ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ കഴിഞ്ഞ ഫെബ്രുവരി 14-ന് സി.ആർ.പി.എഫ്. വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ സജ്ജദ് മഖ്ബൂൽ ഭട്ടടക്കം രണ്ടുഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ ഗുരുതരപരിക്കേറ്റ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ഭീകരരുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് അനന്ത്നാഗിലെ ബിജ്ബെഹാരയിൽ തിരച്ചിൽ നടത്തിയ സൈന്യത്തിനുനേരെ ഭീകരർ വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനികൻ അനിൽ ജസ്വാളിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുൽവാമ ആക്രമണത്തിൽ ചാവേറിനെ നിയോഗിക്കുകയും നിയന്ത്രിക്കുകയും ചെയ്തതെന്നു സംശയിക്കുന്ന തൗസീഫ് ഭട്ട് ആണ് കൊല്ലപ്പെട്ട മറ്റൊരു ഭീകരൻ. ഇരുവരും പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് അംഗങ്ങളാണ്. ഒട്ടേറെ ഭീകരാക്രമണകേസുകളിൽ പ്രതിയായ സജ്ജദിനെ പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി തിരഞ്ഞുവരികയായിരുന്നു. പുൽവാമ ആക്രമണത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ച കാർ സജ്ജാദിന്റേതാണെന്ന് എൻ.ഐ.എ. നേരത്തേ കണ്ടെത്തിയതോടെ ഒളിവിൽ പോകുകയായിരുന്നു. ഒരു ഭീകരൻകൂടി പ്രദേശത്തുണ്ടെന്ന സംശയത്തിൽ തിരച്ചിൽ തുടരുകയാണ്. അതിനിടെ, ചൊവ്വാഴ്ച വൈകീട്ട് പുൽവാമയിൽ പോലീസ് സ്റ്റേഷനുനേരെ ഭീകരർ ഗ്രനേഡെറിഞ്ഞു. സ്റ്റേഷനു പുറത്ത് തിരക്കേറിയ റോഡിലാണ് ഗ്രനേഡ് വീണു പൊട്ടിത്തെറിച്ചത്. സംഭവത്തിൽ മൂന്നു നാട്ടുകാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുൽവാമ ആക്രമണം: രണ്ടു സൈനികർ മരിച്ചു തിങ്കളാഴ്ച പുൽവാമയിലെ അരിഹാലിൽ പട്രോളിങ് നടത്തുകയായിരുന്ന സൈനിക വാഹനത്തിനുനേരെ നടത്തിയ സ്ഫോടനത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന രണ്ടു സൈനികർ ചൊവ്വാഴ്ച ആശുപത്രിയിൽ മരിച്ചു. ഫെബ്രുവരി 14-െല ഭീകരാക്രമണം നടന്നതിനു 27 കിലോമീറ്റർ അകലെയായിരുന്നു തിങ്കളാഴ്ചത്തെ ആക്രമണശ്രമം. വാഹനത്തിൽ ഐ.ഇ.ഡി. ഘടിപ്പിച്ച് 44 രാഷ്ട്രീയ റൈഫിൾസിലെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഒമ്പതു സൈനികർക്കും രണ്ടു നാട്ടുകാർക്കുമാണ് ഇതിൽ പരിക്കേറ്റത്. ഭീകരരുടെ 'പരാജയപ്പെട്ട ശ്രമം' എന്നായിരുന്നു സൈന്യം ഇതേക്കുറിച്ച് ആദ്യം പ്രതികരിച്ചത്. മേജർ കേതൻ ശർമയ്ക്ക് ആദരാഞ്ജലി തിങ്കളാഴ്ച അനന്ത്നാഗിൽ മറ്റൊരു ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച മേജർ കേതൻ ശർമയ്ക്കു രാജ്യം ആദരാഞ്ജലി അർപ്പിച്ചു. ഡൽഹിയിലെ പാലം സൈനിക കേന്ദ്രത്തിലെത്തിച്ച മൃതദേഹത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കരസേനാ മേധാവി ബിപിൻ റാവത്തും പുഷ്പചക്രം അർപ്പിച്ചു. ഈ ഏറ്റുമുട്ടലിൽ മൂന്നു സൈനികർക്കു പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച അനന്ത്നാഗിൽ മരിച്ചതടക്കം അഞ്ചു ദിവസത്തിനിടെ ജമ്മു കശ്മീരിൽ നഷ്ടമായത് പത്തു സൈനികരാണ്. കഴിഞ്ഞയാഴ്ച അനന്ത്നാഗിൽ അഞ്ചു സി.ആർ.പി.എഫ്. ജവാൻമാർക്കു ജീവൻ നഷ്ടമായിരുന്നു. Content Highlights:Pulwama terror attack, Terrorist killed
from mathrubhumi.latestnews.rssfeed http://bit.ly/2IpTq3j
via
IFTTT
No comments:
Post a Comment