കൊച്ചി : യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്‌റ്റിയായി കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസിനെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തെരഞ്ഞെടുത്തു.
ഇന്നലെ രാവിലെ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടന്ന സുന്നഹദോസില്‍ രഹസ്യ ബാലറ്റിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. സുന്നഹദോസ് തീരുമാനത്തിന് ഈ മാസം 28 നു നടക്കുന്ന യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷന്‍ അനുമതി ലഭിക്കുന്ന മുറയ്‌ക്കു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ അംഗീകാരത്തോടെ അദ്ദേഹം ചുമതലയേല്‍ക്കും. സഭാസമിതികള്‍ വിളിച്ചുചേര്‍ത്തു തുടര്‍ക്രമീകരണങ്ങള്‍ ഉടനെയുണ്ടാകുമെന്നു മീഡിയാ സെല്‍ കണ്‍വീനര്‍ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് അറിയിച്ചു. സുന്നഹദോസ് തീരുമാനത്തിനെതിരായി ഏതെങ്കിലും മെത്രാപ്പോലീത്ത ഈ സ്‌ഥാനത്തേക്ക് മല്‍സരിച്ചാല്‍ അസോസിയേഷന്‍ അംഗങ്ങള്‍ വോട്ടെടുപ്പിലൂടെ മെത്രാപ്പോലീത്തന്‍ ട്രസ്‌റ്റിയെ തെരഞ്ഞെടുക്കും.
മെത്രാപ്പോലീത്തന്‍ ട്രസ്‌റ്റി സ്‌ഥാനിയെ സുന്നഹദോസില്‍ തീരുമാനിക്കട്ടെയെന്ന മാനേജിങ് - വര്‍ക്കിങ് കമ്മിറ്റി യോഗങ്ങളുടെ അഭിപ്രായം കണക്കിലെടുത്തു ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ നല്‍കിയ കത്തിന്റെ അടിസ്‌ഥാനത്തിലാണ് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മാത്രം സുന്നഹദോസ് ചേര്‍ന്നത്. നിലവില്‍ മെത്രാപ്പോലീത്തന്‍ ട്രസ്‌റ്റിയുടെ ചുമതലവഹിക്കുന്ന മൂന്നു മെത്രാപ്പോലീത്തമാരില്‍നിന്നും ഒരാളെ രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുക്കാന്‍ സുന്നഹദോസ് തീരുമാനിക്കുകയായിരുന്നു.
ശ്രേഷ്‌ഠ കാതോലിക്കാ ബാവയാണു മോര്‍ ഗ്രിഗോറിയോസിന്റെ പേരു നിര്‍ദേശിച്ചത്. ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് പിന്താങ്ങി.
20 മെത്രാപ്പോലീത്താമാരാണു സംബന്ധിച്ചത്. എല്ലാവരും വോട്ട് ചെയ്‌തു. ജോസഫ് മോര്‍ ഗ്രിഗോറിയോസിന് 12 വോട്ടും തോമസ് മോര്‍ തീമോത്തിയോസിന് നാല് വോട്ടും ഏബ്രഹാം മോര്‍ സേവേറിയോസിന് മൂന്നുവോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.
from mangalam.com https://ift.tt/2SW2Bwc
via IFTTT
No comments:
Post a Comment