മാര്‍ ആലഞ്ചേരിക്ക്‌ പൂര്‍ണ ഭരണച്ചുമതല : എറണാകുളം-അങ്കമാലി സഹായമെത്രാന്മാരെ മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 27, 2019

മാര്‍ ആലഞ്ചേരിക്ക്‌ പൂര്‍ണ ഭരണച്ചുമതല : എറണാകുളം-അങ്കമാലി സഹായമെത്രാന്മാരെ മാറ്റി

കൊച്ചി : സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ എറണാകുളം-അങ്കമാലി അതിരൂപതയുടെ പൂര്‍ണ ഭരണച്ചുമതല ഫ്രാന്‍സിസ്‌ മാര്‍പാപ്പ തിരികെ നല്‍കി. സഹായമെത്രാന്മാരായ മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്ത്‌, മാര്‍ ജോസ്‌ പുത്തന്‍വീട്ടില്‍ എന്നിവരെ നീക്കി. അതിരൂപതയുടെ അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്ററായിരുന്ന മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ പാലക്കാട്‌ രൂപതാ ബിഷപ്പായി തുടരും.
ബുധനാഴ്‌ച വൈകിട്ട്‌ സിറോ മലബാര്‍ സഭാ ആസ്‌ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിലാണ്‌ വത്തിക്കാനില്‍നിന്നുള്ള അറിയിപ്പ്‌ എത്തിയത്‌. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്നു നഷ്‌ടപ്പെട്ട എറണാകുളം-അങ്കമാലി അതിരൂപതാധ്യക്ഷ സ്‌ഥാനമാണു മാര്‍ ആലഞ്ചേരിക്കു തിരിച്ചുകിട്ടിയത്‌. അഡ്‌മിനിസ്‌ട്രേറ്ററുടെ ചുമതല അവസാനിച്ച പശ്‌ചാത്തലത്തിലാണു മാര്‍ മനത്തോടത്ത്‌ ഒഴിയുന്നതെന്നാണു വത്തിക്കാന്റെ അറിയിപ്പ്‌.
അധികാരത്തില്‍ തിരിച്ചെത്തിയതിനു തൊട്ടുപിന്നാലെ മാര്‍ ആലഞ്ചേരി അതിരൂപതയ്‌ക്കു വികാരി ജനറാളിനെ നിയമിച്ചു. ആലുവ സെന്റ്‌ ഡൊമിനിക്‌ പള്ളി വികാരിയായിരുന്ന റവ. ഡോ. ജോസ്‌ പുതിയേടത്തിനാണു ചുമതല. അദ്ദേഹം നേരത്തേ അതിരൂപതാ ചാന്‍സലര്‍, വിശ്വാസപരിശീലന/ബൈബിള്‍ അപ്പസ്‌തോലേറ്റ്‌ വിഭാഗങ്ങളുടെ ഡയറക്‌ടര്‍, സിറോ മലബാര്‍ വിശ്വാസ പരിശീലന കമ്മിഷന്‍ സെക്രട്ടറി, എറണാകുളം/തൃപ്പൂണിത്തുറ ഫൊറോനകളുടെ വികാരി ചുമതലകള്‍ വഹിച്ചിട്ടുണ്ട്‌.
ചുമതലയില്‍നിന്നു നീക്കിയ സഹായമെത്രാന്മാരുടെ ഭാവി സംബന്ധിച്ച്‌ ഓഗസ്‌റ്റില്‍ ചേരുന്ന സഭാ സിനഡ്‌ തീരുമാനമെടുക്കണമെന്നാണു വത്തിക്കാന്റെ നിര്‍ദേശം. സിനഡ്‌ ചേരുന്നതുവരെ അതിരൂപതയുടെ ഭരണനിര്‍വഹണത്തില്‍ കര്‍ദിനാള്‍ സ്‌ഥിരം സിനഡുമായി കൂടിയാലോചന നടത്തണം.
സഭയുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഇക്കാലയളവില്‍ സ്വീകരിക്കണം. മാര്‍പാപ്പയുടെ കല്‍പനയുടെ വിശദീകരണമെന്ന നിലയില്‍ റോമിലെ പൗരസ്‌ത്യസഭകള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്‌റ്റ്‌ കര്‍ദിനാള്‍ മാര്‍ ലെയനാര്‍ദോ സാന്ദ്രിയാണ്‌ ഇക്കാര്യങ്ങള്‍ അതിരൂപതാ ആസ്‌ഥാനത്തെ അറിയിച്ചത്‌.
എറണാകുളം-അങ്കമാലി അതിരൂപതയിലെ കുരിയായിലെ നീയമനങ്ങള്‍ സിനഡുമായി ആലോചിച്ച്‌ നടപ്പാക്കാന്‍ കര്‍ദിനാളിനു പൂര്‍ണ അധികാരമുണ്ടായിരിക്കും. ഓഗസ്‌റ്റിലെ സിനഡിനു ശേഷമായിരിക്കും പൂര്‍ണമായ പുനഃക്രമീകരണം നടത്തുക.
അതിരൂപതയുടെ പ്രതിമാസ ബജറ്റും സ്‌ഥാവര ജംഗമവസ്‌തുക്കളുടെ നടത്തിപ്പ്‌ സംബന്ധിച്ച രേഖകളും മാര്‍ ആലഞ്ചേരി സ്‌ഥിരം സിനഡിനു കൈമാറണം.
അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ നിയമിച്ച കമ്മിഷന്റെ റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും സിനഡ്‌ ചര്‍ച്ച ചെയ്യുമെന്നാണു വത്തിക്കാന്റെ പ്രതീക്ഷ. ഇതോടെ ഇപ്പോഴുള്ള ഭിന്നതയ്‌ക്കു പരിഹാരമുണ്ടാക്കാന്‍ കെ.സി.ബി.സി. മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷയും വത്തിക്കാന്‍ പ്രകടിപ്പിച്ചതായി സിറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ ജോസഫ്‌ പാംപ്ലാനി അറിയിച്ചു.

