തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതിനിരക്ക് കൂട്ടി. വർധന തിങ്കളാഴ്ച നിലവിൽവന്നു. വീട്ടാവശ്യത്തിനുള്ള വൈദ്യുതിയിൽ യൂണിറ്റിന് 25 മുതൽ 40 പൈസ വരെയാണ് റെഗുലേറ്ററി കമ്മിഷൻ കൂട്ടിയത്. ഉപയോഗിച്ചാലും ഇല്ലെങ്കിലും നൽകേണ്ട ഫിക്സഡ് ചാർജിൽ 20 രൂപ മുതൽ അന്പതുരൂപവരെ വർധനയുണ്ടാകും. മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് കൂടില്ല. യൂണിറ്റിന് ഇപ്പോഴത്തെ 1.50 രൂപ തുടരും. ഇത്തരം കുടുംബങ്ങളിൽ അർബുദ രോഗികളോ സ്ഥിരമായി അംഗവൈകല്യം വന്നവരോ ഉണ്ടെങ്കിൽ മാസം നൂറ് യൂണിറ്റുവരെ ഇതേനിരക്കിൽ ഉപയോഗിക്കാം. എൻഡോസൾഫാൻ ദുരിതബാധിതർക്കും മാസം നൂറ് യൂണിറ്റുവരെ 1.50 രൂപയെന്ന സൗജന്യനിരക്ക് നിലനിർത്തി. നിരക്ക് കൂടിയതോടെ വൈദ്യുതി ബോർഡിന് വർഷം 902 കോടിരൂപ അധികം ലഭിക്കുമെന്ന് കമ്മിഷൻ ചെയർമാൻ പ്രേമൻ ദിൻരാജ് അറിയിച്ചു. 1100 കോടി രൂപ കൂടുതലായി കിട്ടുന്ന നിരക്ക് വേണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്. അത് റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചില്ല. വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും നൽകേണ്ട ഫിക്സഡ് ചാർജ് വൻതോതിൽ കൂട്ടണമെന്ന ബോർഡിന്റെ ആവശ്യവും അംഗീകരിച്ചില്ല. ഉയർന്നതോതിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ വർധനയും താഴെത്തട്ടിലെ സ്ലാബുകളിൽ കൂടിയ വർധനയുമാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടത്. എന്നാൽ, കമ്മിഷൻ ഇതിന് വിപരീതമായാണ് തീരുമാനിച്ചത്. കൂടുതൽ ഉപയോഗിക്കാൻ ശേഷിയുള്ളവർ കൂടിയ നിരക്ക് നൽകണമെന്നാണ് കമ്മിഷന്റെ കാഴ്ചപ്പാടെന്ന് ചെയർമാൻ പറഞ്ഞു. വ്യവസായങ്ങൾക്ക് ഹാനികരമാകാത്ത വിധത്തിലാണ് ആ മേഖലയിലെ നിരക്കുകൾ പരിഷ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങളായ കെ. വിക്രമൻ നായർ, എസ്. വേണുഗോപാൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. മാറ്റം ഇങ്ങനെ * വീട്ടാവശ്യം 11.4 ശതമാനം വർധന ഫിക്സഡ് ചാർജ് കൂടി കണക്കിലെടുക്കുമ്പോൾ രണ്ടുമാസത്തെ ബില്ലിൽ 36 മുതൽ 508 രൂപവരെ വർധനയുണ്ടാകും. * ചെറുകിട വ്യവസായങ്ങൾക്ക് (ലോ ടെൻഷൻ) 5.7 ശതമാനം വർധന ഫിക്സഡ് ചാർജ് 20 രൂപവരെയും വൈദ്യുതി നിരക്ക് യൂണിറ്റിന് 15 മുതൽ 30 പൈസവരെയും കൂടും. * വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന വ്യവസായങ്ങൾ (ഹൈടെൻഷൻ) 6.1 ശതമാനം വർധന ഡിമാൻഡ് ചാർജ് 40 രൂപയും വൈദ്യുതിനിരക്ക് 25 പൈസയും കൂടും. * വാണിജ്യസ്ഥാപനങ്ങൾ 3.3 ശതമാനം വർധന ഫിക്സഡ് ചാർജ് 20 രൂപവരെ കൂടും വൈദ്യുതിനിരക്ക് പഴയതുതന്നെ. * എക്സ്ട്രാ ഹൈടെൻഷൻ വ്യവസായങ്ങൾ ഡിമാൻഡ് ചാർജിൽ 40 രൂപ വർധന വൈദ്യുതിനിരക്ക് യൂണിറ്റിന് 30 പൈസ. content highlights:KSEB hikes power tariff
from mathrubhumi.latestnews.rssfeed https://ift.tt/2NHhcN2
via
IFTTT
No comments:
Post a Comment