തിരുവനന്തപുരം: ഗാർഹികവും ജോലിസംബന്ധവുമായി മാനസിക സംഘർഷം നേരിടുന്ന പോലീസുകാർക്ക് ജനങ്ങളുമായി നേരിട്ടിടപഴകേണ്ട ചുമതലകൾ നൽകരുതെന്ന് പോലീസ് മേധാവിയുടെ നിർദേശം. ഇത്തരക്കാരെ കണ്ടെത്തി അവർക്ക് കൂടുതൽ കരുതൽ നൽകണമെന്നും വേണ്ടിവന്നാൽ കൗൺസലിങ്ങിനു വിധേയമാക്കണമെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് (എസ്.എച്ച്.ഒ.) പോലീസ് മേധാവി നിർദേശംനൽകി. പോലീസുകാരിലെ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിൽ അവർക്കിടയിലെ മാനസിക സമ്മർദം ഒഴിവാക്കാനുള്ള മാർഗനിർദേശങ്ങളും ഇറക്കിയിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നടപടി. മാനസിക സമ്മർദം കുറയ്ക്കാൻ സ്റ്റേഷനുകളിലും ബറ്റാലിയനുകളിലും സ്ഥിരമായി യോഗ പരിപാടികൾ സംഘടിപ്പിക്കാൻ നേരത്തേ നിർദേശം നൽകിയിരുന്നു. പോലീസുകാർക്ക് കൗൺസലിങ്ങിനായി എസ്.എ.പി.യിൽ കൗൺസലിങ് സെന്ററും സജ്ജീകരിച്ചിരുന്നു. ഇതുകൂടാതെയാണ് കൗൺസലിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പോലീസ് സ്റ്റേഷനുകളിലും സജ്ജമാക്കാൻ യൂണിറ്റ് മേധാവിമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. നിർദേശങ്ങൾ സ്പെഷ്യൽ യൂണിറ്റുകൾക്കും എ.പി. ബറ്റാലിയനുകൾക്കും ബാധകമാക്കിയിട്ടുമുണ്ട്. മറ്റു നിർദേശങ്ങൾ * ആഴ്ചയിൽ നാലുദിവസമെങ്കിലും കുറഞ്ഞത് അരമണിക്കൂർ വീതം വ്യായാമത്തിലേർപ്പെടണം. ഇതിൽ യോഗയും ഉൾപ്പെടുത്താം. ഇതിന് ഒരു പ്രാദേശിക യോഗ അധ്യാപകനെയോ വ്യായാമ പരിശീലകനെയോ ഏതാനും ദിവസത്തേക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഏർപ്പാടാക്കണം. * ജോലിസമയത്തുതന്നെ ദ്രുതനടത്തം ഉൾപ്പെടെയുള്ളവ പ്രോത്സാഹിപ്പിക്കണം. അവധിദിനങ്ങളിലും ആഴ്ചയവസാനങ്ങളിലും കായിമത്സരങ്ങൾ സംഘടിപ്പിക്കണം. * ഓരോ സ്റ്റേഷനിലെയും മികച്ച ഉദ്യോഗസ്ഥരെ എസ്.എച്ച്.ഒ.മാർ കണ്ടെത്തി മറ്റുള്ളവർക്ക് മാർഗനിർദേശം നൽകാൻ നിയോഗിക്കണം. മികച്ച ജീവിതം നയിക്കാനും മികച്ച രീതിയിൽ ജോലിചെയ്യാനുമുള്ള മാർഗനിർദേശങ്ങളാകും അവർ നൽകുക. * ജോലിസംബന്ധമായ സംശയങ്ങളും മാർഗനിർദേശകരായി തിരഞ്ഞെടുക്കപ്പെടുന്നവർ ദൂരീകരിക്കും. ഒരു സ്റ്റേഷനിലെ മികച്ച സീനിയർ സിവിൽ പോലീസ് ഓഫീസറെ നാലഞ്ച് സി.പി.ഒ.മാർക്ക് മാർഗനിർദേശം നൽകാൻ ചുമതലപ്പെടുത്താം. ഇതേ രീതിതന്നെ എസ്.ഐ., ഇൻസ്പെക്ടർ, ഡിവൈ.എസ്.പി. തലത്തിലും യൂണിറ്റ് മേധാവികൾ നടപ്പാക്കണം. * മാർഗനിർദേശകരെ തിരഞ്ഞെടുക്കുന്നത് ബുദ്ധിപൂർവമായിരിക്കണം. കഴിവുള്ളവരും ശാന്തരും മികച്ച ആശയവിനിമയ പാടവമുള്ളവരുമായിരിക്കണം മാർഗനിർദേശകർ. content highlights:kerala police, police
from mathrubhumi.latestnews.rssfeed https://ift.tt/2Xx34tX
via
IFTTT
No comments:
Post a Comment