തിരുവനന്തപുരം: ദുർമന്ത്രവാദവും കൂടോത്രവും കുറ്റകരമാക്കാനുള്ള കരടുനിയമത്തിന് സംസ്ഥാന നിയമപരിഷ്‌കരണ കമ്മിഷൻ രൂപം നൽകി. അന്ധവിശ്വാസത്തിന്റെ പേരിൽ ശരീരത്തിന് ആപത്തുണ്ടാക്കുന്നവിധം നടത്തുന്ന ആചാരങ്ങൾ കുറ്റകരമാക്കാനാണ് നിർദേശം. നിയമം ലംഘിക്കുന്നവർക്ക് ഏഴുവർഷംവരെ തടവും 50,000 രൂപ പിഴയും ശുപാർശ ചെയ്യുന്നുണ്ട്. അമാനുഷികശക്തി അവകാശപ്പെട്ട് ശാസ്ത്രീയ അടിത്തറയില്ലാത്ത അന്ധവിശ്വാസം പ്രചരിപ്പിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിന് തടയിടുകയാണ് ലക്ഷ്യമെന്ന് കമ്മിഷൻ പറയുന്നു. ശരീരത്തിന് ആപത്തുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ നിയമത്തിൽനിന്നൊഴിവാക്കി.സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് കമ്മിഷൻ കരടുനിയമം തയ്യാറാക്കിയത്. ദുർമന്ത്രവാദം, ചികിത്സാനിഷേധം എന്നിവയിൽ സംസ്ഥാനത്ത് പലരും കൊല്ലപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ സമാനനിയമങ്ങളുള്ളതും നിയമനിർമാണത്തിന് കമ്മിഷനെ പ്രേരിപ്പിച്ചിട്ടുണ്ട്. കുറ്റകരമാക്കേണ്ടവ* ദുർമന്ത്രവാദം, കൂടോത്രം, നഗ്നരായി നടത്തിക്കൽ തുടങ്ങിയവ, അമാനുഷിക ശക്തിയുടെ പേരിൽ ഒരാളുടെ ദൈനംദിന പ്രവൃത്തികൾക്ക് തടസ്സംനിൽക്കൽ, നിധിയന്വേഷണത്തിന്റെ പേരിലുള്ള ഉപദ്രവം.* ശരീരത്തിൽ പ്രേതബാധയുണ്ടെന്ന പേരിൽ ഭീഷണിപ്പെടുത്തലും പേടിപ്പിക്കലും * പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരിൽ ശാരീരികോപദ്രവം ഏൽപ്പിക്കുന്നതിനായി മർദിക്കൽ, കെട്ടിയിടൽ, മുടിപറിച്ചെടുക്കൽ, പൊള്ളിക്കൽ, ലൈംഗികപ്രവൃത്തികൾക്ക് നിർബന്ധിക്കൽ, മൂത്രം കുടിപ്പിക്കൽ തുടങ്ങിയവ.* അമാനുഷിക ശക്തിയുടെ പേരിൽ ചികിത്സതേടുന്നത്, മരണം, ശാരീരികവേദന എന്നിവയുടെ പേരിൽ ഭീഷണിപ്പെടുത്തൽ, സാമ്പത്തിക നഷ്ടമുണ്ടാക്കൽ. * അമാനുഷികശക്തിയെന്നോ അവതാരമെന്നോ തെറ്റിദ്ധരിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുക. * സ്ത്രീകളെ ബലപ്രയോഗത്തിലൂടെ ഒറ്റപ്പെടുത്തൽ, ഗ്രാമത്തിൽ പ്രവേശിക്കുന്നത് തടയുക, ആർത്തവ-പ്രസവാനന്തരം മാറ്റിപ്പാർപ്പിക്കൽ, ആരാധനയുടെ പേരിൽ നഗ്നരായി നടത്തിക്കൽ* മൃഗത്തെയോ പക്ഷിയെയോ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നതിനായി നിർബന്ധിക്കൽ* കവിളിൽ കമ്പിയോ, അമ്പോ തറയ്ക്കുക* കുട്ടിച്ചാത്തന്റെ പേരിൽ വീടിനുകല്ലെറിയുക, ഭക്ഷണമോ വെള്ളമോ മലിനപ്പെടുത്തുക* ചികിത്സ തേടുന്നതിൽനിന്ന് തടയുകയും പകരം മന്ത്ര-തന്ത്രങ്ങൾ, പ്രാർഥന തുടങ്ങിയ ചികിത്സകൾ നൽകുക. നിയമം ബാധകമല്ലാത്തവ* മത, ആത്മീയസ്ഥലങ്ങളിൽ നടക്കുന്ന ആരാധനാരീതികൾ. * പുരാതന സന്ന്യാസിമാരുടെയും പുണ്യാളന്മാരുടെയും പാരമ്പര്യഅറിവുകൾ, കല, ആചാരങ്ങൾ തുടങ്ങിയവ പ്രചരിപ്പിക്കൽ.* മരിച്ചുപോയ സന്ന്യാസിമാരുടെയും വിശുദ്ധന്മാരുടെയും അദ്‌ഭുതങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും അവയുടെ പ്രചാരണവും. മതപ്രഭാഷകരുടെ അദ്‌ഭുതങ്ങൾ സംബന്ധിച്ച് പ്രചാരണം.* വീട്, ക്ഷേത്രം, ക്രിസ്ത്യൻ, മുസ്‌ലിം ദേവാലയങ്ങൾ, മറ്റു മതപരമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന ശരീരത്തിന് ആപത്ത് ഉണ്ടാക്കാത്ത മതാചാരങ്ങൾ.* ഉത്സവങ്ങൾ, പ്രാർഥനങ്ങൾ, ഘോഷയാത്രകൾ തുടങ്ങിയ മതാചാരങ്ങൾ* വഞ്ചനയോ ചൂഷണമോ ഇല്ലാത്തവിധത്തിലുള്ള വാസ്തുശാസ്ത്ര, ജ്യോതിഷ ഉപദേശങ്ങൾ.* സർക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ഏതെങ്കിലും വിധത്തിലുള്ള മതപരമായ ചടങ്ങുകൾ.
from mathrubhumi.latestnews.rssfeed https://ift.tt/2LGb1WW
via
IFTTT
No comments:
Post a Comment