തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂജലവിതാനത്തിൽ ഗണ്യമായ കുറവുവരുന്നതായി ഭൂജലവകുപ്പിന്റെ പഠനറിപ്പോർട്ട്. 152 ബ്ലോക്കുകളിൽ 33 ഇടങ്ങളിലും സ്ഥിതി ഗുരുതരമാണ്. പാലക്കാട്ടെ ചിറ്റൂർ ബ്ലോക്കിൽ 104 ശതമാനമാണ് ഭൂജലത്തിന്റെ ഉപയോഗം. അതായത്, ഭൂമിയിലേക്കിറങ്ങുന്നതിലുമധികം ഉപയോഗിക്കുന്നു. 'അമിതചൂഷണ മേഖല'യായാണ് ചിറ്റൂരിനെ കണക്കാക്കിയിട്ടുള്ളത്. കാസർകോട്, മലമ്പുഴ ബ്ലോക്കുകളാണ് 'അതിഗുരുതര' വിഭാഗത്തിലുള്ളത്. ഈ രണ്ടിടത്തും 97 ശതമാനത്തിനു മുകളിലാണ് ഭൂജല ഉപയോഗം. മണ്ണിലേക്കിറങ്ങുന്ന വെള്ളത്തിലെ 70 ശതമാനംവരെയാണ് ഉപയോഗിക്കാവുന്നത്. ഇങ്ങനെ ഉപയോഗിക്കുന്ന പ്രദേശങ്ങളാണ് 'സുരക്ഷിതം' എന്ന വിഭാഗത്തിൽ. 119 ബ്ലോക്കുകളാണ് ഈ വിഭാഗത്തിലുള്ളത്. 70 മുതൽ 90 ശതമാനംവരെ ഭൂജലം ഉപയോഗിക്കുന്ന പ്രദേശങ്ങളെ 'സെമി ക്രിട്ടിക്കൽ' വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. 30 ബ്ലോക്കുകൾ ഇതിൽപ്പെടുന്നു. നേരത്തേ 18 ബ്ലോക്കുകൾമാത്രമാണ് ഈ വിഭാഗത്തിലുണ്ടായിരുന്നത്. പ്രളയത്തിനുമുമ്പാണ് ഭൂജലവകുപ്പ് ഭൂജലവിതാനത്തെക്കുറിച്ചു പഠിച്ചത്. പ്രളയശേഷം മഴയുടെ തോതും മണ്ണിലേക്കിറങ്ങുന്ന വെള്ളത്തിന്റെ തോതും ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് ഈയിടെ സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു. പുഴകളിലും തോടുകളിലും കളിമണ്ണ് നിറഞ്ഞതും മണൽത്തിട്ട ഒഴുകിപ്പോയതും പ്രളയാനന്തരമുണ്ടായ മാറ്റമാണ്. ഇതോടെ ഭൂമിയിലേക്ക് വെള്ളമിറങ്ങുന്നത് കുറഞ്ഞുവെന്നാണ് സി.ഡബ്ല്യു.ആർ.ഡി.എം. സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇതുകൂടി കണക്കാക്കിയാൽ അടുത്തവേനലിൽ കടുത്ത വരൾച്ചയാണ് കേരളത്തെ കാത്തിരിക്കുന്നത്. പത്തുജില്ലകളിൽ ദാഹം കടുക്കും കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽമാത്രമാണ് ഭൂജലവിതാനം സുരക്ഷിതം. ബാക്കി ജില്ലകളിൽ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്. മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, കാസർകോട് ജില്ലകളിലാണ് ഏറെ ആശങ്കാജനകം. ഗുരുതര ജലദൗർലഭ്യമുള്ള ബ്ലോക്കുകൾ * കാസർകോട്: കാഞ്ഞങ്ങാട്, കാറഡുക്ക, കാസർകോട്, മഞ്ചേശ്വരം * മലപ്പുറം: മലപ്പുറം, കൊണ്ടോട്ടി, കുറ്റിപ്പുറം, താനൂർ, വേങ്ങര, തിരൂരങ്ങാടി, തിരൂർ * ഇടുക്കി: ഏലംദേശം, കട്ടപ്പന, നെടുങ്കണ്ടം * കണ്ണൂർ: കണ്ണൂർ, പാനൂർ, തലശ്ശേരി * കോഴിക്കോട്: ബാലുശ്ശേരി, കുന്ദമംഗലം * പാലക്കാട്: പട്ടാമ്പി, തൃത്താല, മലമ്പുഴ, ചിറ്റൂർ * കൊല്ലം: മുഖത്തല * തിരുവനന്തപുരം: അതിയന്നൂർ, ചിറയിൻകീഴ്, നെടുമങ്ങാട്, പാറശ്ശാല, പോത്തൻകോട് * തൃശ്ശൂർ: ചൊവ്വന്നൂർ, മതിലകം, തളിക്കുളം * എറണാകുളം: പാറക്കടവ് പരിഹാരം ജലപരിപോഷണം മണ്ണിലേക്ക് വെള്ളമിറക്കാനുള്ള നടപടി സ്വീകരിക്കുകയാണ് പ്രശ്നപരിഹാരം. കിണർ റീച്ചാർജിങ്, മഴക്കുഴി എന്നിവയൊക്കെ ഓരോ വീട്ടിലും ഉറപ്പുവരുത്താനാകണം. ഭൂജലവിതാനം കൂട്ടാതെ ജലദൗർലഭ്യത്തിന് പരിഹാരം കണ്ടെത്താനാകില്ല. -എ. നിസാമുദ്ദീൻ, ഭൂവിനിയോഗ ബോർഡ് കമ്മിഷണർ content highlights: deepwater level in kerala
from mathrubhumi.latestnews.rssfeed https://ift.tt/2JnpjIU
via
IFTTT
No comments:
Post a Comment