സഹായമെത്രാന്മാര്‍ അരമന വിട്ടു

കൊച്ചി: നാടകീയമായാണു കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ തലവനായി തിരിച്ചെത്തിയത്‌.
വത്തിക്കാനില്‍നിന്നുള്ള അറിയിപ്പ്‌ ബുധനാഴ്‌ച വൈകിട്ടു കാക്കനാട്‌ സെന്റ്‌ തോമസ്‌ മൗണ്ടിലെ സഭാ ആസ്‌ഥാനത്തു ലഭിച്ചയുടന്‍ അദ്ദേഹം എറണാകുളം ബ്രോഡ്‌വേയിലുള്ള ബിഷപ്‌സ്‌ ഹൗസിലെത്തി. സഹായമെത്രാന്മാര്‍ക്കും അരമനയിലെ വൈദികര്‍ക്കുമൊപ്പം അത്താഴം കഴിച്ചു. അധികാരമേല്‍ക്കാന്‍ എത്തിയതാണെന്ന വിവരം ഇന്നലെ രാവിലെയാണ്‌ സഹായമെത്രാന്മാരെപ്പോലും അറിയിച്ചത്‌. തുടര്‍ന്നു കൂരിയയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്‌തു.
ഒരു പരിപാടിക്കായി ബുധനാഴ്‌ച രാത്രി കോട്ടയത്തേക്കു തിരിച്ച സഹായമെത്രാന്‍ മാര്‍ ജോസ്‌ പുത്തന്‍വീട്ടില്‍ ബിഷപ്‌സ്‌ ഹൗസിലേക്കു മടങ്ങിയില്ല. എറണാകുളത്തു തിരിച്ചെത്തിയ അദ്ദേഹം ആലുവ ചുണങ്ങംവേലിയിലുള്ള സഭാസ്‌ഥാപനമായ നിവേദിതയില്‍ തങ്ങി. സഹായമെത്രാന്‍ മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്ത്‌ ഇന്നലെ രാവിലെ കാഞ്ഞൂര്‍ പാറപ്പുറത്തുള്ള സഭാസ്‌ഥാപനമായ ഐശ്വര്യഗ്രാമത്തിലേക്കു താമസംമാറ്റി.



from mangalam.com https://ift.tt/2FA3x3S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages