കൊച്ചി: സി.എ. വിദ്യാർഥിനി മിഷേൽ ഷാജിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് തുടരന്വേഷണത്തിന്. കുറെ നാളായി അന്വേഷണം നിലച്ച മട്ടായിരുന്നു.കാണാതായ ദിവസം കലൂർ പള്ളിയിൽ പോയ മിഷേലിനെ ബൈക്കിൽ പിന്തുടർന്നതായി കരുതുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുനരാരംഭിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിനായി സി.സി.ടി.വി. ദൃശ്യങ്ങൾ സഹിതം പോലീസ് പത്രപ്പരസ്യം നൽകി. 2017 മാർച്ച് അഞ്ചിന് വൈകീട്ടാണ് കൊച്ചിയിലെ ഹോസ്റ്റലിൽനിന്ന് പുറത്തുപോയ മിഷേലിനെ കാണാതായത്. അടുത്ത ദിവസം കൊച്ചി കായലിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഗോശ്രീ പാലത്തിൽനിന്ന് കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു പോലീസിന്റെയും കൈംബ്രാഞ്ചിന്റെയും കണ്ടെത്തൽ. മിഷേലിനെ പള്ളിയിൽനിന്ന് ബൈക്കിൽ പിന്തുടർന്ന രണ്ടുപേരെപ്പറ്റി പോലീസ് അന്വേഷിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. മിഷേലിന്റെ വാച്ചും മോതിരവും മൊബൈൽ ഫോണും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മകളുടെ മരണം ആത്മഹത്യയല്ലെന്ന് വിശ്വസിക്കുന്ന കുടുംബം രണ്ടു വർഷമായി നിയമപ്പോരാട്ടത്തിലാണ്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.നേരത്തെ നടന്ന അന്വേഷണത്തിൽ വിട്ടുപോയ കാര്യങ്ങൾ വിശദമായി പരിശോധിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഇമ്മാനുവൽ പോൾ പറഞ്ഞു. കാണാതായ ദിവസം മിഷേൽ കലൂർ പള്ളിയിൽ പോയിരുന്നു. ഈ സമയം ഇതുവഴി ബൈക്കിൽ രണ്ട് യുവാക്കൾ സഞ്ചരിച്ചതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കേസിന്റെ ആദ്യഘട്ടത്തിൽ ഇവരെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ സാധിച്ചില്ല. അതിനാൽ, ഇവരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.പോലീസ് നൽകിയിരിക്കുന്നത് അവ്യക്തമായ ചിത്രം -മിഷേലിന്റെ അച്ഛൻബൈക്കിൽ മകളെ പിന്തുടർന്നവരുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ സി.സി.ടി.വി. ഹാർഡ് ഡിസ്കിൽ ഉണ്ടായിരുന്നിട്ടും അവ്യക്തമായ ചിത്രമാണ് പോലീസ് പരസ്യത്തിൽ നൽകിയിരിക്കുന്നതെന്ന് മിഷേലിന്റെ അച്ഛൻ ഷാജി വർഗീസ് ആരോപിച്ചു.ബൈക്കിൽ സഞ്ചരിച്ച ഇവരെ കണ്ടെത്തി ചോദ്യം ചെയ്തിരുന്നുവെന്നാണ് ആദ്യം അന്വേഷണ സംഘം അറിയിച്ചത്. എന്നാൽ, അവരിൽനിന്ന് എന്തു വിവരം ലഭിച്ചുവെന്ന് നിരന്തരം ചോദിച്ചതോടെയാണ് ഇവരെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ലെന്ന് മനസ്സിലായത്. മിഷേലിന്റെ കൈകളിൽ പിടിച്ചമർത്തിയതു പോലെയുള്ള പാടുകൾ നീലിച്ചുകിടപ്പുണ്ടായിരുന്നു. ഇത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഷാജി വർഗീസ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://www.mathrubhumi.com/print-edition/kerala/article-1.3880868
via
IFTTT
No comments:
Post a Comment