഏറെ നിർണായകം. ചാന്ദ്രരഹസ്യങ്ങൾ തേടിയുള്ള ഇന്ത്യൻ ബഹിരാകാശയാത്രയുടെ രണ്ടാംഘട്ടമാണിത്. മുൻഗാമിയായ ചന്ദ്രയാൻ-ഒന്നിനെക്കാൾ ഏറെയുണ്ട് ഈ പിൻഗാമിക്കുചെയ്യാൻ. ഭൂമിയെ ചുറ്റി 23 നാൾ ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണപഥങ്ങൾ ചുറ്റി സെപ്റ്റംബർ ഏഴിന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന തരത്തിലാണ് ചന്ദ്രയാൻ-രണ്ടിന്റെ സമയക്രമീകരണം. തിങ്കളാഴ്ചമുതൽ 23 ദിവസം പേടകം ഭൂമിയെ ചുറ്റും. തുടർന്ന് 23മുതൽ 30വരെ ദിവസങ്ങളിൽ അഞ്ചുതവണയായി പേടകത്തിന്റെ ഭ്രമണപഥം ഉയർത്തും. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്രയാണിത്. 13 നാൾ ചന്ദ്രനെ ചുറ്റും 13 ദിവസം ചന്ദ്രനെ ചുറ്റിയുള്ള സഞ്ചാരം. 43-ാം ദിവസം ചന്ദ്രനെ ചുറ്റുന്ന ഓർബിറ്ററിൽനിന്ന് 'വിക്രം' എന്ന ലാൻഡർ വേർപെട്ടുതുടങ്ങും. 48-ാം ദിനം 'വിക്രം' ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങും. മാൻസിനസ്-സി, സിംപീലിയസ്-എൻ എന്നീ വൻഗർത്തങ്ങൾക്ക് ഇടയിലെ സമതലത്തിലാകും വിക്രമിന്റെ ഇറക്കം. നിർണായകനിമിഷങ്ങൾ ഓർബിറ്റർവിട്ട് ചന്ദ്രോപരിതലത്തിലേക്കു സഞ്ചരിക്കുന്ന 'വിക്ര'ത്തിന്റെ യാത്രയിൽ അവസാന 15 മിനിറ്റ് അതിനിർണായകമാണ്. ഈ ഘട്ടമാണ് ഐ.എസ്.ആർ.ഒ. തരണംചെയ്യേണ്ട പ്രധാന വെല്ലുവിളി. വിക്രം ചന്ദ്രനിലിറങ്ങുന്ന നിമിഷംമുതൽ അവിടെനിന്നുള്ള ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചുതുടങ്ങും. 'പ്രഗ്യാന്റെ' പര്യവേക്ഷണം വിക്രത്തിനൊപ്പമുള്ള 'പ്രഗ്യാൻ' റോവർ നാലുമണിക്കൂറിനുള്ളിൽ ചന്ദ്രോപരിതലത്തിലിറങ്ങും. ചന്ദ്രോപരിതലത്തിന്റെ ഘടന, ജലസാന്നിധ്യം, ഹീലിയം, ടൈറ്റാനിയം, കാൽസ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം, അന്തരീക്ഷ താപനില തുടങ്ങിയ വിവരങ്ങൾ 'പ്രഗ്യാൻ' ശേഖരിക്കും. ഇവ 'വിക്ര'ത്തിലേക്കു കൈമാറും. വിക്രം അത് ഓർബിറ്ററിലേക്കു നൽകും. അവിടെനിന്നു ഭൂമിയിലേക്ക്. ആയുസ്സ് 14 ദിവസം ഭൂമിയിലെ 14 ദിവസമാണ് ഒരു ചാന്ദ്രദിനം. ചന്ദ്രനിൽ രാത്രി താപനില മൈനസ് 180 ഡിഗ്രിയോളം വരും. ആ കാലാവസ്ഥയിൽ ലാൻഡറിന്റെ പ്രവർത്തനം നിലയ്ക്കും. അതുകൊണ്ട് ഭൂമിയിലെ 14 ദിവസമാണ് അവിടെ റോവറും ലാൻഡറും പ്രവർത്തിക്കുക. അതിനിടയിൽ നിർണായകവിവരങ്ങൾ ലഭ്യമാകും എന്നാണ് ഐ.