നെടുമങ്ങാട്: നാല്പത് യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിലെ ഡ്രൈവർ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. ഇതേ ബസിലെ യാത്രക്കാരിയായിരുന്ന മകൾ അച്ഛന്റെ മരണത്തിനു ദൃക്സാക്ഷിയായി. നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവർ മൂഴി കുളപ്പള്ളി കിഴക്കുംകര വീട്ടിൽ കെ.ജയരാജ്(55) ആണ് യാത്രക്കാരുമായുള്ള ഓട്ടത്തിനിടയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. സഹയാത്രികനും കെ.എസ്.ആർ.ടി.സി.യിലെ ജീവനക്കാരനുമായ സുഹൃത്താണ് പകരം ഡ്രൈവറായത്. കല്ലറ മുതുവിള പരപ്പിൽനിന്ന് നെടുമങ്ങാട്ടേക്കു വരികയായിരുന്ന ബസിലെ ഡ്രൈവർ ജയരാജ് ശാരീരിക അസ്വസ്ഥത തോന്നിയതിനെത്തുടർന്ന് ബസ് പുത്തൻപാലം മൂഴിക്കു സമീപം ഒതുക്കിനിർത്തി, ഡ്രൈവിങ് സീറ്റിലേക്കു കുഴഞ്ഞുവീഴുകയായിരുന്നു. യാത്രക്കാർ പരിഭ്രാന്തരായി. ഉടനെ ബസിലെ യാത്രക്കാരനും സഹജീവനക്കാരനുമായ ടി.ശിവകുമാർ ജയരാജിനെ ഡ്രൈവിങ് സീറ്റിൽനിന്നു മാറ്റിയശേഷം ബസ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. അപ്പോഴേയ്ക്കും ജയരാജ് മരിച്ചിരുന്നു. നെടുമങ്ങാട് സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിനിയായ ജയരാജിന്റെ ഇളയമകൾ ജയരാഗിണി ഇതേ ബസിൽ യാത്രക്കാരിയായിരുന്നു. അച്ഛന്റെ മരണത്തിന് മകൾ സാക്ഷിയായത് സങ്കടകരമായ അനുഭവമായി. തന്റെ ബസിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷിക്കാൻ ജയരാജ് പരമാവധി ശ്രമിച്ചു. മനസ്സാന്നിദ്ധ്യം കൈവിടാതെ ബസ് സുരക്ഷിതമായ സ്ഥലത്ത് ഒതുക്കിയശേഷമാണ് ഡ്രൈവിങ് സീറ്റിൽ കുഴഞ്ഞുവീണത്. പി.എസ്.സി. വഴി നിയമിതനായ ജയരാജ് 11 വർഷമായി നെടുമങ്ങാട് ഡിപ്പോയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. മുമ്പ് താത്കാലികാടിസ്ഥാനത്തിലും 10 വർഷം ഇവിടെ ജോലിനോക്കിയിട്ടുണ്ട്. വട്ടിയൂർക്കാവ് സ്വദേശിയാണ് ജയരാജ്. വിരമിക്കാൻ ഒമ്പതു മാസം ബാക്കി നിൽക്കവേയാണ് ജോലിക്കിടയിൽ ജയരാജ് മരിച്ചത്. പോസ്റ്റുമോർട്ടത്തിനു ശേഷം നെടുമങ്ങാട് ഡിപ്പോയിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനു വച്ചു. കെ.എസ്.ആർ.ടി.സി.ക്കു വേണ്ടി ഡി.ടി.ഒ. കെ.സുരേഷ്കുമാർ ആദരാഞ്ജലി അർപ്പിച്ചു. ഭാര്യ: പരേതയായ രാധാമണി. മക്കൾ: ജയരഞ്ജിനി, ജയരാഗിണി. മരുമകൻ: ഉണ്ണി. സഞ്ചയനം ഞായറാഴ്ച രാവിലെ 9-ന്. content highlights:ksrtc driver jayaraj
from mathrubhumi.latestnews.rssfeed https://ift.tt/2G4XnbW
via
IFTTT
No comments:
Post a Comment