തിരുവനന്തപുരം: ശ്വാസകോശത്തിനു ഗുരുതരരോഗം ബാധിച്ച്, ആശുപത്രിക്കിടക്കയില്‍ വിധിയോടു മല്ലടിക്കുന്ന ''അതുല്യ''പ്രതിഭയ്ക്കായി സംസ്ഥാന കായികവകുപ്പും കായികപ്രേമികളും െകെകോര്‍ക്കുന്നു. ദേശീയ-സംസ്ഥാനതലങ്ങളില്‍ ഹര്‍ഡില്‍സ് മെഡല്‍ ജേതാവായ, കോട്ടയം, പമ്പാവാലി സ്വദേശി അതുല്യ പി. സജിയുടെ ജീവന്‍ രക്ഷിക്കാന്‍ ഹോട്ടല്‍ തൊഴിലാളിയായ പിതാവിന്റെ നെട്ടോട്ടം ഇന്നലെ ''മംഗള''മാണു സമൂഹശ്രദ്ധയിലെത്തിച്ചത്.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കായികവകുപ്പുമന്ത്രി ഇ.പി. ജയരാജന്‍, അതുല്യയുടെ ചികിത്സയ്ക്കായി ആദ്യഘട്ടത്തില്‍ മൂന്നുലക്ഷം രൂപ അനുവദിച്ചു. ശ്വാസകോശം ചുരുങ്ങുന്ന അസുഖവുമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ.സി.യു. വെന്റിലേറ്ററില്‍ കഴിഞ്ഞ അതുല്യയ്ക്കു ഡോക്ടര്‍മാര്‍ അടിയന്തര ലേസര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലും പുട്ടപര്‍ത്തിയിലും മാത്രമാണിതിനു സൗകര്യമുള്ളത്.
ശസ്ത്രക്രിയയ്ക്കായി മകളെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് കൂലിക്കുള്ള 10,000 രൂപ പോലും ഹോട്ടല്‍ തൊഴിലാളിയായ പിതാവ് സജിയുടെ പക്കലുണ്ടായിരുന്നില്ല. അതുല്യയുടെയും കുടുംബത്തിന്റെയും നിസ്സഹായാവസ്ഥ ശ്രദ്ധയില്‍പ്പെട്ട മന്ത്രി ഇ.പി. ജയരാജന്‍ ഇന്നലെ െവെകിട്ടു വകുപ്പുതലയോഗം വിളിച്ചുചേര്‍ത്താണ് അടിയന്തരസഹായമായി മൂന്നുലക്ഷം രൂപ നല്‍കാന്‍ ഉത്തരവിട്ടത്. ഇന്നലെ ഉച്ചയ്ക്കു തിരുവനന്തപുരത്തെത്തിച്ച അതുല്യയെ കിംസ് ആശുപത്രി ഐ.സിയുവില്‍ പ്രവേശിപ്പിച്ചു.
മന്ത്രി നേരിട്ട് ആശുപത്രി അധികൃതരെ വിളിച്ച് ലഭ്യമായ എല്ലാ ചികിത്സയും നല്‍കാന്‍ നിര്‍ദേശിച്ചു. തുടര്‍സഹായവും വിദഗ്ധചികിത്സയും സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കും. അതുല്യയുടെ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ട് മന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മെഴ്‌സിക്കുട്ടന്‍ ആശുപത്രിയിലെത്തി അതുല്യയെ സന്ദര്‍ശിച്ചു. അതുല്യയെ 15 ദിവസം മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണു ശ്വാസംകോശം ചുരുങ്ങുന്നതായി കണ്ടെത്തിയത്.
തിരുവനന്തപുരം ജി.വി. രാജ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ അതുല്യ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സംസ്ഥാന സ്‌കൂള്‍ മീറ്റിലെ സ്വര്‍ണ മെഡല്‍ ജേതാവാണ്. ഡല്‍ഹിയില്‍ നടന്ന കഴിഞ്ഞ ദേശീയമേളയില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ബിരുദപ്രവേശനത്തിനു തയാറെടുക്കുന്നതിനിടെയാണ് അസുഖബാധിതയായത്. കായികപ്രേമികളും അതുല്യയുടെ ചികിത്സയ്ക്കായി സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ്. അവര്‍ കാത്തിരിക്കുന്നു, അവള്‍ ട്രാക്കിലേക്കു തിരികെയത്താന്‍.
അതുല്യക്കു സഹായമെത്തിക്കാന്‍: അക്കൗണ്ട് നമ്പര്‍: 25010100013030
(സിന്ധു സജി),
ബാങ്ക് ഓഫ് ബറോഡ,
കാഞ്ഞിരപ്പള്ളി.
ഫോണ്‍: 9605804802
from mangalam.com https://ift.tt/2YKJWoY
via IFTTT
No comments:
Post a Comment