കൊച്ചി: മുതിര്‍ന്ന നേതാവ് സി.എഫ്. തോമസ് കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാനാകുമെന്നു ചെയര്‍മാന്റെ ചുമതല വഹിക്കുന്ന വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. കോടതിയിലുള്ള കേസ് തീര്‍പ്പായശേഷം പ്രഖ്യാപനമുണ്ടാകുമെന്നു കൊച്ചിയില്‍ കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി യോഗത്തിനുശേഷം ജോസഫ് അറിയിച്ചു.
പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. നിശ്‌ചയിക്കുന്ന സ്‌ഥാനാര്‍ഥിയെ പിന്തുണയ്‌ക്കും. സ്‌ഥാനാര്‍ഥിയെ സംബന്ധിച്ച് മുന്നണിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ അഭിപ്രായം പറയും. ജോസ് കെ. മാണി വിഭാഗം നിഷാ ജോസ് കെ. മാണിയുടെ പേര് ഉയര്‍ത്തുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് യു.ഡി.എഫ്. തീരുമാനിക്കുന്ന സ്‌ഥാനാര്‍ഥി ആരായാലും പിന്തുണയ്‌ക്കുമെന്നായിരുന്നു ജോസഫിന്റെ മറുപടി.
അനധികൃതമായി യോഗം ചേര്‍ന്ന് സ്വയം ചെയര്‍മാനാണെന്നു പ്രഖ്യാപിച്ചവര്‍ തെറ്റുതിരുത്തി തിരികെയെത്തിയാല്‍ യോജിച്ചുപോകാന്‍ തയാറാണെന്നു ജോസഫ് കൂട്ടിച്ചേര്‍ത്തു. അന്നത്തെ യോഗത്തില്‍ പങ്കെടുത്തവരെ ഉന്നതാധികാരസമിതിയിലടക്കം പങ്കെടുപ്പിക്കേണ്ട ആവശ്യമില്ല. അന്ന് ജോസിനൊപ്പം പോയവരില്‍ പലരും മടങ്ങിവരുന്നുണ്ട്. ഭരണഘടനപ്രകാരം ചെയര്‍മാന്റെ അഭാവത്തില്‍ യോഗം വിളിക്കാന്‍ അവകാശം വൈസ് ചെയര്‍മാനാണ്. ഇക്കാര്യങ്ങളെല്ലാം വിസ്‌മരിച്ച് യോഗംവിളിച്ചു തീരുമാനം പ്രഖ്യാപിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും ജോസഫ് പറഞ്ഞു.
നേരത്തെ ജോസ്‌വിഭാഗം കോട്ടയത്ത് സംസ്‌ഥാന സമിതി യോഗം വിളിച്ച് ജോസ് കെ. മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. ഇതിനെതിരേ ജോസഫ് വിഭാഗം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് പി.ജെ. ജോസഫിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതാധികാര സമിതി വിളിച്ചത്. 27 അംഗ സമിതിയിലെ 18 പേര്‍ യോഗത്തില്‍ പങ്കെടുത്തു. പി.ജെ. ജോസഫിനു പുറമെ സി.എഫ്. തോമസ് എം.എല്‍.എ, മുതിര്‍ന്ന നേതാവ് ജോയ് ഏബ്രഹാം, തോമസ് ഉണ്ണിയാടന്‍, ടി.യു. കുരുവിള, മോന്‍സ് ജോസഫ് എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിച്ചു.
from mangalam.com https://ift.tt/327Bxy9
via IFTTT
No comments:
Post a Comment