ന്യൂഡൽഹി: ഇന്ത്യയെ 2024-ഓടെ അഞ്ചുലക്ഷംകോടി ഡോളർ സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെല്ലുവിളി നിറഞ്ഞതാണെങ്കിലും രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനാകും- രാഷ്ട്രപതി ഭവനിൽ ശനിയാഴ്ച നീതി ആയോഗ് ഭരണസമിതി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾ തങ്ങൾക്കു മികവുള്ള മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) വർധിപ്പിക്കാൻ ജില്ലാതലം മുതൽ ശ്രമിക്കുകയും ചെയ്താൽ ഇതു സാധ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയായിരുന്നു പൊതുതിരഞ്ഞെടുപ്പ്. ഇനി രാജ്യത്തിന്റെ വികസനത്തിനുവേണ്ടി എല്ലാവരും പ്രവർത്തിക്കേണ്ട സമയമാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വരൾച്ച, വെള്ളപ്പൊക്കം, മലിനീകരണം, അഴിമതി, അക്രമം എന്നിവയ്ക്കെതിരേ യോജിച്ച പോരാട്ടമുണ്ടാകണം. 2022-ഓടെ പുതിയ ഇന്ത്യ എന്ന ലക്ഷ്യം എല്ലാവർക്കുമുണ്ടാകണം. ശുചിത്വഭാരതം, പ്രധാനമന്ത്രി ഭവനപദ്ധതി എന്നിവ, സംസ്ഥാനങ്ങളും കേന്ദ്രവും ഒന്നിച്ചുനിന്നാൽ വികസനം സാധ്യമാകുമെന്നതിന് ഉദാഹരണങ്ങളാണ്. ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കാനും ജീവിതസൗഹാർദാന്തരീക്ഷമുണ്ടാക്കാനും കഴിയണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരിക്കുന്ന വരൾച്ച നേരിടാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണം. 'ഓരോ തുള്ളി, കൂടുതൽ വിള' തന്ത്രം പ്രാത്സാഹിപ്പിക്കപ്പെടണം. 2022-ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കാർഷികരംഗത്ത് ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പാക്കണം. കാർഷികരംഗത്ത് കോർപ്പറേറ്റ് നിക്ഷേപം പ്രോത്സാഹിപ്പിക്കണം. ഭക്ഷ്യസംസ്കരണ മേഖലയുടെ വളർച്ച ത്വരപ്പെടുത്തണം. കയറ്റുമതി പ്രോത്സാഹിപ്പിക്കണം- പ്രധാനമന്ത്രി നിർദേശിച്ചു. കാർഷിക മേഖലയുടെ ഘടനാപരമായ പരിഷ്കരണം നിർദേശിക്കാൻ ഏതാനും മുഖ്യമന്ത്രിമാർ അംഗങ്ങളായ സമിതിയും അദ്ദേഹം പ്രഖ്യാപിച്ചു. യോഗത്തിൽ മുഖ്യമന്ത്രിമാർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്. ഗവർണർമാർ, കേന്ദ്രമന്ത്രിമാർ, ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിമാരായ മമതാ ബാനർജി, കെ. ചന്ദ്രശേഖർ റാവു, ക്യാപ്റ്റൻ അമരീന്ദർ സിങ് എന്നിവർ യോഗത്തിനെത്തിയില്ല. സാമ്പത്തിക അധികാരമില്ലാത്ത നീതി ആയോഗിന്റെ യോഗത്തിൽ പങ്കെടുക്കുന്നത് നിഷ്ഫലമാണെന്നു പറഞ്ഞാണ് മമത യോഗം ബഹിഷ്കരിച്ചത്. ആരോഗ്യകാരണങ്ങളാലാണ് അമരീന്ദർ സിങ് എത്താതിരുന്നത്. പകരം ധനമന്ത്രിയെത്തിയിരുന്നു. ജലസേചന പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട തിരക്കുകാരണമാണ് ചന്ദ്രശേഖർ റാവു വിട്ടുനിന്നത്. നീതി ആയോഗ് സമ്മേളനത്തിനു മുന്നോടിയായി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് കോൺഗ്രസ് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിമാരായ കമൽനാഥ്, അശോക് ഗഹ്ലോത്, വി. നാരായണസ്വാമി, ഭൂപേശ് ബഘേൽ എന്നിവർ പങ്കെടുത്തു. കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും സംബന്ധിച്ചു. Content Highlights:pm modi about his vision on indian economic sector on 2024
from mathrubhumi.latestnews.rssfeed http://bit.ly/2WM7CfY
via
IFTTT
No comments:
Post a Comment