എസ്.ആർ.ഒ.യുടെ പ്രതീക്ഷ. ഓർബിറ്റർ ചന്ദ്രനെ ചുറ്റി ഒരുവർഷം വിവരശേഖരണം നടത്തും. നാലാം രാജ്യം ചന്ദ്രയാൻ-രണ്ടിലൂടെ ഐ.എസ്.ആർ.ഒ. വലിയ നേട്ടങ്ങളാണു ലക്ഷ്യമിടുന്നത്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുക എന്നതു ചെറിയനേട്ടമല്ല. മുമ്പ് റഷ്യയ്ക്കും അമേരിക്കയ്ക്കും ചൈനയ്ക്കും മാത്രം സാധിച്ചിട്ടുള്ള കാര്യമാണിത്. 'പ്രഗ്യാൻ' റോവറിനെ സുരക്ഷിതമായി ചന്ദ്രനിൽ ഇറക്കാൻ കഴിഞ്ഞാൽത്തന്നെ വലിയ വിജയമാണ്. കഴിഞ്ഞ മേയിലാണ് വിക്ഷേപണം നടത്താനിരുന്നത്. ഇസ്രയേലിന്റെ പര്യവേക്ഷണമായ ഫാൽകൺ ദൗത്യം ചന്ദ്രനിൽ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഇതുവിലയിരുത്തി കൂടുതൽ പരീക്ഷണങ്ങളും പ്രതിസന്ധി തരണംചെയ്യാനുള്ള മാർഗങ്ങളും പഠിച്ചതിനുശേഷമാണ് ചന്ദ്രയാൻ-2 വിക്ഷേപിക്കാനൊരുങ്ങിയത്. ആഹ്ലാദക്കൊടുമുടിയിൽ ശ്രീഹരിക്കോട്ട ചന്ദ്രയാൻ-2 വിക്ഷേപണവിജയം ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ നിലയത്തെ ആഹ്ലാദഭരിതമാക്കി. വിക്ഷേപണം കാണാൻ തിങ്കളാഴ്ച രാവിലെ മുതൽ ആളുകൾ എത്തിക്കൊണ്ടിരുന്നു. മലയാളികളും ഏറെയുണ്ടായിരുന്നു ഇക്കൂട്ടത്തിൽ. വിക്ഷേപണം നേരിൽ കാണാൻ ഈ വർഷം മുതലാണ് ശ്രീഹരിക്കോട്ടയിൽ ഗാലറി ഒരുക്കിയത്. വിദ്യാർഥികളും ഗവേഷകരും ഉൾപ്പെടെ എണ്ണായിരംപേർ ഗാലറിയിലിരുന്ന് ചരിത്രവിക്ഷേപണം കണ്ടു. ഇന്ത്യൻ പതാകയും ബാനറുകളും ജയ് വിളികളുമെല്ലാമായി ആൾക്കൂട്ടത്തിന്റെ ആരവം ആകാശത്തോളമുയർന്നു. മീഡിയാ സെന്ററിന്റെ മട്ടുപ്പാവ് മാധ്യമപ്രവർത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. തത്സമയ വിവരങ്ങൾ ലോകത്തെമ്പാടുമെത്തി. 5, 4, 3 ......, കൗണ്ട് ഡൗൺ അവസാനത്തിൽ +1,+2,+3 ശ്രീഹരിക്കോട്ടയിൽ പടർന്നുപന്തലിച്ച കാടിനുമുകളിലൂടെ ചന്ദ്രയാൻ-2 പേടകത്തെയും വഹിച്ച് ജി.എസ്.എൽ.വി. മാർക്-3 കുതിച്ചുപൊങ്ങി. മൂടിക്കെട്ടിയ കാർമേഘത്തിനിടയിലൂടെ അതിന്റെ വെളിച്ചം മാഞ്ഞില്ലാതായി. ഒത്തുകൂടിയ ജനങ്ങൾ ആർപ്പുവിളിച്ചു. ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തുന്നതിനായുള്ള കാത്തിരിപ്പ്. മാധ്യമപ്രവർത്തകർ മീഡിയാ ഗാലറിയിലേക്കു തിരിച്ചിറങ്ങി. വിക്ഷേപണം കഴിഞ്ഞ് 16 മിനിറ്റു പിന്നിട്ടപ്പോൾ ദൗത്യനിയന്ത്രണ മുറിയിൽ കൈയടി, ആഘോഷം.. എല്ലാവരുടെയും മുഖത്ത് സന്തോഷത്തിന്റെ തിളക്കം. ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിയതായി ഡോ. കെ. ശിവൻ പ്രഖ്യാപിച്ചു. ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണനും യു. ആർ. റാവു ഉപഗ്രഹകേന്ദ്രം ഡയറക്ടർ പി. കുഞ്ഞികൃഷ്ണനുമെല്ലാം പരസ്പരം സന്തോഷം പങ്കുവെച്ചു.15-നു പുലർച്ചെ കൗണ്ട് ഡൗൺ സൂചിക നിലച്ചപ്പോൾ മീഡിയാ ഗാലറിയിലും നിരാശ പടർന്നിരുന്നു. വിക്ഷേപണം മാറ്റിവെച്ചതിന്റെ കൃത്യമായ കാരണം ആദ്യഘട്ടത്തിൽ ഐ.എസ്.ആർ.ഒ. മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല. നിരാശയെ കുടഞ്ഞെറിഞ്ഞ് ഐ.എസ്.ആർ.ഒ. ചടുലമായതോടെ ഒരാഴ്ചയ്ക്കകം ചന്ദ്രയാൻ-2 വിക്ഷേപണത്തിനു സജ്ജമായി. ലോകംകാത്തിരുന്ന വിജയം,നാമതു നേടി “ജി.എസ്.എൽ.വി. മാർക്-3 ചന്ദ്രയാൻ-2നെ നിർദിഷ്ട ഭ്രമണപഥത്തിൽ, പ്രതീക്ഷതിനെക്കാൾ 6000 കിലോമീറ്റർ അധികദൂരത്തിൽ എത്തിച്ചുവെന്ന് അതി സന്തോഷത്തോടെ ഞാൻ അറിയിക്കുന്നു. ഐ.എസ്.ആർ.ഒ.യും ഇന്ത്യയും മാത്രമല്ല, ലോകം മുഴുവൻ ഈ ദൗത്യത്തിന്റെ വിജയത്തിനായി കാത്തിരിക്കുകയായിരുന്നു. നാമിന്നതു നേടി.” -ശ്രീഹരിക്കോട്ടയിലെ വിക്ഷേപണകേന്ദ്രത്തിൽ നിറഞ്ഞ ആഹ്ലാദാന്തരീക്ഷത്തിൽ ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു.“ചന്ദ്രയാൻ-2 പേടകത്തിന്റെ വിക്ഷേപണ വിജയത്തിനുപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യം. നേരത്തേയുണ്ടായ സാങ്കേതികത്തകരാറിൽനിന്ന് നിറമാർന്ന വിജയത്തിലേക്ക് നാമെത്തി. സാങ്കേതികപ്രശ്നം കണ്ടെത്തിയശേഷം ദൗത്യസംഘത്തിലെ എല്ലാവരും കർമനിരതരായി. സാങ്കേതികത്തകരാർ കണ്ടെത്തി പേടകത്തിന്റെ വിക്ഷേപണം മാറ്റിവെച്ചത് ഒരർഥത്തിൽ ഗുണകരമായി. വിക്ഷേപണത്തിന്റെ ആദ്യ ഘട്ടത്തിൽത്തന്നെ പ്രതീക്ഷിച്ചതിനെക്കാൾ 6000 കിലോമീറ്റർ അധികദൂരം സഞ്ചരിക്കാൻ ചന്ദ്രയാൻ-2 പേടകത്തിനു കഴിഞ്ഞു. ജി.എസ്.എൽ.വി. ശ്രേണിയിലെ മുൻ റോക്കറ്റുകളെ അപേക്ഷിച്ച് മാർക്ക്-3ന്റെ പ്രകടനം 15 ശതമാനം മികച്ചുനിന്നു.2019-ൽ ഐ.എസ്.ആർ.ഒ. യ്ക്ക് ഒട്ടേറെ വിക്ഷേപണ പദ്ധതികളാണുള്ളത്. കാർട്ടോസാറ്റ് -3, ഗഗൻയാൻ ഉൾപ്പെടെയുള്ള ഇതിൽപ്പെടും.''
from mathrubhumi.latestnews.rssfeed https://ift.tt/30J1Its
via
IFTTT
No comments:
Post a Comment