ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം പഠിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി അമേഠിയിലേക്ക്. ബി.ജെ.പി. നേതാവ് സ്മൃതി ഇറാനിയോട് തോറ്റെങ്കിലും കോൺഗ്രസിന്റെ 'കുടുംബമണ്ഡല'ത്തെ കൈവിടില്ലെന്ന സൂചനനൽകിയാണ് ഈ യാത്ര. ഒന്നരപ്പതിറ്റാണ്ടുകാലം പ്രതിനിധാനംചെയ്ത മണ്ഡലത്തിൽ ജൂലായ് 10-നെത്തുന്ന രാഹുൽ പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ല. നേതാക്കളെയും പ്രവർത്തകരെയും കണ്ട് പരാജയത്തിനുപിന്നിലെ കാരണങ്ങൾ നേരിട്ടറിയുകയാണ് ഉദ്ദേശ്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയും അദ്ദേഹത്തിനൊപ്പമുണ്ടാകും. അമേഠിയിൽ രാഹുലിന്റെ തോൽവിപഠിക്കാൻ സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ പ്രതിനിധി കെ.എൽ. ശർമയെയും എ.ഐ.സി.സി. സെക്രട്ടറി സുബൈർ ഖാനെയും നേരത്തേ ചുമതലപ്പെടുത്തിയിരുന്നു. സമാജ്വാദി പാർട്ടിയുടെയും ബി.എസ്.പി.യുടെയും നിസ്സഹകരണമാണ് തോൽവിക്കുപിന്നിലെന്നാണ് ഇവർ റിപ്പോർട്ടുനൽകിയത്. ഇരുപാർട്ടികളും ഇത്തവണ അമേഠിയിൽ സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. തുടർന്ന് പരാജയകാരണങ്ങളെക്കുറിച്ച് നേരിട്ട് പ്രവർത്തകരിൽനിന്ന് മനസ്സിലാക്കണമെന്ന് മനീഷ് തിവാരിയെപ്പോലുള്ള നേതാക്കൾ രാഹുലിനെ ധരിപ്പിച്ചു. പിന്നാലെയാണ് അമേഠി സന്ദർശിക്കാനുള്ള തീരുമാനം. എസ്.പി.ക്കും ബി.എസ്.പി.ക്കും സ്ഥാനാർഥികളില്ലാത്തതിനാൽ അവരുടെ വോട്ട് ബി.ജെ.പി.ക്കുപോയി എന്നുതന്നെയാണിപ്പോഴും അമേഠിയിലെ കോൺഗ്രസ് നേതാക്കൾ കരുതുന്നത്. രാഹുലിന് 2014-ൽ കിട്ടിയ വോട്ടിനെക്കാൾ കൂടുതൽ 2019-ൽ കിട്ടിയിട്ടുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, 2014-ൽ ബി.എസ്.പി.ക്ക് കിട്ടിയ 57,000 വോട്ട് കോൺഗ്രസിന് ലഭിച്ചുമില്ല. അതിനാൽ 55,000 വോട്ടിന് രാഹുൽ തോറ്റു എന്നാണ് നേതാക്കളുടെ വാദം. ഒന്നുകിൽ ദളിത് മുഖം അല്ലെങ്കിൽ യുവരക്തം കോൺഗ്രസ് അധ്യക്ഷനായി ദളിത് വിഭാഗത്തിൽനിന്നുള്ള മുതിർന്ന നേതാവോ അല്ലെങ്കിൽ യുവരക്തമോ വരുമെന്ന് ഏറക്കുറെ ഉറപ്പായി. മുതിർന്ന നേതാവും ദളിത് വിഭാഗത്തിൽനിന്നുള്ളയാളുമായ സുശീൽ കുമാർ ഷിന്ദേ, യുവനേതാവ് സച്ചിൻ പൈലറ്റ് എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. പരിഗണിച്ചിരുന്ന ആറുപേരുകളിലൊന്നായ മീരാകുമാറിനെ ഇപ്പോൾ ആരും പിന്തുണയ്ക്കുന്നില്ല. അടുത്തയാഴ്ച ചേരുന്ന പ്രവർത്തകസമിതിയിൽ യുവാവ് വേണമെന്ന നിർദേശത്തിനാണ് മുൻതൂക്കം ലഭിക്കുന്നതെങ്കിൽ സച്ചിൻ പൈലറ്റോ ജ്യോതിരാദിത്യസിന്ധ്യയോ കോൺഗ്രസ് അധ്യക്ഷനാവും. രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പു ജയിക്കാനുള്ള അടിത്തറപ്രവർത്തനങ്ങൾ നടത്തിയതാണ് സച്ചിന് മുൻതൂക്കം നൽകുന്നത്. മധ്യപ്രദേശിലെ ഗുണയിൽ തോറ്റെങ്കിലും വ്യക്തിത്വവും ആജ്ഞാശക്തിയുമാണ് ജ്യോതിരാദിത്യസിന്ധ്യയെ പരിഗണിക്കുന്നതിനുള്ള കാരണങ്ങൾ. പരിചയസമ്പന്നനെയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അത് ദളിത് വിഭാഗത്തിൽനിന്ന് മാത്രമാവും. ഷിന്ദേയെ കൂടാതെ മല്ലികാർജുൻ ഖാർഗേ, മുകുൾ വാസ്നിക് എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. Content highlights:Rahul Gandhi, Ameti
from mathrubhumi.latestnews.rssfeed https://ift.tt/2LKIAqv
via
IFTTT
No comments:
Post a Comment