കൊച്ചി: യൂത്ത് കോൺഗ്രസ് ഭാരവാഹികളെ കണ്ടെത്തുന്നതിനുള്ള ടാലന്റ് ഹണ്ട് തുടങ്ങി. സംസ്ഥാന പ്രസിഡന്റിനെയും ഭാരവാഹികളെയും ജില്ലാ പ്രസിഡന്റുമാരെയും തിരഞ്ഞെടുക്കുന്നതിന് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനുള്ള അഭിമുഖ പരിപാടിയാണ് കൊച്ചിയിൽ നടക്കുന്നത്. ഡി.സി.സി. ഓഫീസിൽ യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രവീന്ദ്രദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ഭാരവാഹികളാവാൻ ആഗ്രഹിക്കുന്നവരെ അഭിമുഖത്തിലൂടെ കണ്ടെത്താൻ സിറ്റിങ് നടത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് നാലുമണി വരെ അഭിമുഖം തുടരും. ഇരു ഗ്രൂപ്പുകളും തങ്ങൾ ഭാരവാഹികളാക്കാൻ ലക്ഷ്യമിട്ടിട്ടുള്ളവരെ അഭിമുഖ സംഘത്തിനു മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിൽ മാത്രമെ ചർച്ചകൾ നടക്കുമ്പോൾ ഗ്രൂപ്പ് നേതൃത്വത്തിന് പേരുകൾ ഉന്നയിക്കാൻ സാധിക്കുകയുള്ളു. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ വോട്ടിങ്ങിലൂടെയുള്ള തിരഞ്ഞെടുപ്പ് പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നില്ല. 1983 ജനുവരിക്കു ശേഷം ജനിച്ച, തിരഞ്ഞെടുപ്പിലൂടെ യൂത്ത് കോൺഗ്രസിന്റെ ഏതെങ്കിലും ഭാരവാഹിത്വം വഹിക്കുന്നവർക്കു മാത്രമെ സംസ്ഥാന ഭാരവാഹികളാവുന്നതിനുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. എം.പി.മാർക്കും എം.എൽ.എ.മാർക്കും നേരിട്ട് പട്ടികയിൽ വരാം. അഭിമുഖത്തിന് എത്തുന്നവർ പ്രായം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റും പങ്കെടുത്ത പരിപാടികൾ, സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ഉണ്ടായിട്ടുള്ള കേസുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തണം. ഇതിനായി പ്രത്യേക ഫോറം തന്നെ നൽകിയിട്ടുണ്ട്. ഫോറം കൃത്യമായി പൂരിപ്പിച്ചുവെന്ന് ഉറപ്പുവരുത്താൻ ഗ്രൂപ്പ് മാനേജർമാർ ശ്രദ്ധിക്കുന്നുണ്ട്. പെട്ടെന്നാണ് അഭിമുഖത്തിന്റെ തീയതി പ്രഖ്യാപിച്ചതെന്നതിനാൽ ഭാരവാഹി മോഹികൾക്ക് ഒരുങ്ങാൻ സമയം കിട്ടിയില്ല. സമരത്തിൽ പങ്കെടുത്ത് പോലീസ് അറസ്റ്റ് ചെയ്യുന്നതിന്റെയും മറ്റും പത്ര കട്ടിങ്ങുകൾ സംഘടിപ്പിക്കുകയാണ് പലരും. അതുകൊണ്ടുതന്നെ ടാലന്റ് ഹണ്ടിന്റെ ആദ്യ ദിവസം വലിയ തിരക്ക് അനുഭവപ്പെട്ടില്ല. എന്നാൽ, വ്യാഴാഴ്ച കൂടുതൽ പേർ വരുമെന്നാണ് നേതാക്കൾ പ്രതീക്ഷിക്കുന്നത്. യൂത്ത് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് വിജ്ഞാപന പ്രകാരം എറണാകുളം, പത്തനംതിട്ട ജില്ലകൾ പട്ടികവിഭാഗ സംവരണത്തിൽ വരുന്നതാണ്. എറണാകുളം പാർലമെന്റ് മണ്ഡലം ഇതിനു മുമ്പും സംവരണ സീറ്റായിരുന്നു. എറണാകുളത്തെ വീണ്ടും സംവരണത്തിൽ ഉൾപ്പെടുത്തിയത് നേതാക്കളെ വലയ്ക്കുന്നുണ്ട്. 93,202 പേരെ ചേർത്ത്, സംസ്ഥാനത്ത് യൂത്ത് കോൺഗ്രസിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ളത് എറണാകുളം ജില്ലയിലാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ നോമിനേഷനിലേക്ക് മാറുമ്പോൾ, എറണാകുളത്തിന്റെ സംവരണം മാറ്റണമെന്ന നിവേദനങ്ങളും നേതൃത്വത്തിന് ലഭിക്കുന്നുണ്ട്. content highlights:youth congress talent hunt
from mathrubhumi.latestnews.rssfeed https://ift.tt/2G5hSpa
via
IFTTT
No comments:
Post a Comment