ദുബായ്: പത്താംവയസ്സിൽ സർക്കാർവിരുദ്ധപ്രക്ഷോഭത്തിൽ പങ്കെടുത്തതിന് കൗമാരക്കാരൻ സൗദിയിൽ വധശിക്ഷാഭീഷണി നേരിടുന്നുവെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ. മുർത്താസ ഖുറൈറിസെന്ന 18-കാരനാണ് ഇപ്പോൾ വധശിക്ഷ കാത്ത് സൗദിയിലെ തടവറയിൽ കഴിയുന്നത്. 2011-ൽ സൗദി അറേബ്യയിൽ അറബ് വസന്ത പ്രക്ഷോഭം അലയടിക്കുന്ന കാലം. തങ്ങൾക്ക് നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾക്കായി ഉറക്കെ മുദ്രാവാക്യം വിളിച്ച് സൗദിതെരുവുകൾ കീഴടക്കിയ സമരക്കാർക്കൊപ്പം മുർത്താസയുമുണ്ടായിരുന്നു. സൗദിയുടെ കിഴക്കൻപ്രവിശ്യയിൽനടന്ന കുട്ടികളുടെ സൈക്കിൾറാലിയിൽ അവൻ പങ്കെടുത്തു. പ്രക്ഷോഭത്തിനിടെ മുർത്താസയുടെ മൂത്തസഹോദരൻ അലി ഖുറൈറിസ് കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് മൂന്നുവർഷത്തിനുശേഷം സൗദി ഭരണകൂടത്തിനെതിരേ നടന്ന ബൈക്ക് റാലിയിലും മുർത്താസ പങ്കെടുത്തു. അന്നാണ് അവൻ അറസ്റ്റിലാകുന്നത്. അന്ന് മുർത്താസയ്ക്ക് പ്രായം 13. അറസ്റ്റിലാകുന്ന ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രീയത്തടവുകാരനായിരുന്നു അവൻ. 2014 സെപ്റ്റംബർ മുതൽ വിചാരണത്തടവുകാരനായി കഴിയുന്ന മുർത്താസ ഏതുനിമിഷവും വധശിക്ഷയ്ക്ക് വിധേയനായേക്കാമെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ പറഞ്ഞു. ഭീകരസംഘടനയിൽ ചേരുക, വിപ്ലവം നയിക്കുക തുടങ്ങി വധശിക്ഷ വിധിക്കാനാകുന്ന ഗുരുതരമായ കുറ്റങ്ങളാണ് ഈ കൗമാരക്കാരനെതിരേ സൗദി സർക്കാർ ചുമത്തിയിട്ടുള്ളത്. ദേശീയസുരക്ഷയെ ബാധിക്കുന്ന കുറ്റമെന്ന നിലയിൽ മുർത്താസക്കേസിന്റെ വിവരങ്ങൾ സൗദി ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഏപ്രിലിൽ സൗദി 37 പേരുടെ വധശിക്ഷ നടപ്പാക്കിയതോടെയാണ് മുർത്താസയെക്കുറിച്ച് ആഗോളതലത്തിൽ ആശങ്കയുയർന്നത്. മുർത്താസയെ മോചിപ്പിക്കണമെന്നും അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ വധശിക്ഷയെ മാർഗമാക്കുന്നത് ഉപേക്ഷിക്കണമെന്നും സൗദിഭരണകൂടത്തോട് ആവശ്യപ്പെടുന്നതായി ആംനെസ്റ്റി ഇന്റർനാഷണൽ പറഞ്ഞു. Content Highlights:Saudi Arabia, Amnesty International
from mathrubhumi.latestnews.rssfeed http://bit.ly/2XHbE5v
via
IFTTT
No comments:
Post a Comment