ആറുമാസമായി വേതനമില്ല; പറയൂ, എങ്ങനെ മുന്നോട്ടുപോകും ഈ ജീവിതങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 10, 2019

ആറുമാസമായി വേതനമില്ല; പറയൂ, എങ്ങനെ മുന്നോട്ടുപോകും ഈ ജീവിതങ്ങൾ

മലപ്പുറം : ആറുമാസമായി വേതനംമുടങ്ങിയ തൊളിലാളികളുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..? ഒരുമാസത്തെ വേതനംകൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നവർ ഇതുകൂടി അറിയണം. മുടങ്ങിക്കിടക്കുന്ന വേതനം കിട്ടാനായി ബി.എസ്.എൻ.എല്ലിലെ കരാർ തൊഴിലാളികൾ നടത്തുന്ന സത്യാഗ്രഹസമരം ഇത് 11-ാം ദിവസമാണ്. ഫീസടയ്ക്കാൻ കഴിയാത്തതിനെത്തുടർന്ന് ഇവരിലൊരാളുടെ കുട്ടിയെ സ്കൂളിൽനിന്ന് പുറത്താക്കി. മറ്റൊരാൾ വാടക നൽകാൻ കഴിയാത്തതിനെത്തുടർന്ന് വീടൊഴിയുകയാണ്. വ്യാഴാഴ്ചമുതൽ ഇദ്ദേഹവും പെരുവഴിയിലാകും. തിരൂർ എക്സ്ചേഞ്ചിലെ ജീവനക്കാരൻ തണ്ടലംവളപ്പിൽ ജബ്ബാറിന്റെ മകൻ നാലാംക്ലാസ് വിദ്യാർഥിയായ ഉമർ ലത്തീഫാണ് സ്കൂളിൽനിന്ന് പുറത്തായത്. കൂട്ടായിയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഉമർ പഠിക്കുന്നത്. കഴിഞ്ഞമാസം ഫീസ് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ജബ്ബാറിന് വേറെ വരുമാനവുമില്ല. മുൻമാസത്തിൽ ഫീസടയ്ക്കാത്തതിനാൽ പരീക്ഷയെഴുതിക്കില്ലെന്ന ഭീഷണിവന്നപ്പോൾ കടംവാങ്ങിയാണ് ഫീസടച്ചത്. അങ്ങനെ മൂന്നിൽനിന്ന് നാലിലേക്ക് ചേർത്തു. പക്ഷേ, ഫീസടയ്ക്കാനില്ലാതായതോടെ സ്കൂളുകാർ ഇനി വരേണ്ടെന്നുപറഞ്ഞു. തുച്ഛശമ്പളംകൊണ്ട് ഉമ്മയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയ കുടുംബത്തെ പോറ്റാൻ കഷ്ടപ്പെടുമ്പോഴാണ് ജബ്ബാറിന് ജോലി നഷ്ടപ്പെടുന്നത്. മകന്റെ വിദ്യാഭ്യാസം, രോഗിയായ ഭാര്യയുടെ ചികിത്സ, ദൈനംദിനച്ചെലവുകൾ... ഇനിയെന്തെന്നറിയാതെ ഇരിക്കുകയാണ് ഈ മനുഷ്യൻ. ബുധനാഴ്ചത്തെ സത്യാഗ്രഹസമരത്തിൽ ഉമറും പങ്കെടുത്തിരുന്നു. കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട വാണിയമ്പലത്തെ രാധാകൃഷ്ണനാണ് കിടപ്പാടം നഷ്ടപ്പെട്ടത്. വാണിയമ്പലം എക്സ്ചേഞ്ചിലായിരുന്നു ജോലി. വീട് പോയതിനെത്തുടർന്ന് വാടകവീട്ടിലായിരുന്നു താമസം. ഇപ്പോൾ വാടകനൽകാനില്ലാതായതോടെ വീടൊഴിയാൻ ഉടമ ആവശ്യപ്പെട്ടു. കുടുംബത്തെയുംകൊണ്ട് എങ്ങോട്ടു പോകുമെന്നറിയാതെ നട്ടംതിരിയുകയാണ് രാധാകൃഷ്ണൻ. സംസ്ഥാനമൊട്ടാകെ ബി.എസ്.എൻ.എൽ. കരാർ തൊഴിലാളികൾ സമരത്തിലാണ്. സർവീസ് സംഘടനകൾ പിരിവെടുത്താണ് ഇവരുടെവീട്ടിൽ ഇപ്പോൾ അരി നൽകുന്നത്. സമരം നീളുന്നതോടെ ഇനിയും ഇത്തരം ദുരിതക്കാഴ്ചകളും ബലിയാടുകളും സൃഷ്ടിക്കപ്പെടും. എന്നാൽ ഇതൊന്നും കാണാതിരിക്കാനായി ബി.എസ്.എൻ.എൽ. അധികാരികൾ കണ്ണടച്ചിരിപ്പാണ്. പട്ടിണിയിൽ 8,000 തൊഴിലാളികൾ സംസ്ഥാനത്തൊട്ടാകെ എണ്ണായിരത്തോളം തൊഴിലാളികളാണ് ആറുമാസമായി ശമ്പളമില്ലാതെ നട്ടംതിരിയുന്നത്. അറുപതോളം കരാറുകാരാണ് ബി.എസ്.എൻ.എല്ലിന് തൊഴിലാളികളെ വിതരണംചെയ്യുന്നത്. ഇവർക്ക് കമ്പനി പണംനൽകാത്തതാണ് പ്രശ്നമായത്. 83 തൊഴിലാളികളെ പുറത്താക്കുകയുംചെയ്തു. 478 രൂപയായിരുന്നു ഇവരുടെ കൂലി. അത് 635 ആക്കിയിരുന്നെങ്കിലും ആറുമാസമെടുത്ത പണിയുടെ കൂലിപോലും കിട്ടാതായതോടെ സമരം തുടങ്ങുകയായിരുന്നു. കമ്പനി വാഹനങ്ങളിൽ പെട്രോളടിച്ച പണം നൽകാത്തതിനാൽ ഇന്ധനം നൽകുന്നത് പമ്പുകാർ പലേടത്തും നിർത്തിവെച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2NKfn1G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages