തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയേറ്റി പുതിയ വെളിപ്പെടുത്തലുകള്‍. സ്വര്‍ണക്കടത്തു കേസില്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പിയും വിഷ്ണുവും പിടിയിലായതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
തങ്ങള്‍ക്ക് സംഭവത്തില്‍ ആദ്യംമുതല്‍ സംശയമുണ്ടായിരുന്നെന്ന ആരോപണവുമായി ബാലഭാസ്‌കറിന്റെ പിതാവും, ബന്ധുവും സുഹൃത്തുമായ പ്രിയ വേണുഗോപാലും രംഗത്തെത്തി. ആരോപണങ്ങള്‍ നീളുന്നത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെകൂടി നേര്‍ക്കാണ്. ബാലഭാസ്‌കറും ലക്ഷ്മിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പിയും വിഷ്ണുവുമായി ലക്ഷ്മിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പ്രിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
പ്രകാശ് തമ്പിയും വിഷ്ണുവുമായി ബാലഭാസ്‌കറിന് സൗഹൃദമില്ലെന്നും ചില പരിപാടികളില്‍ സഹകരിച്ചിട്ടുള്ളതല്ലാതെ മറ്റു ബന്ധുമില്ലെന്നുമായിരുന്നു ലക്ഷ്മി ഫെയ്‌സ്ബുക്കിലൂടെ നടത്തിയ വിശദീകരണം. ബാലഭാസ്‌കറും ഭാര്യയും തമ്മില്‍ ഗുരുതരമായ ദാമ്പത്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും വിവാഹമോചനത്തിന്റെ പടിവാതിലില്‍ വരെയെത്തിയെന്നുമാണ് പ്രിയയുടെ വെളിപ്പെടുത്തല്‍.
ലക്ഷ്മിയുടെ വിദേശയാത്രകള്‍ സംശയാസ്പദമാണെന്നും ബാലഭാസ്‌കര്‍ ആശുപത്രിയില്‍ വച്ചു മരിച്ച അന്ന് നിയന്ത്രണങ്ങള്‍ മറിമറന്ന് ഒരു വ്യക്തി നടത്തിയ സന്ദര്‍ശനം ദുരൂഹമാണെന്നും പ്രിയ ആരോപിക്കുന്നു.
ഉണ്ണിയുടെയും പ്രിയയുടെയും മൊഴികള്‍ ഇന്നു തന്നെ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുമെന്നാണ് സൂചന. സ്വര്‍ണക്കടത്തില്‍ പിടിയിലായ പ്രകാശന്‍തമ്പിയും സഹായി വിഷ്ണുവുമായി നിരവധി സാമ്പത്തിക ഇടപാടുകള്‍ ബാലഭാസ്‌കറിനുണ്ടായിരുന്നുവെന്നാണ് സൂചന.
അപകടസമയത്തു രണ്ടുപേരെ സംശയാസ്പദമായ രീതിയില്‍ കണ്ടെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും ഗൗരവകരമാണ്. സംഭവസമയത്തു ബാലഭാസ്‌കറിന്റെ ഒപ്പമുണ്ടായിരുന്ന ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്റെയും മൊഴി വീണ്ടുമെടുക്കും.
പ്രിയ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഉയര്‍ത്തുന്ന സംശയങ്ങള്‍
* എല്ലാ ഡോക്ടര്‍മാരോടും അപേക്ഷിച്ച് ഒടുവില്‍ പൂര്‍ണ നിയന്ത്രണം വരുത്തിയ അന്ന് മറ്റേതോ വഴിയിലൂടെ ബാലു(ബാലഭാക്‌സര്‍) വിനെ ഒടുവില്‍ കണ്ടത് ആര്? ആ വ്യക്തി എന്തെങ്കിലും അരുതാത്തത് പറഞ്ഞിട്ടാണോ അതുവരെ നോര്‍മല്‍ ആയിരുന്ന ബാലുച്ചേട്ടന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്?
* ബാലുവിന്റെ മരണം സംഭവിക്കുന്നതിന്റെ അന്ന് പകല്‍ അവിടെയുണ്ടായിരുന്ന ആ സ്ത്രീ (പാലക്കാട് പൂന്തോട്ടം - ലത)രാത്രിയോടെ സ്ഥലം വിട്ടത് എന്തിന്?
* ബാലുവിന്റെയും ഭാര്യയുടെയും മകളുടെയും ഈ അവസ്ഥയ്ക്ക് കാരണമായ അപകടം ആദ്യമറിഞ്ഞതും കുടുംബത്തെ അറിയിച്ചതും ആര് ?
* മേല്‍പ്പറഞ്ഞ സ്ത്രീയുടെ അടുത്ത ബന്ധുവാണ് (സോഹദരന്റെ മകന്‍) ആണ് കാറോടിച്ച അര്‍ജുന്‍ എന്നത് ചര്‍ച്ചയാവാത്തതു എന്തുകൊണ്ട്?
* ആ യാത്ര മകള്‍ക്കു വേണ്ടിയുള്ള വഴിപാടിനെന്ന പേരില്‍ ആക്കി തീര്‍ത്തതും, ലക്ഷ്മിക്ക് മാസമുറ ആയിരുന്നതിനാല്‍ ക്ഷേത്രത്തില്‍ പോകാന്‍ പോലും കഴിഞ്ഞിരുന്നില്ല എന്നത് പറയാത്തതും, ഹോട്ടലില്‍ എടുത്ത റൂം ഒഴിഞ്ഞു രാത്രി തന്നെ തിരിക്കണം എന്ന് തീരുമാനിച്ചതും ആര്?
