തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളായ പ്രകാശൻ തമ്പിയും വിഷ്ണുവും ആശുപത്രിയിൽവെച്ച് താനടക്കമുള്ള ബന്ധുക്കളെ അകറ്റാൻ ശ്രമിച്ചെന്ന് ബാലഭാസ്കറിന്റെ അമ്മാവനും വയലിൻ വിദ്വാനുമായ ബി. ശശികുമാറിന്റെ ആരോപണം. ആശുപത്രിയിൽ അവർ പരിചയഭാവംപോലും കാണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുവരെ സ്നേഹത്തോടെ പെരുമാറിയിരുന്ന അവർ തന്നെയും ബാലഭാസ്കറിന്റെ അച്ഛനെയും ഒഴിവാക്കാനാണ് ശ്രമിച്ചത്. അപകടവാർത്തയറിഞ്ഞ് ആശുപത്രിയിൽ എത്തിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് തെളിച്ചുപറയാൻപോലും അവർ തയ്യാറായില്ല. അപകടവിവരം അറിയിക്കാൻപോലും വൈകി -അദ്ദേഹം പറഞ്ഞു. ബാലഭാസ്കറിനൊപ്പം ഇരുവരെയും പലപ്പോഴും കണ്ടിട്ടുണ്ട്. അതുവരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറിയിരുന്ന ഇരുവരുടെയും പെരുമാറ്റത്തിൽ അപകടത്തിനുപിന്നാലെ മാറ്റമുണ്ടായി. ഇരുവരും മറ്റാരുടെയോ നിയന്ത്രണത്തിലായിരുന്നു. ആശുപത്രിയിലെ ഒരു മുറിയിലുണ്ടായിരുന്ന പാലക്കാട് സ്വദേശിയുമായിട്ടാണ് ഇരുവരും ചികിത്സ സംബന്ധിച്ച കാര്യങ്ങളെല്ലാം സംസാരിച്ചിരുന്നത്. ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ബാലുവിന്റെ വിരലടയാളം പകർത്താൻപോലും ശ്രമമുണ്ടായി. നഴ്സാണ് അത് തടഞ്ഞത്. ആശുപത്രി ബില്ലടയ്ക്കാൻ ബാങ്കിൽനിന്നും പണമെടുക്കാൻ വേണ്ടിയെന്നാണ് ഇതിനെ ന്യായീകരിച്ചത് -ശശികുമാർ പറഞ്ഞു. മരിക്കുന്നതിന് തലേന്നാണ് ബാലുവിനെ അവസാനമായി കണ്ടത്. അവ്യക്തമായി എന്തൊക്കെയോ അവൻ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എല്ലാം ഭേദമാകുമെന്ന് ആശ്വസിപ്പിച്ച് തിരിച്ചിറങ്ങി. എന്നാൽ, അത് അവസാന കൂടിക്കാഴ്ചയാകുമെന്ന് കരുതിയില്ല. ബാലുവിന്റെ ആരോഗ്യം ഭേദപ്പെട്ടുവരുന്ന വേളയിലാണ് ഹൃദയാഘാതം ഉണ്ടായത്. അവസാനം ബാലുവിനെ കണ്ടത് പ്രകാശൻ തമ്പിയും പാലക്കാട് സ്വദേശിനിയുമാണ്. ഈ കൂടിക്കാഴ്ചയിൽ ദുരൂഹതയുണ്ട് -ശശികുമാർ പറയുന്നു. പരിക്കേറ്റവരെ വിദഗ്ധചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ നേതൃത്വം നൽകിയതും പ്രകാശൻ തമ്പിയാണ്. ആശുപത്രി തിരഞ്ഞെടുത്തതും പ്രകാശൻ തമ്പിയായിരുന്നു. ബാലഭാസ്കറിന്റെ ബന്ധുക്കളടക്കമുള്ള ഡോക്ടർമാർ മറ്റ് ആശുപത്രികളിലുണ്ട്. ഇതേക്കുറിച്ച് പറഞ്ഞപ്പോൾ തനിക്ക് പരിചയക്കാരുള്ള ആശുപത്രിയാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അപകടത്തിൽപ്പെട്ട കാറിൽനിന്നുള്ള സാധനങ്ങൾ അടുത്തദിവസം പ്രകാശൻ തമ്പിയും വിഷ്ണുവും കൂടിയാണ് ഏറ്റുവാങ്ങിയത്. മരണത്തിനുശേഷം ബാലഭാസ്കറിന്റെ ഭാര്യയെ കാണാൻപോലും ബന്ധുക്കൾക്ക് പ്രകാശൻ തമ്പിയുടെ അനുമതിവേണ്ടിയിരുന്നു. ഇങ്ങനെ അകറ്റിയതാണ് ദുരൂഹതയ്ക്കും സംശയത്തിനും ഇടനൽകുന്നത് -ശശികുമാർ പറഞ്ഞു. content highlights:b sasikumar uncle of balabhaskar responds
from mathrubhumi.latestnews.rssfeed http://bit.ly/2Zg11XV
via
IFTTT
No comments:
Post a Comment