വള്ളികുന്നം: വനിതാ സിവിൽ പോലീസ് ഓഫീസർ സൗമ്യയെ മുൻപും പ്രതി അജാസ് കൊല്ലാൻ ശ്രമിച്ചെന്ന് അമ്മ ഇന്ദിര വെളിപ്പെടുത്തി. അതേസമയംവഞ്ചിക്കപ്പെട്ടെന്ന തോന്നലാണ് അജാസിനെ കുറ്റകൃത്യതത്തിന് പ്രേരിപ്പിച്ചതെന്നാണ്പോലീസിന്റെ പ്രാഥമിക നിഗമനം. തൃശ്ശൂർ പോലീസ് അക്കാദമിയിൽ പരിശീലനത്തിനെത്തിയപ്പോൾ മുതൽ സൗമ്യയും പരിശീലകനായിരുന്ന അജാസും തമ്മിൽ അടുത്ത പരിചയമുണ്ടായിരുന്നെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇരുവരും തങ്ങളുടെ ബന്ധത്തെപ്പറ്റി അടുത്ത സഹപ്രവർത്തകരോടുപോലും പങ്കുവച്ചിരുന്നില്ല. പരിശീലനം കഴിഞ്ഞ് ലോക്കൽ പോലീസ് സ്റ്റേഷനിൽ നിയമനം കിട്ടിയശേഷവും ഇതുതുടർന്നു. ഇരുവരും പതിവായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. നേരത്തേ ബാങ്ക് വായ്പയുടെ ബാധ്യത തീർക്കാനായി അജാസ് സൗമ്യയ്ക്ക് ഒന്നരലക്ഷം രൂപ കൊടുത്തിരുന്നു. വിളിക്കുമ്പോഴെല്ലാം സൗമ്യ ഫോണെടുക്കണമെന്നും മറ്റുള്ളവരോട് സംസാരിക്കരുതെന്നും അജാസ് നിർബന്ധം പിടിക്കാറുണ്ടായിരുന്നെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ശല്യം സഹിക്കാതെ വന്നപ്പോൾ സൗമ്യ അമ്മയോടും മൂത്തമകനോടും സംഭവം പറഞ്ഞു. അവരുടെ ഉപദേശം സ്വീകരിച്ച് ഫോൺ സ്വിച്ച്ഓഫ് ചെയ്തു. വള്ളികുന്നം സ്റ്റേഷനിലെ എസ്.ഐ.യോട് സംഭവം സൂചിപ്പിച്ചിരുന്നെന്നാണ് സൗമ്യയുടെ അമ്മ പറയുന്നത്. എന്നാൽ, പോലീസ് ഇത് നിഷേധിച്ചിട്ടുണ്ട്. ഫോണിൽ കിട്ടാതെ വന്നപ്പോൾ അജാസ് സൗമ്യയെ അന്വേഷിച്ച് വള്ളികുന്നത്തെ വീട്ടിലെത്തി. പെട്രോളുമായാണ് വന്നത്. പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ചപ്പോൾ അജാസിന്റെ കാലുപിടിച്ച് കരഞ്ഞാണ് അന്ന് സൗമ്യ രക്ഷപ്പെട്ടതെന്ന് അമ്മ ഇന്ദിര പറഞ്ഞു. തുടർന്ന്, ഷൂസ് ഊരി സൗമ്യയെ അടിച്ചുവീഴ്ത്തിയിട്ടാണ് അജാസ് മടങ്ങിയത്. ഇതിനുശേഷം പണം സൗമ്യ അയാളുടെ ബാങ്ക് അക്കൗണ്ടിൽ ഇട്ടുകൊടുത്തു. അജാസ് ഇത് സൗമ്യയുടെ അക്കൗണ്ടിലേക്കുതന്നെ മടക്കി. പിന്നീട്, സൗമ്യയും അമ്മയും എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെത്തി പണം നേരിട്ടുകൊടുക്കാൻ ശ്രമിച്ചു. അതു നിരസിച്ച അജാസ് സൗമ്യയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. അന്ന് ഓച്ചിറവരെ അജാസ് തന്നെയാണ് കാറിൽ കൊണ്ടുവിട്ടതെന്നും അമ്മ പറയുന്നു. മടങ്ങിപ്പോകുമ്പോൾ ഭീഷണി ആവർത്തിച്ചു. ഇതോടെ അജാസിന്റെ നമ്പർ സൗമ്യ ബ്ലോക്കുചെയ്തു. ഇതിനുശേഷമാണ് ശനിയാഴ്ച കൃത്യമായ ആസൂത്രണത്തോടെ സൗമ്യയെ വകവരുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഐ.ജി. എം.ആർ. അജിത് കുമാർ ഞായറാഴ്ച വള്ളികുന്നത്തെത്തി കേസന്വേഷണം വിലയിരുത്തി. ആക്രമണത്തിനിടെ പൊള്ളലേറ്റ അജാസിന്റെ വൃക്കകളുടെ പ്രവർത്തനം നിലച്ച സ്ഥിതിയിലാണ്. പ്രതിയിൽനിന്ന് മൊഴിയെടുക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഓച്ചിറയിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്. ഭർത്താവ് വള്ളികുന്നം തെക്കേമുറി നാലുവിള ഊപ്പൻവിളയിൽ സജീവൻ ലിബിയയിലാണ്. ബുധനാഴ്ചയോടെ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശവസംസ്കാരം തുടർന്ന് നടക്കും. അജാസിനെതിരേ വകുപ്പുതല നടപടിയെടുക്കും സംഭവത്തിൽ അജാസിനെതിരേ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം. പ്രാഥമിക അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച ലഭിക്കും. വീടുനിർമാണത്തിനെന്ന പേരിൽ രണ്ടാഴ്ച അവധിയിലായിരുന്നു അജാസ്. സൗമ്യ, ദുരന്തം മുൻകൂട്ടിക്കണ്ടു; സാക്ഷിപറയാൻ മകനെ ചുമതലപ്പെടുത്തി വള്ളികുന്നം: അജാസിൽനിന്നുള്ള ആക്രമണം സൗമ്യ മുൻകൂട്ടിക്കണ്ടിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ഫോൺ എടുക്കാത്തതിനെത്തുടർന്ന്, അജാസ് മുമ്പൊരിക്കൽ പെട്രോളുമായി വീട്ടിലെത്തിയതോടെയാണ് ഏതു നിമിഷവും ആക്രമണമുണ്ടാകുമെന്ന് സൗമ്യ ഉറപ്പിച്ചത്. 12 വയസ്സുള്ള മൂത്തമകൻ ഋഷികേശിനോട്, അജാസ് ശല്യം ചെയ്യുന്നതിനെപ്പറ്റി സൗമ്യ പറഞ്ഞിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അജാസാണ് ഉത്തരവാദിയെന്ന്് പോലീസ് മാമന്മരാരെ അറിയിക്കണമെന്ന് മകനോട് ആവശ്യപ്പെട്ടിരുന്നു. അമ്മയുടെ മരണമറിഞ്ഞ് കുടുംബവീട്ടിൽനിന്ന് ശനിയാഴ്ച രാത്രി വള്ളികുന്നത്തെ വീട്ടിലെത്തിയപ്പോൾ ഋഷികേശ് ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചു. ഫോണിൽ നിരന്തരം വിളിച്ചുശല്യപ്പെടുത്തിയിരുന്നതും വിളിക്കരുതെന്ന് അമ്മ താക്കീത് ചെയ്തതുമെല്ലാം കുട്ടിയുടെ മൊഴിയിലുണ്ട്. കേസന്വേഷണത്തിൽ ഇക്കാര്യങ്ങൾ നിർണായകമായിരിക്കുകയാണ്. അമ്മ ഇന്ദിരയോടും സൗമ്യ ഇക്കാര്യങ്ങൾ പങ്കുവെച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരം വീട്ടിൽനിന്ന് പുറത്തേക്ക് സ്കൂട്ടറിൽ ഇറങ്ങുന്നതിനിടെയാണ് അക്രമി സൗമ്യയുടെ മുന്നിലെത്തിയത്. കാർ സ്കൂട്ടറിലേക്ക് ഇടിച്ചുകയറ്റി. അപ്പോൾത്തന്നെ സൗമ്യ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പരിചയമില്ലാത്ത കാർ വീടിനുസമീപം കണ്ടപ്പോഴേ അപകടം മണത്തതിനാലാകാം കാർ തട്ടിയപ്പോൾത്തന്നെ രക്ഷപ്പെടാൻ ശ്രമിച്ചതെന്നാണ് പോലീസ് കരുതുന്നത്. മൊബൈൽഫോൺ പരിശോധിക്കും സൗമ്യയുടെയും അജാസിന്റെയും മൊബൈൽ ഫോണുകൾ പോലീസ് പരിശോധിക്കും. കേസന്വേഷണത്തിന് സഹായകമാകുന്ന വിവരങ്ങൾ സൗമ്യ ഫോണിൽ സൂക്ഷിച്ചിട്ടുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. അതേസമയം, അജാസിന് പൊള്ളലേറ്റത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തമല്ല. പെട്രോൾ ഒഴിച്ചശേഷം ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തിയപ്പോൾ അജാസിന്റെ ശരീരത്തിലും പടർന്നിരിക്കാമെന്നതാണ് ഒരു സാധ്യത. പെട്രോളിൽനിന്ന് വളരെവേഗം തീ പടരാൻ സാധ്യതയുണ്ട്. ഇതിനാൽ അജാസിന്റെ ശരീരത്തേക്കും തീ പടർന്നിട്ടുണ്ടാകം. അല്ലെങ്കിൽ, ആത്മഹത്യചെയ്യാനായി അജാസ് തന്റെ ശരീരത്തും പെട്രോൾ ഒഴിച്ചിരിക്കാം. ഏതായാലും അജാസിന്റെ വസ്ത്രങ്ങൾ ഏകദേശം പൂർണമായും കത്തിപ്പോയിരുന്നു. തലമുടി ഉൾപ്പെടെ കത്തി. സംഭവസ്ഥലത്തും പോലീസ് കസ്റ്റഡിയിലും അജാസ് അക്ഷോഭ്യനായാണ് കാണപ്പെട്ടത്. ആത്മഹത്യാശ്രമത്തിലേക്കാണ് പ്രതിയുടെ ശരീരഭാഷ വിരൽചൂണ്ടുന്നതെന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. content highlights:soumya,ajas,vallikunnam murder
from mathrubhumi.latestnews.rssfeed http://bit.ly/2XSMfWw
via
IFTTT
No comments:
Post a Comment