തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്‌ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസി(എം)ല്‍ ഉടലെടുത്ത തര്‍ക്കം പരിഹരിച്ചെങ്കിലും യു.ഡി.എഫില്‍ അസംതൃപ്‌തി പുകയുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്‌ഥാനം സംബന്ധിച്ച് യു.ഡി.എഫ്. സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച്, ഇന്നലെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരത്തില്‍ നിന്നും പ്രമുഖരായ ജോസഫ് വിഭാഗം നേതാക്കളെല്ലാം വിട്ടുനില്‍ക്കുകയും ചെയ്‌തു. തോമസ് ഉണ്ണിയാടന്‍ മാത്രമാണ് പങ്കെടുത്തത്. യു.ഡി.എഫിന്റെ തീരുമാനത്തിലുള്ള അതൃപ്‌തി പിന്നീട് ജോസഫ് പരസ്യമായി പ്രകടിപ്പിച്ചു. പാലായിലടക്കം നിയമസഭാ ഉപ് തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ ഇതു പ്രതിസന്ധിയുണ്ടാക്കുമെന്ന ഭയത്തിലാണ് യു.ഡി.എഫ്.
ബുധനാഴ്‌ച രാത്രി വൈകി വരെ നടന്ന മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ കോണ്‍ഗ്രസ് സ്വീകരിച്ച കര്‍ശന നിലപാടാണ് ഒത്തുതീര്‍പ്പിന് വഴിവച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്‌ഥാനം വേണമെന്ന നിലപാടില്‍നിന്ന് ഒരിഞ്ച് പിന്നാക്കം പോകാന്‍ കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും തയാറായിരുന്നില്ല. ഒത്തുതീര്‍പ്പിന് വഴങ്ങിയില്ലെങ്കില്‍ പ്രസിഡന്റ് സ്‌ഥാനം തങ്ങള്‍തന്നെ ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചു. അതിനുശേഷമാണ് പ്രസിഡന്റ് കാലാവധി പങ്കുവയ്‌ക്കാന്‍ ഇരുപക്ഷവും തയാറായത്. ആദ്യത്തെ അവസരം തങ്ങള്‍ക്ക് വേണമെന്നായിരുന്നു അടുത്ത വാശി. ഇതാണ് ചര്‍ച്ച രാത്രി രണ്ടുമണിവരെ നീട്ടികൊണ്ടുപോയത്.
ഒടുവില്‍ അവശേഷിക്കുന്ന പതിനാല് മാസത്തില്‍ എട്ടുമാസം ജോസ് കെ. മാണി പക്ഷത്തിനും ആറുമാസം ജോസഫ് പക്ഷഃത്തിനും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തില്‍ അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കരാറില്‍ കോണ്‍ഗ്രസ് ഒഴിഞ്ഞുകഴിഞ്ഞാല്‍ പ്രസിഡന്റ് സ്‌ഥാനം സെബാസ്‌റ്റ്യന്‍ കുളത്തിങ്കലിന് നല്‍കാമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. പേരുപറഞ്ഞ് കരാര്‍ ഉണ്ടാക്കിയിരുന്ന സാഹചര്യത്തില്‍ പ്രത്യേക വിഭാഗത്തിനല്ല, ആ വ്യക്‌തിക്കാണ് ആദ്യ ഊഴം നല്‍കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വാദം. മാത്രമല്ല പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ കേരള കോണ്‍ഗ്രസിനുള്ള ആറ് അംഗങ്ങളില്‍ നാലു പേര്‍ ജോസ് കെ. മാണി വിഭാഗക്കാരാണ്.
മുന്നണിക്ക് വേണ്ടി എന്നും ത്യാഗം ചെയ്യുന്ന തങ്ങളെ യു.ഡി.എഫ്. നേതൃത്വം അവഗണിക്കുകയാണെന്ന വികാരമാണ് ജോസഫ്‌പക്ഷം പങ്കുവയ്‌ക്കുന്നത്. രാജ്യസഭാസീറ്റ്, ലോക്‌സഭാ സീറ്റ്, ഇപ്പോള്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്‌ഥാനം എല്ലാം ജോസ് കെ. മാണിയുടെ ആള്‍ക്കാര്‍ക്ക് നല്‍കി യു.ഡി.എഫ്. തങ്ങളെ വഞ്ചിക്കുകയാണെന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്.
