ദുബായ്: ഒരാഴ്ചത്തെ അവധിനൽകിയ സന്തോഷവും പെരുന്നാളാഘോഷവുമെല്ലാം പാരമ്യത്തിലെത്തിനിൽക്കേ വ്യാഴാഴ്ച ഉണ്ടായ ബസ്സപകടത്തിന്റെ വാർത്ത ദുബായിയെ ഉലച്ചു. അടുത്തകാലത്തൊന്നും ഇത്രയും വലിയൊരു വാഹനാപകടം ദുബായിൽ ഉണ്ടായിട്ടില്ല. പതിനഞ്ചുപേർ അപകടസ്ഥലത്തും രണ്ടുപേർ റാഷിദ് ആശുപത്രിയിലുമാണ് മരിച്ചത്. ബസിൽ യാത്രചെയ്തവരുടെ ബന്ധുക്കളുടെ നിലവിളികളും കണ്ണീരുംകാരണം റാഷിദ് ആശുപത്രിയിൽ വികാരനിർഭര രംഗങ്ങളാണുണ്ടായത്. മരിച്ച പലരെയും ഏറെ വൈകിയാണ് തിരിച്ചറിഞ്ഞത്. ഏതാനും ചിലർകൂടി ചികിത്സയിലുണ്ട്. നിസ്സാരപരിക്കുകളോടെ പ്രവേശിപ്പിക്കപ്പെട്ട നാലുപേർ വെള്ളിയാഴ്ച വൈകീട്ട് ആശുപത്രി വിട്ടു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ ജനറൽ വിപുലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ദുബായിലെ സാമൂഹികപ്രവർത്തകരും മരിച്ചവരുടെ വിവരങ്ങൾ സ്ഥിരീകരിക്കാനായി രാത്രി വൈകുംവരെ ആശുപത്രിപരിസരത്തുണ്ടായിരുന്നു. എട്ടുമലയാളികൾ ഉൾപ്പെടെ പന്ത്രണ്ട് ഇന്ത്യക്കാർ മരിച്ച കാര്യം കോൺസൽ ജനറൽ വെള്ളിയാഴ്ച ഉച്ചയോടെ സ്ഥിരീകരിച്ചു. ട്വിറ്ററിൽ വിശദവിവരങ്ങളും പങ്കുവെച്ചു. വ്യാഴാഴ്ച സന്ധ്യയോടെ ആരംഭിച്ച രക്ഷാപ്രവർത്തനങ്ങളിലും തിരിച്ചറിയൽപ്രക്രിയയിലും ഒട്ടേറെ സാമൂഹികപ്രവർത്തകർ പങ്കാളികളായിരുന്നു. പുലർച്ചെ അല്പം വിശ്രമിക്കാനായി മടങ്ങിയ ഉദ്യോഗസ്ഥരും സാമൂഹികപ്രവർത്തകരും കാലത്ത് ഒമ്പതരയോടെ തിരിച്ചെത്തിയാണ് മറ്റുള്ളവരുടെ തിരിച്ചറിയൽകൂടി പൂർത്തിയാക്കിയത്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും സഹമന്ത്രി വി. മുരളീധരനും ഉദ്യോഗസ്ഥരുമായി ഫോണിൽ സ്ഥിതിഗതികൾ ചർച്ചചെയ്തു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനും അവർ നിർദേശങ്ങൾ നൽകി. ഒമാനിൽ കൂട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം പെരുന്നാളാഘോഷിച്ച് വരുന്നവരായിരുന്നു ബസിലെ യാത്രക്കാരിൽ ഏറെയും. അഞ്ചരമണിക്കൂറിലേറെ നീളുന്ന റോഡ് യാത്രയാണ് ദുബായ്-മസ്കറ്റ് ബസ് സർവീസ്. ഒമാന്റെ ബസ് ശൃംഖലയായ മുവാസലാത്ത് ദുബായ് ആർ.ടി.എ.യുമായി സഹകരിച്ചാണ് ഈ സർവീസ് നടത്തിവരുന്നത്. അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ മുവാസലാത്ത് അധികൃതർ ഈ പാതയിലെ ബസ് സർവീസ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി അറിയിച്ചു Content Highlights:dubai bus accident
from mathrubhumi.latestnews.rssfeed http://bit.ly/2MyIfth
via
IFTTT
No comments:
Post a Comment