* ലക്ഷ്മിയുടെ ബാഗില്‍ അന്ന് ഉണ്ടായിരുന്ന കുറെയധികം പണവും സ്വര്‍ണാഭരണങ്ങളും ആരുടേത്, എവിടെ നിന്ന്? സ്വന്തമെങ്കില്‍ ഒരു ദിവസത്തെ യാത്രക്ക് ഇത്രയധികം എന്തിനു കൊണ്ട് പോയി? ഈ സ്വര്‍ണത്തിനു ഇപ്പോഴത്തെ ഈ കള്ളക്കടത്തു കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ? ബാലു പരിപാടികള്‍ക്ക് വിദേശങ്ങളില്‍ പോകുമ്പോള്‍ പ്രത്യേകിച്ചും, ലക്ഷ്മി പലതവണ വിഷ്ണുവിനോടൊപ്പവും ലതയോടൊപ്പവും, തിരുവനന്തപുരത്തുനിന്ന് യാത്രകള്‍ നടത്തിയതുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടോ?
* പരുക്കുകളുടെയും പൊട്ടലുകളുടെയും സ്വഭാവം വച്ച് ഡോക്ടര്‍ തന്നെ കൃത്യമായി സാധ്യതകള്‍ ചൂണ്ടിക്കാണിക്കുമ്പോഴും ബാലു ആണ് വണ്ടിയോടിച്ചതു എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതാര്?
* അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്താതെ പോയത് ആരുടെ ശ്രമഫലമായാണ്?
* ഓര്‍മയും ബോധവും തിരിച്ചു കിട്ടിയ ലക്ഷ്മിയെ കണ്ട ബാലുവിന്റെ ബന്ധുക്കളോട് കാണാന്‍ താല്‍പ്പര്യമില്ല എന്ന മട്ടില്‍ ലക്ഷ്മി ഉണര്‍ന്നു നോക്കിയിട്ടും വീണ്ടും ഉറക്കം നടിച്ചതെന്തുകൊണ്ട്?
* ബാലുവിന്റെ മരണശേഷം ബലിക്രിയകള്‍ക്കു പോലും ബാലുവിന്റെ രക്തബന്ധുക്കളെ വീട്ടില്‍ കയറ്റാത്തതു എന്ത് കൊണ്ട്?
* ബാലുവിന്റെ ലക്ഷങ്ങള്‍ വിലയുള്ള വയലിനുകള്‍ ബാലുവിന്റെ അമ്മയോടോ ഗുരുവിനോടോ പോലും ചോദിക്കാതെ വില്‍ക്കാന്‍ തീരുമാനിച്ചതാര്?
* വിഷ്ണുവിനെയും തമ്പിയെയും ചുരുക്കം ചില പ്രോഗ്രാമുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പരിചയം മാത്രം, അടുപ്പമില്ല എന്ന മട്ടില്‍ ലക്ഷ്മി ഫേസ്ബുക് പോസ്റ്റ് ഇട്ടെങ്കിലും, ബാലുവിന്റെ ബെന്‍സ് കാര്‍, ഫോണ്‍, എടിഎം കാര്‍ഡുകള്‍ ഇവയെലാം ആക്‌സിഡന്റ് നടന്നപ്പോള്‍ മുതല്‍ െകെവശം വച്ചിരുന്നത് ലക്ഷ്മിയുടെ അനുമതിയോടെ തമ്പിയല്ലേ? ആശുപത്രി റിവ്യൂസിനു ലക്ഷ്മിയെ കൊണ്ടുപോയിരുന്നതും എല്ലാം വാങ്ങിക്കൊടുത്തിരുന്നതും വിഷ്ണുവല്ലേ?
ബാലഭാസ്‌കര്‍ എന്ന കലാകാരനു അപകടം നടന്നപ്പോള്‍ മുതല്‍ ഞങ്ങള്‍ സാക്ഷിയാകേണ്ടി വന്ന അനേകം നാടകങ്ങള്‍ക്ക് ഇപ്പോള്‍ വന്ന ഈ സ്വര്‍ണക്കള്ളക്കടത്തു കേസുമായി ബന്ധമുണ്ടോ എന്ന് ഞങ്ങളിന്നു സംശയിക്കുന്നു. ആദ്യദിവസം മുതല്‍ ഞങ്ങള്‍ സംശയിച്ചിരുന്ന ആളുകള്‍ തന്നെ ഈ കേസില്‍ അപ്രതീക്ഷിതമായി പ്രതിസ്ഥാനത്തു വരുമ്പോള്‍ ഇതെല്ലാം തമ്മില്‍ ബന്ധമില്ല എന്ന് വിശ്വസിക്കാന്‍ ആവുന്നില്ല.
ലക്ഷ്മിയെ സംരക്ഷിച്ചിരുന്നതും ലക്ഷ്മി സംരക്ഷിച്ചിരുന്നതും ഇതേ ആള്‍ക്കാരാണ് എന്നുകൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് ഇത്രയും കാലമായി ഞങ്ങള്‍ കരുതിയിരുന്നതിനും അപ്പുറമാണ് യാഥാര്‍ഥ്യം എന്ന് ഞങ്ങള്‍ക്ക് തോന്നുന്നത് എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
from mangalam.com http://bit.ly/2HT4iqk
via IFTTT
No comments:
Post a Comment