കഴിഞ്ഞദിവസം യു.ഡി.എഫ് കൈകൊണ്ട തീരുമാനത്തില്‍ കടുത്ത പ്രതിഷേധത്തിലായ ജോസഫും കൂട്ടരും ഇന്നലെ യു.ഡി.എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധ സമരം ബഹിഷ്‌കരിച്ചു. പി.ജെ. ജോസഫ്, സി.എഫ്. തോമസ്, മോന്‍സ് ജോസഫ് എന്നിവരെല്ലാം സമരത്തില്‍ പങ്കെടുക്കാതെ കോട്ടയത്തേക്ക് തിരിക്കുകയായിരുന്നു. കോട്ടയത്ത് നില്‍ക്കേണ്ടത് അനിവാര്യമായതുകൊണ്ടാണ് പോയതെന്നാണ് ഔദ്യോഗികവിശദീകരണം. എന്നാല്‍ പങ്കെടുത്തില്ലെന്ന് മാത്രമല്ല, കോട്ടയത്ത് ജോസഫ് യു.ഡി.എഫിിനെതിരേ ആഞ്ഞടിക്കുകയും ചെയ്‌തു. അതേസമയം ജോസ് .കെ. മാണി പ്രതിരോധസമരത്തിന്റെ മുന്നില്‍തന്നെയുണ്ടായിരുന്നു. ഉദ്‌ഘാടനവേദിയിലുള്‍പ്പെടെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു.
അതേസമയം തങ്ങള്‍ ഭീഷണി മുഴക്കിയെന്ന വാദം ജോസ് കെ. മാണി തള്ളിക്കളഞ്ഞു. തങ്ങള്‍ക്ക് അത്തരത്തിലൊരു ഭീഷണി ഉയര്‍ത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം വ്യക്‌തമാക്കിയത്. അതുപോലെ ഒരു കരാറും ഇക്കാര്യത്തില്‍ യു.ഡി.എഫുമായി ഉണ്ടാക്കിയിട്ടില്ലെന്നും ജോസ് കെ. മാണി പക്ഷം പറയുന്നു. എട്ടുമാസം കഴിയുമ്പോള്‍ ഈ പ്രശ്‌നം വീണ്ടും യു.ഡി.എഫിന് തലവേദനയാകുമെന്നാണ് പൊതുവില്‍ മുന്നണിവൃത്തങ്ങള്‍ വ്യക്‌തമാക്കുന്നത്.
-ആര്‍. സുരേഷ്
നീതികേട്: പി.ജെ. ജോസഫ്
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ്. തീരുമാനം തെറ്റും നീതികേടുമാണെന്നു പി.ജെ. ജോസഫ്. തീരുമാനം നീതിയുക്‌തമല്ല. ജോസ് കെ. മാണി പക്ഷത്തിനു പദവി നല്‍കിയ യു.ഡി.എഫ്. തീരുമാനം തെറ്റാണ്. ആരാണു ശക്‌തരെന്ന് ഏതാനും ദിവസത്തിനകം തെളിയിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്തിയാണു ജോസ് പക്ഷം പദവി നേടിയെടുത്തത്. മുന്നണി വിടുമെന്ന ജോസ്. കെ.മാണിയുടെ ഭീഷണിക്കു യു.ഡി.എഫ്. നേതൃത്വം വഴങ്ങി. ശരിയല്ലെന്നു ബോധ്യമുണ്ടായിട്ടും അംഗീകരിച്ചതു യു.ഡി.എഫിന്റെ ഐക്യത്തിനു വേണ്ടിയാണ്.
