തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്ക് സംബന്ധിച്ച ശുപാർശ നൽകാൻ വിദ്യാഭ്യാസ മേഖലയിലെ ഗവേഷണത്തിനും പരിശീലനത്തിനുമുള്ള കൗൺസിലായ എസ്.സി.ഇ.ആർ.ടി.യെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തി. ഗ്രേസ് മാർക്കിനെക്കുറിച്ച് സർക്കാർ നാലുമാസത്തിനകം തീരുമാനിക്കണമെന്ന ഹൈക്കോടതി വിധിയുടെകൂടി അടിസ്ഥാനത്തിലാണിത്. ഇതുസംബന്ധിച്ച റിപ്പോർട്ട് വേഗംതരണമെന്ന നിർദേശവും എസ്.സി.ഇ.ആർ.ടി.ക്ക് നൽകി. ഹൈക്കോടതി വിധിയിൽ സർക്കാർ നിയമോപദേശവും തേടുന്നുണ്ട്. പാഠ്യേതര പ്രവർത്തനങ്ങളിലെ മികവിന് ഗ്രേസ് മാർക്ക് വേണ്ടതാണെന്ന കാര്യത്തിൽ സർക്കാരിന് സംശയമില്ല. മറ്റ് സംസ്ഥാനങ്ങളെയും മറ്റുചില ബോർഡുകളെയും അപേക്ഷിച്ച് കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മേന്മയാണത്. പാഠ്യേതരവും സാമൂഹികവുമായ ഇടപെടലുകളെയും പ്രവർത്തനങ്ങളെയും അംഗീകരിക്കുന്നതിനാണ് ഗ്രേസ് മാർക്ക്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടിക്ക് ആ മേഖലയിൽ മികവ് പുലർത്തുന്നതിന് കൂടുതൽ സമയത്തെ പരിശീലനം വേണ്ടിവരും. പഠനസമയത്തിൽ ഇങ്ങനെവരുന്ന കുറവ് നികത്തുന്നതിന് കൂടിയാണ് ഗ്രേസ് മാർക്ക്. സർട്ടിഫിക്കറ്റിൽ ഗ്രേസ് മാർക്ക് പ്രത്യേകം കാണിക്കുന്നതിനുപകരം ആകെ മാർക്കിനൊപ്പം ചേർത്തുനൽകുന്നത് ദേശീയ സ്ഥാപനങ്ങളിലും മറ്റും റാങ്ക് പട്ടിക തയാറാക്കുമ്പോൾ മറ്റ് സംസ്ഥാനക്കാരെ ദോഷകരമായി ബാധിക്കുമെന്ന വിമർശനം നേരത്തേ ഉയർന്നിരുന്നു. ഹയർ സെക്കൻഡറിയിൽ 1200/1200 മാർക്കും ലഭിക്കുന്ന പലർക്കും ഗ്രേസ് മാർക്കാണ് ബലം. ആകെ മാർക്കിനൊപ്പം ഗ്രേസ് മാർക്ക് ചേർക്കുന്നത് ഒഴിവാക്കണമെന്ന് ദേശീയതലത്തിലുള്ള പല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും കേരളത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യങ്ങൾ വിലയിരുത്തിയാകും ഗ്രേസ് മാർക്ക് നൽകുന്ന രീതി എങ്ങനെയാകണമെന്ന ശുപാർശ എസ്.സി.ഇ.ആർ.ടി. നൽകുക. Content Highlights: Grace Mark, Kerala School Education Policy, SCERT Kerala
from mathrubhumi.latestnews.rssfeed https://ift.tt/2XJuOvB
via
IFTTT
No comments:
Post a Comment