ന്യൂഡൽഹി: പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ചൂടും പുകയുമുയർന്ന സമാപനം. ബി.ജെ.പി. ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും എ.ഐ.സി.സി. ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും നടത്തിയ പത്രസമ്മേളനമായിരുന്നു വാദപ്രതിവാദങ്ങളുടെ അന്തിമവേദി. ഏഴുസംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായുള്ള 59 മണ്ഡലങ്ങളിൽ ഞായറാഴ്ച അവസാനഘട്ട വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയാണ് ഇതിൽ താരമണ്ഡലം. പഞ്ചാബ് -13, ഉത്തർപ്രദേശ് -13, ബംഗാൾ -09, ബിഹാർ -08, മധ്യപ്രദേശ് -08, ഹിമാചൽപ്രദേശ് -04, ജാർഖണ്ഡ്് -03, ചണ്ഡീഗഢ് -01 വീതം മണ്ഡലങ്ങളിലാണ് ഞായറാഴ്ച വിധിയെഴുത്ത്. ബിഹാറിൽ കേന്ദ്രമന്ത്രി രവിശങ്കർപ്രസാദ്, കോൺഗ്രസിൽ മുൻ ലോക്സഭാ സ്പീക്കർ മീരാകുമാർ, ബി.ജെ.പി. വിട്ടുവന്ന ശത്രുഘൻ സിൻഹ, ആർ.ജെ.ഡി.യിലെ മിസ ഭാരതി തുടങ്ങിയവർ സ്ഥാനാർഥികളിൽ പ്രമുഖർ. ജാർഖണ്ഡിൽ നിഷികാന്ത് ദുബെ, സുനിൽ സൊറൻ (ബി.ജെ.പി.), ജാർഖണ്ഡ് മുക്തിമോർച്ച നേതാവ് ഷിബു സൊറൻ തുടങ്ങിയവർ മത്സരരംഗത്തുണ്ട്. പഞ്ചാബിലെ ഗുർദാസ്പുരിൽ സണ്ണി ഡിയോൾ(ബി.ജെ.പി.), സുനിൽ ഝാക്കർ(കോൺഗ്രസ്) തുടങ്ങിയവരും പോർമുഖത്താണ്. സമാപനദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലെ ഖാർഗോണിലെ റാലിയെ അഭിസംബോധന ചെയ്തു. കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും പ്രതിമാസപെൻഷനും 2022-ഓടെ ഇരട്ടിവരുമാനവുമൊക്കെ അദ്ദേഹം വാഗ്ദാനംചെയ്തു. നോട്ട് അസാധുവാക്കൽ സമ്പദ് വ്യവസ്ഥയെ തകർത്തത് ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഹിമാചൽപ്രദേശിലെ റാലിയിൽ മോദിസർക്കാരിനെ കടന്നാക്രമിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി യു.പി.യിലെ മിർസാപുരിലും കുശിനഗറിലും റോഡ് ഷോ നടത്തിയും അവസാനദിവസം ആരവമിളക്കി. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഗൊരഖ്പുരിൽ ബൈക്ക് റാലിക്ക് നേതൃത്വം നൽകി. പ്രധാനമന്ത്രി മത്സരിക്കുന്ന വാരാണസിയിൽ കേന്ദ്രമന്ത്രിമാരായ രാജ്യവർധൻ സിങ് റാഥോഡും പിയൂഷ് ഗോയലും പ്രചാരണം നയിച്ചു. യു.പി.യിൽ മഹാസഖ്യത്തിന്റെ ശക്തിപ്രകടനമായി എസ്.പി.യും ബി.എസ്.പി.യും ആർ.എൽ.ഡി.യും സംയുക്തറാലി സംഘടിപ്പിച്ചു. അഖിലേഷ് യാദവും മായാവതിയും റാലിയിൽ പ്രസംഗിച്ചു. കോൺഗ്രസും ബി.ജെ.പി.യും ഒരുപോലെ ജനങ്ങളോടുള്ള വാഗ്ദാനം ലംഘിച്ചെന്ന് കുറ്റപ്പെടുത്തിയ മായാവതി, ബി.ജെ.പി. ഭരണത്തിൽ പാവപ്പെട്ടവരും പാർശ്വവത്കൃതരും അവഗണിക്കപ്പെട്ടെന്നും തുറന്നടിച്ചു. മിർസാപുരിലും ചന്ദോലിയിലുമായി രണ്ടിടത്തായിരുന്നു സമാപനദിവസം മഹാസഖ്യത്തിന്റെ റാലി. പഞ്ചാബിലെ ഹോശിയാർപുരിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങും ലാംബി ഗ്രാമത്തിലെ റാലിയിൽ കോൺഗ്രസ് നേതാവും മുൻക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ധുവും പ്രവർത്തകരെ ഇളക്കിമറിച്ചു. content highlightS: lok sabha election, final stage, Congress, BJP
from mathrubhumi.latestnews.rssfeed http://bit.ly/30rwtnp
via
IFTTT
No comments:
Post a Comment