ജില്ലാ പഞ്ചായത്തിനെ തകര്‍ത്തവരുടെ ഭീഷണിക്കു യു.ഡി.എഫ്. വീണ്ടും വഴങ്ങിയതില്‍ കടുത്ത പ്രതിഷേധമുണ്ട്. ന്യായമായ ആവശ്യം അവഗണിച്ചതിലുള്ള പ്രതിഷേധം കോണ്‍ഗ്രസ് നേതാക്കളെയും മുസ്ലിം ലീഗ് നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടിയെയും അറിയിച്ചിട്ടുണ്ട്. ഒന്നിച്ചുനിന്നാല്‍ മാത്രമേ പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാനാവൂ. പാലായിലും അടിയൊഴുക്കുണ്ടാകും. ജില്ലയില്‍ നാളെയും മറ്റെന്നാളും യോഗങ്ങള്‍ നടത്തും.
കെ.എം. മാണി ജീവിച്ചിരുന്നപ്പോള്‍ രണ്ടാംടേം തങ്ങള്‍ക്കാണ് അനുവദിച്ചത്. ആ ധാരണ അട്ടിമറിച്ചു. അതിനു യു.ഡി.എഫ്. കൂട്ടുനില്‍ക്കുകയായിരുന്നു. നിലവില്‍ അവസാന ആറു മാസമാണു തങ്ങള്‍ക്കു പ്രസിഡന്റ് പദം അനുവദിച്ചിരിക്കുന്നത്. അത് ഏറ്റെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ജോസഫ് പറഞ്ഞു. എം.എല്‍.എമാരായ സി.എഫ്. തോമസ്, മോന്‍സ് ജോസഫ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഐക്യം തകര്‍ക്കുന്നു: ജോസ്
കോട്ടയം: യു.ഡി.എഫിലെ ഐക്യം അട്ടിമറിക്കാനുള്ള നീക്കമാണു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പി.ജെ. ജോസഫ് നടത്തിയതെന്നു ജോസ് കെ. മാണി. ആ ശ്രമം പാളിയതിന്റെ നിരാശയാണ് അദ്ദേഹത്തിന്റെ പ്രസ്‌താവനയിലുള്ളത്.
കേരളാ കോണ്‍ഗ്രസിലെ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ യു.ഡി.എഫിലും അന്തഃഛിദ്രമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. വിലപേശലിന്റെയും ഭീഷണിപ്പെടുത്തലിന്റെയും രാഷ്‌്രടീയത്തിനു ശ്രമിച്ചതു ജോസഫാണ്. അതു യു.ഡി.എഫില്‍ വിലപ്പോകില്ലെന്നു വന്നപ്പോള്‍ യു.ഡി.എഫ്. നേതൃത്വത്തെയും കോണ്‍ഗ്രസ് നേതൃത്വത്തെയും പരസ്യമായി അപമാനിച്ചു.പ്രസിഡന്റ് സ്‌ഥാനം സെബാസ്‌റ്റ്യന്‍ കുളത്തിങ്കലിനു ലഭിച്ചതു കെ.എം. മാണി പാര്‍ട്ടി ചെയര്‍മാനായിരുന്നപ്പോള്‍ യു.ഡി.എഫിലുണ്ടാക്കിയ ധാരണയുടെ ഫലമായാണ്. എല്ലാ നീക്കങ്ങളും പാളിയപ്പോള്‍ നുണപ്രചരണത്തിനാണു ജോസഫിന്റെ ശ്രമം. യു.ഡി.എഫില്‍ വിലപേശുകയും മറുവശത്ത് ഇടതുപക്ഷത്തിന്റെ ഭാഗമായ ഫ്രാന്‍സിസ് ജോര്‍ജുമായി നടത്തിയ ചര്‍ച്ചകള്‍ പുറത്തുവന്നതിന്റെ ജാള്യത്തില്‍നിന്നാണ് അദ്ദേഹം അടിസ്‌ഥാനപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തങ്ങളുടെ കൂടെയുണ്ടെന്നു ജോസഫ് അവകാശപ്പെട്ടവര്‍പ്പോലും ജോസഫിന്റെ വിപ്പു പാലിക്കാതെ യു.ഡി.എഫിനു വോട്ട് ചെയ്‌തു. ജോസഫിന്റെ അവകാശവാദം പൊള്ളയാണെന്നു തെളിഞ്ഞു- ജോസ് കെ. മാണി പറഞ്ഞു.
from mangalam.com https://ift.tt/2Y3OU44
via IFTTT
No comments:
Post a Comment