കൊച്ചി: പ്രധാനമന്ത്രി പദത്തിലെ രണ്ടാമൂഴത്തില്‍ ആദ്യമായി കേരളത്തിലെത്തുന്ന നരേന്ദ്ര മോഡി ഇന്നു ഗുരുവായൂരില്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍നിന്നും രാവിലെ 9.15 ന് നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി പ്രത്യേക ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്ക് പോകും.
രാവിലെ 9.45 ന് ഹെലികോപ്ടറില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങും. തുടര്‍ന്ന് കാര്‍ മാര്‍ഗം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക്. 10.15 ന് കിഴക്കേഗോപുരനടയിലെത്തുന്ന പ്രധാനമന്ത്രിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും.
ക്ഷേത്രദര്‍ശനത്തിനുശേഷം താമരമൊട്ടുകൊണ്ടുള്ള തുലാഭാരം. മുഴുക്കാപ്പ് കളഭം, അഹസ്, നെയ്‌വിളക്ക്, അപ്പം, അട, അവില്‍ തൃമധുരം, കദളിപ്പഴ സമര്‍പ്പണം, ഉണ്ടമാല, അഴല്‍ എന്നിവയാണ് മറ്റു വഴിപാടുകള്‍.
11.30 ന് ബി.ജെ.പി. സംസ്ഥാന കമ്മിറ്റിയുടെ അഭിനന്ദന്‍ സമ്മേളനം ശ്രീകൃഷ്ണ െഹെസ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.40 ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഹെലികോപ്റ്ററില്‍ എത്തുന്ന അദ്ദേഹം രണ്ടിനു വിമാന മാര്‍ഗം ഡല്‍ഹിക്ക് മടങ്ങും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഗുരുവായൂരില്‍ പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആയിരത്തി അഞ്ഞൂറോളം പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഇവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനുമായി ടൗണ്‍ഹാളില്‍ പ്രത്യേകം ക്ലാസുണ്ടായിരുന്നു.
ഇന്നു രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂനംമൂച്ചി മുതല്‍ മഞ്ജുളാല്‍ വരെയും ഇന്നര്‍, ഔട്ടര്‍ റിങ് റോഡുകളിലും വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. രാവിലെ ഒമ്പത് മുതല്‍ 12 വരെ ക്ഷേത്രദര്‍ശനത്തിനും നിയന്ത്രണം ഉണ്ടാകും.
അധികാരമേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ നരേന്ദ്ര മോഡിക്ക് ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്നു വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രി 11:50-ഓടെ കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
കേന്ദ്ര സഹമന്ത്രി വി. മുരളിധരന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ സൗമിനി ജെയിന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള, ദക്ഷിണ നാവിക സേനാ മേധാവി എ.കെ.ചൗവ്‌ള, ഐ.ജി. വിജയ്‌സാഖറെ, സിറ്റി പോലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി.
from mangalam.com http://bit.ly/2QXrJle
via IFTTT
No comments:
Post a Comment