ഡോക്ടർമാരുടെ സമരം ശക്തമാകുന്നു; തിങ്കളാഴ്ച ദേശീയ പണിമുടക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 14, 2019

ഡോക്ടർമാരുടെ സമരം ശക്തമാകുന്നു; തിങ്കളാഴ്ച ദേശീയ പണിമുടക്ക്

പശ്ചിമബംഗാളിൽ ജൂനിയർ ഡോക്ടർമാർക്ക് രോഗിയുടെ ബന്ധുക്കളിൽനിന്നു മർദനമേറ്റതിന്റെപേരിൽ തുടങ്ങിയ ഡോക്ടർമാരുടെ സമരം രാജ്യമെമ്പാടും ശക്തിപ്പെടുന്നു. തിങ്കളാഴ്ച ദേശീയപണിമുടക്കിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) ആഹ്വാനം ചെയ്തു. അത്യാഹിതവിഭാഗം ഒഴികെ മറ്റൊന്നും പ്രവർത്തിക്കില്ല. പ്രതിഷേധിക്കുന്ന ഡോക്ടർമാരുടെ പ്രതിനിധികൾ വെള്ളിയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനെ കണ്ടു. അക്രമികൾക്കെതിരേ നടപടിയെടുക്കുന്നതിനുപകരം ഡോക്ടർമാരെ ഭീഷണിപ്പെടുത്തുകയും അന്ത്യശാസനം നൽകുകയുമാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ചെയ്യുന്നതെന്ന് ഹർഷ്വർധൻ കുറ്റപ്പെടുത്തി. ഡോക്ടർമാരുടെ പ്രതിഷേധത്തെ അഭിമാനപ്രശ്നമായി കാണരുതെന്നും സൗഹാർദപരമായ പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം മമതയോട് ആവശ്യപ്പെട്ടു. ആശുപത്രികളിൽ ഡോക്ടർമാർക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാർക്കും കത്തയക്കുമെന്ന് മന്ത്രി പറഞ്ഞു. ബംഗാളിലെ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡോക്ടർമാർ വെള്ളിയാഴ്ച സൂചനാ പണിമുടക്കു നടത്തി. ഡൽഹി, മുംബൈ, ഹൈദരാബാദ്, ചണ്ഡീഗഢ്, ജയ്പുർ, ലഖ്നൗ, ഗോവ, കർണാടക, ഒഡിഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പണിമുടക്കി. ആശുപത്രികൾക്കുനേരെയുള്ള അക്രമങ്ങൾക്കെതിരേ കേന്ദ്രസർക്കാർ ദേശീയനിയമം നിർമിക്കണമെന്ന് ഐ.എം.എ. ആവശ്യപ്പെട്ടു. അക്രമികൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണം, കുറ്റക്കാർക്ക് കുറഞ്ഞത് ഏഴുവർഷം ശിക്ഷയുറപ്പാക്കണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ആശുപത്രികൾക്കു സുരക്ഷനൽകേണ്ടത് സംസ്ഥാനസർക്കാരുകളുടെ ഉത്തരവാദിത്വമാണെന്ന് ഐ.എം.എ. പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ പ്രതിഷേധം തുടരാനും സംഘടന ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ധർണകളും പ്രകടനങ്ങളും നടക്കും. ആരോഗ്യമേഖല തടസ്സപ്പെടാതിരിക്കാൻ പ്രതീകാത്മക പ്രതിഷേധം മാത്രമേ നടത്താവൂവെന്ന് ഡോക്ടർമാരോട് കേന്ദ്രമന്ത്രി ഹർഷ് വർധൻ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയായ എൻ.ആർ.എസ്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രോഗി മരിച്ചതിനെത്തുടർന്നാണ് ബന്ധുക്കളിൽനിന്ന് ജൂനിയർ ഡോക്ടർമാർക്ക് മർദനമേറ്റത്. ആക്രമണത്തിൽ തലയോട്ടി പൊട്ടിയ പരിബാഹ മുഖർജി ചികിത്സയിലാണ്. മതിയായ സുരക്ഷ ഉറപ്പുവരുത്താതെ ജോലിയിൽ പ്രവേശിക്കില്ലെന്നാണു ഡോക്ടർമാരുടെ നിലപാട്. Content highlights:Doctors strike, West Bengal


from mathrubhumi.latestnews.rssfeed http://bit.ly/31yCaR1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages