ഗുരുവായൂർ: പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രവും നഗരവും സമീപപ്രദേശങ്ങളുമെല്ലാം കനത്ത സുരക്ഷാപിടിയിലായി. ക്ഷേത്രപരിസരത്തുള്ള ലോഡ്ജുകളിൽ ശനിയാഴ്ച രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ മുറി ലഭിക്കില്ല. വെള്ളിയാഴ്ച വൈകീട്ട് മുറിയെടുക്കാൻ വന്നവരുടെയെല്ലാം വിശദവിവരങ്ങളും രേഖകളും വാങ്ങിവെച്ചു. ക്ഷേത്രനഗരം മുഴുവൻ പോലീസ് കൈയടക്കിയിരിക്കുകയാണ്. കളക്ടർ ടി.വി. അനുപമ, എ.ഡി.ജി.പി. ഷെയ്ഖ് ദർവേസ് സാഹിബ്, തൃശ്ശൂർ ഐ.ജി. ബൽറാം കുമാർ ഉപാധ്യായ, സിറ്റി പോലീസ് കമ്മിഷണർ യതീഷ് ചന്ദ്ര തുടങ്ങിയവർ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താനെത്തി. ക്ഷേത്രപരിസരത്ത് വലിയ സുരക്ഷാനിയന്ത്രണമുണ്ടെങ്കിലും പ്രധാനമന്ത്രി ക്ഷേത്രത്തിലേക്ക് പോകുന്നതും വരുന്നതും ജനങ്ങൾക്ക് അകലെനിന്നു കാണാം. കിഴക്കേ നടപ്പുരയിൽ മൂന്നാമത്തെ കല്യാണമണ്ഡപത്തിനടുത്ത് കെട്ടുന്ന ബാരിക്കേഡിനടുത്തുവരെ നിൽക്കാം. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിനു തെക്കുഭാഗത്തും ബാരിക്കേഡ് കെട്ടി ആളുകളെ നിയന്ത്രിക്കും. നഗരത്തിലെ എല്ലാ ഭാഗങ്ങളും സ്റ്റീലുകൊണ്ടുള്ള ബാരിക്കേഡുകൾ കെട്ടി സുരക്ഷ കർശനമാക്കിയിരിക്കുകയാണ്. ഗുരുവായൂർ ബസ് സ്റ്റാൻഡിനു മുൻവശം വെള്ളിയാഴ്ച രാത്രി ബാരിക്കേഡ് കെട്ടി അടച്ചു. കഷ്ടിച്ച് ഒരു വണ്ടിക്കു മാത്രം കടന്നുപോകാനുള്ള സ്ഥലമാണ് ഒഴിച്ചിട്ടിരിക്കുന്നത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും മുഴുവൻ സമയവും പരിശോധനയിലായിരുന്നു. മുന്നൂറോളം ഡിവൈ.എസ്.പി.മാരും സി.ഐ.മാരുമടക്കം ആയിരത്തഞ്ഞൂറിലേറെ പോലീസുകാരാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ദർശനം സുഗമമാക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഏർപ്പെടുത്തിയതായി ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചു. ദേവസ്വത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്താനായി ദേവസ്വം കമ്മിഷണർ പി. വേണുഗോപാൽ വെള്ളിയാഴ്ച ഗുരുവായൂരിലെത്തിയിരുന്നു. ദേവസ്വം ചെയ്യുന്ന കാര്യങ്ങൾ പ്രധാനമന്ത്രിയുടെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നിർദേശങ്ങൾക്കനുസരിച്ചു മാത്രം മതിയെന്ന് കമ്മിഷണർ നിർദേശം നൽകി.
from mathrubhumi.latestnews.rssfeed http://bit.ly/2ZeAlGG
via
IFTTT
No comments:
Post a Comment