തൊടുപുഴ: നിപ വൈറസ് ബാധ സംശയിക്കുന്ന കോളേജ് വിദ്യാർഥി താമസിച്ച വാടകവീട്ടിലും പഠിച്ചിക്കുന്ന കോളേജിലും ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി. വീടും പരിസരങ്ങളും കുടിവെള്ള സ്രോതസ്സും പരിശോധിച്ച സംഘം വീട്ടുടമയിൽ നിന്നും അയൽവാസികളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തിയാണ് മെഡിക്കൽസംഘം മടങ്ങിയത്. താമസിച്ചത് പരീക്ഷാ ദിവസങ്ങളിൽ രോഗലക്ഷണങ്ങളോടെ കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന യുവാവ് തൊടുപുഴയിലെ കോളേജിലാണ് പഠിച്ചതെന്ന് അറിഞ്ഞപ്പോൾത്തന്നെ ജില്ലാമെഡിക്കൽ ഓഫീസർ എൻ. പ്രിയയുടെ നേതൃത്വത്തിലുള്ള മെഡിക്കൽസംഘം രാവിലെ തന്നെ അവിടെയെത്തി. യുവാവിന്റെ സഹപാഠികളുടെ പേരുവിവരങ്ങൾ ശേഖരിച്ചു. അവരിൽ ആർക്കെങ്കിലും പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടോയെന്ന് അന്വേഷിച്ചു. വൈകീട്ട് മൂന്നോടെയാണ് ഡെപ്യൂട്ടി ഡി.എം.ഒ. പി.കെ. സുഷമയുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാർഥികൾ താമസിക്കുന്ന വീട്ടിലെത്തിയത്. വിദ്യാർഥികൾ പാചകത്തിന് വെള്ളമെടുത്തിരുന്ന കിണർ സംഘം പരിശോധിച്ചു. മറ്റാർക്കും പനിയില്ല പഠിക്കുന്ന കോളേജിനു സമീപമുള്ള വാടകവീട്ടിൽ ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥിയെ കൂടാതെ നാല് കൂട്ടുകാരും താമസിച്ചിരുന്നു. എല്ലാവരും മേയ് 12-ന് വീട്ടിലേക്ക് തിരിച്ചു പോയിരുന്നു. തുടർന്ന് 16-ലെ പരീക്ഷ എഴുതാനാണ് തിരികെയെത്തിയത്. പരീക്ഷ കഴിഞ്ഞപ്പോൾ തന്നെ തിരികെ പോയിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. ഇതിനുശേഷം രോഗലക്ഷണം കാണിച്ച വിദ്യാർഥിയുൾപ്പടെയുള്ളവർ മേയ് 20-നാണ് തൃശ്ശൂരിൽ പരിശീലന പരിപാടിക്ക് പോയത്. യുവാവ് ഉൾപ്പടെ പതിനെട്ടുപേർ ഈ പരിപാടിയിൽ പങ്കെടുത്തു. വിദ്യാർഥിയുടെ കൂടെ താമസിച്ചിരുന്ന മറ്റു നാലു പേരുടെയും ആരോഗ്യസ്ഥിതി അധികൃതർ അന്വേഷിച്ചിരുന്നു. ആർക്കും പനി ലക്ഷണങ്ങളില്ല. ആശുപത്രികളിൽ നിപ അലർട്ട് ജില്ലയിലെ ആശുപത്രികളിൽ നിപ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോളേജിന്റെയും വീടിന്റെയും സമീപപ്രദേശങ്ങൾ ആരോഗ്യ വകുപ്പ് അധികൃതരുടെ നിരന്തര നിരീക്ഷണത്തിലാണ്. വടക്കേക്കരയിലും പറവൂരിലും ജാഗ്രതാനിർദേശം പറവൂർ: വടക്കേക്കര പഞ്ചായത്തിലെ പോളിടെക്നിക് വിദ്യാർഥിക്ക് നിപബാധ സംശയിക്കുന്ന സാഹചര്യത്തിൽ പറവൂരിലും വടക്കേക്കരയിലും പരിസരത്തും ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകി. ജനങ്ങളുടെ ആശങ്കയകറ്റാൻ വടക്കേക്കര പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, മൂത്തകുന്നം ഗവ. ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശോഭ തുടങ്ങിയവർ സംബന്ധിച്ചു. ചൊവ്വാഴ്ച മുതൽ പ്രദേശത്ത് ബോധവത്കരണം നടത്തും. ഡി.എം.ഒ.യുടെ നേതൃത്വത്തിൽ ഉന്നതതലസംഘം ചൊവ്വാഴ്ച വടക്കേക്കര തുരുത്തിപ്പുറത്തെത്തും. കോഴിക്കോടുനിന്നുള്ള ഡോക്ടർമാരുടെ സംഘവും ഇവരോടൊപ്പം ഉണ്ടാകുമെന്ന് അറിയുന്നു. വിദ്യാർഥിയുടെ വീട്ടുകാരുടെയും സുഹൃത്തുകൾ അടങ്ങുന്നവരുടെയും രക്തസാമ്പിളുകൾ പരിശോധിക്കാൻ സാധ്യതയുണ്ട്. പനി ബാധിച്ചശേഷം വീട്ടിലെത്തിയതിനാൽ ബന്ധുക്കളുടെയും ഇടപഴകിയ സുഹൃത്തുക്കളുടെയും രക്തവും ഉമിനീരും മറ്റും ശേഖരിച്ച് പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്ത് ആർക്കും പനിയോ മറ്റുരോഗലക്ഷണങ്ങളോ ഇല്ല. മുൻകരുതലായാണ് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുള്ളതെന്നും പറവൂരിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറഞ്ഞു. വിദ്യാർഥി തൃശ്ശൂരിലെത്തിയത് 20-ന്, 26 പേർ നിരീക്ഷണത്തിൽ തൃശ്ശൂർ: നിപബാധിതനെന്ന സംശയത്താൽ എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി തൃശ്ശൂരിലെത്തിയത് മേയ് 20-ന്. പഠനത്തിന്റെ ഭാഗമായ ഇന്റേൺഷിപ്പ് പരിശീലനത്തിനാണ് ഇവിടെയെത്തിയത്. 21 മുതൽ ടൗണിലെ ഒരു കോളേജിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അർധസർക്കാർ സ്ഥാപനത്തിലായിരുന്നു പരിശീലനം. വാടകയ്ക്ക് വീടെടുത്ത് ആറു കൂട്ടുകാർക്കൊപ്പം മൂന്നു ദിവസം തങ്ങി. പനിയുടെ ലക്ഷണമുണ്ടായിരുന്നു. ഇവിടെവെച്ച് പനി കൂടി. ഇടയ്ക്ക് തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിൽനിന്ന് മരുന്നുവാങ്ങി. കുറയാത്തതിനാൽ മൂന്നാംദിവസം ബന്ധുക്കളെത്തി വടക്കൻ പറവൂരിലെ വീട്ടിലേക്കു കൊണ്ടുപോയി. അവിടെ ആശുപത്രിയിൽ കാണിച്ചിട്ടും കുറയാത്തതിനാൽ പിന്നീട് എറണാകുളത്തെ ആശുപത്രിയിലാക്കി. വിദ്യാർഥിക്കൊപ്പം ഹോസ്റ്റലിൽ താമസിച്ചവർ, തൃശ്ശൂർ ജനറൽ ആശുപത്രി, തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി, എറണാകുളം ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തി. 16 പേരാണ് ക്ലാസിലുണ്ടായിരുന്നത്. ഇവരുടെ മേൽവിലാസം അതത് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നൽകി. ഇവരെ കണ്ടെത്തി നിരീക്ഷിക്കുന്നുണ്ട്. ഇവർക്കുപുറമേ 16 അധ്യാപകരും പനിക്ക് ചികിത്സനടത്തിയ മൂന്ന് ഡോക്ടർമാരും അഞ്ചു ബന്ധുക്കളും നിരീക്ഷണത്തിലാണ്. ഇവരിലാർക്കും ഇതുവരെ പനിലക്ഷണങ്ങൾ ഉണ്ടായിട്ടില്ല. തൃശ്ശൂരിൽ മാത്രം 26 പേർ നിരീക്ഷണത്തിലുണ്ട്. മൊത്തം 52 പേരാണ് നിരീക്ഷണത്തിലുള്ളത്. നിപയുടെ സംശയം രൂക്ഷമായതോടെ തൃശ്ശൂർ ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണ-ചികിത്സാ വാർഡുകൾ തുറന്നു. വിദ്യാർഥിക്ക് രോഗബാധയുണ്ടായത് തൃശ്ശൂരിൽനിന്നല്ലെന്നും ആശങ്കവേണ്ടെന്നും തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. റീന പറഞ്ഞു. content highlights:nipah eranakulam
from mathrubhumi.latestnews.rssfeed http://bit.ly/2WKpXsN
via
IFTTT
No comments:
Post a Comment