മാവേലിക്കര: വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് പോലീസുകാരിയായ സൗമ്യയെ അജാസ് ചുട്ടുകൊല്ലാന്‍ കാരണമെന്ന് സൗമ്യയുടെ അമ്മയുടെ മൊഴി. സൗമ്യയെ അജാസ് വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നതായും മുന്‍പും പെട്രോളൊഴിച്ചു കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അമ്മ ഇന്ദിര പോലീസിനു മൊഴി നല്‍കി. വള്ളികുന്നം പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ ആയ സൗമ്യ പുഷ്പാകരനും അജാസും സൗഹൃദത്തിലാകുന്നത് തൃശൂരിലെ പോലീസ് ട്രെയിനിങ് ക്യാമ്പില്‍ വച്ചാണ്. സൗമ്യയുടെ പരിശീലകനായിരുന്നു അജാസ്.
മൂന്നുകുട്ടികളുടെ അമ്മയാണ് സൗമ്യ. സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും അജാസ് ഭീഷണിപ്പെടുത്തിയതായി ഇന്ദിര പറയുന്നു. അജാസ് നിരന്തരം ശല്യപ്പെടുത്തുമായിരുന്നെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസാണെന്നും ഇക്കാര്യം പോലീസിനോട് പറയണമെന്നും അമ്മ പറഞ്ഞതായി സൗമ്യയുടെ മൂത്തമകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ഋഷികേശും മൊഴി നല്‍കിയിട്ടുണ്ട്.
സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ പൂര്‍ത്തിയാക്കി. അരയ്ക്ക് മുകളിലോട്ടു പൊള്ളലേറ്റ അജാസ് പോലീസ് കസ്റ്റഡിയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് അമ്മയുടെ മൊഴി. സൗമ്യ അജാസില്‍നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതു തിരികെ നല്‍കിയെങ്കിലും അജാസ് സ്വീകരിച്ചില്ല. തുടര്‍ന്ന് സൗമ്യ പണം അജാസിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെങ്കിലും അജാസ് പണം തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്ക് അയച്ചു.
തുടര്‍ന്ന് സൗമ്യ അമ്മയ്‌ക്കൊപ്പം എറണാകുളത്തെത്തി അജാസിനെ നേരില്‍ കണ്ട് പണം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ പണം വാങ്ങാന്‍ തയാറാകാതെ സൗമ്യയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എറണാകുളത്തുനിന്നു സൗമ്യയെയും അമ്മയെയും തിരികെ കാറില്‍ കൊണ്ടുവിട്ടത് അജാസായിരുന്നു. ഒരു വര്‍ഷമായി അജാസില്‍നിന്ന് നിരന്തരഭീഷണി നേരിട്ടിരുന്നതായി അമ്മയുടെ മൊഴിയിലുണ്ട്. അജാസ് മുമ്പും വീട്ടിലെത്തി സൗമ്യയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്.
സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും അജാസ് ഭീഷണിപ്പെടുത്തിയിരുന്നു. അജാസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാന്‍ സൗമ്യ ശ്രമിച്ചിരുന്നു. അജാസിന്റെ ഫോണ്‍ സൗമ്യ ബ്ലോക്കും ചെയ്തു. ഇതിനുശേഷം മറ്റു നമ്പറുകളില്‍നിന്ന് ഫോണ്‍ വിളിച്ച് അജാസ് ഭീഷണിപ്പെടുത്തുമായിരുന്നെന്നും മൊഴിയില്‍ പറയുന്നു. അജാസില്‍നിന്ന് ഭീഷണിയുണ്ടെന്ന് വള്ളികുന്നം എസ്.ഐയെ സൗമ്യ മൂന്നു മാസം മുമ്പ് അറിയിച്ചുവെന്നാണ് അമ്മ പറയുന്നത്. എന്നാല്‍ ഭീഷണിയെപ്പറ്റി പോലീസിനോട് സൗമ്യ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് വള്ളികുന്നം എസ്.ഐ പറയുന്നത്. കൊലപാതകശേഷമാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതെന്നും എസ്.ഐ പറഞ്ഞു.
from mangalam.com http://bit.ly/2MQRXay
via IFTTT
No comments:
Post a Comment