കൊച്ചി: ഓവർടൈം ഇനത്തിൽ യൂണിയൻ നേതാവിന് വൻതുക നേടാൻ അവസരമൊരുക്കിക്കൊടുക്കുന്നതിനെച്ചൊല്ലി 'മിൽമ'യിൽ വിവാദം. മിൽമ എറണാകുളം യൂണിയനിലാണ് സി.ഐ.ടി.യു. യൂണിയൻ നേതാവിന് ഓവർടൈം ഇനത്തിൽ വൻ തുക അനുവദിച്ചത്. കഴിഞ്ഞ വർഷം മാത്രം 6.68 ലക്ഷം രൂപ ഓവർടൈം ശമ്പളമായി അനുവദിക്കുന്നതിനാണ് സാഹചര്യം ഒരുക്കിയത്. ഇതിനെക്കുറിച്ച് വനിതാ അംഗം ബോർഡ് യോഗത്തിൽ ചോദ്യം ഉന്നയിച്ചെങ്കിലും മാനേജ്മെന്റിൽ നിന്ന് വ്യക്തമായ മറുപടി ഉണ്ടായില്ല. ഇതിന്റെ തുടർച്ചയായി അടുത്ത ബോർഡ് യോഗത്തിൽ കോൺഗ്രസ് നേതാവ് എം.ടി. ജയൻ വിഷയം ഉന്നയിക്കുകയായിരുന്നു. യൂണിയൻ നേതാവിന് വൻതുക സമ്പാദിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയായിരുന്നുവെന്ന് ജയൻ ആരോപിച്ചു. താത്കാലിക ജീവനക്കാർക്ക് നിയമനം നൽകി കുറഞ്ഞ തുകയിൽ ജോലി തീർക്കാമെന്നിരിക്കെ, നിയമനം ഒഴിവാക്കി യൂണിയൻ ഭാരവാഹിക്ക്, ഓവർടൈം ജോലിക്ക് അധിക അവസരമൊരുക്കി എന്നാണ് ആരോപണം. ഓഗസറ്റിൽ 85,859 രൂപയും സപ്തംബറിൽ 93,650 രൂപയും വരെ യൂണിയൻ നേതാവിന് ഓവർടൈം നൽകിയിട്ടുണ്ട്. മിൽമയിൽ താത്കാലിക ജീവനക്കാരുടെ നിയമനത്തിനായി പ്രത്യേക ലിസ്റ്റ് തന്നെ തയ്യാറാക്കിയിട്ടുണ്ട്. അതിൽനിന്ന് നിയമനം നടത്തുകയായിരുന്നെങ്കിൽ 16,000 രൂപ ശമ്പളം നൽകിയാൽ മതിയാകും. പുതുതായി ഒരാൾക്ക് ജോലി കിട്ടുകയും ചെയ്യും. ഇതിന് സാഹചര്യം ഒരുക്കിയവർ ആരാണെന്ന് കണ്ടെത്തണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്. ബോധപൂർവം നടന്ന നടപടിയാണിതെന്നാണ് ആക്ഷേപം. മിൽമയിൽ ഭരണച്ചെലവ് കൂടുന്നതായുള്ള വിമർശം നിലനിൽക്കുന്നതിനിടയിലാണ് 'ഓവർടൈം കുംഭകോണം' പുറത്തുവന്നിരിക്കുന്നത്. മിൽമ യൂണിയൻ ഭരിക്കുന്നത് കോൺഗ്രസിന് മുൻതൂക്കമുള്ള ബോർഡാണ്. എന്നിട്ടും അവിടെ സി.ഐ.ടി.യു. നേതാവിന് ഗുണകരമായ രീതിയിൽ തീരുമാനങ്ങൾ ഉണ്ടാകുന്നുവെന്നത് അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മിൽമ എറണാകുളം യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് 'മാതൃഭൂമി'യോട് പറഞ്ഞു. സീനിയർ ഉദ്യോഗസ്ഥനായതിനാലാണ് ഇത്രവലിയ തുക സി.ഐ.ടി.യു. യൂണിയൻ നേതാവിന് ലഭിച്ചത്. സർവീസ് കുറവുള്ള ചെറുപ്പക്കാർ ഓവർടൈം നിൽക്കാൻ തയ്യാറാകുന്നില്ല. ഇക്കാര്യത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എം.ഡി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരെന്ന് തെളിഞ്ഞാൽ കർശന നടപടിയുണ്ടാവുമെന്നും ജോൺ തെരുവത്ത് പറഞ്ഞു. Content Highlights:overtime scam in milma, citu leader gets six lakh
from mathrubhumi.latestnews.rssfeed http://bit.ly/31yC9fV
via
IFTTT
No comments:
Post a Comment