ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ മുതൽ ജി.എസ്.ടി. വരെയുള്ള സാമ്പത്തികപരിഷ്കാരങ്ങൾ; മിന്നലാക്രമണം തൊട്ട് ബാലാകോട്ട് വ്യോമാക്രമണം വരെയുള്ള സൈനികനടപടികൾ; സാമ്പത്തിക, രാഷ്ട്രീയ, സൈനിക മേഖലയിലെല്ലാം ഒട്ടേറെ ചടുലനീക്കങ്ങളാണ് മോദി സർക്കാരിന്റെ കഴിഞ്ഞ അഞ്ചുവർഷം കണ്ടതെങ്കിൽ ഇനിയെന്തുണ്ടാകുമെന്ന് ഉറ്റുനോക്കുകയാണു രാജ്യം. ബി.ജെ.പി.യുടെ ദേശീയതയിലൂന്നിയ നയങ്ങളിലോ പാർട്ടിയുടെ പ്രകടനപത്രികയിലോ ഉൾപ്പെടാത്ത 'സർജിക്കൽ സ്ട്രൈക്കുകൾ' പല മേഖലയിലും ഇനിയുമുണ്ടാകാം. അതേസമയം, കാർഷിക-സാമ്പത്തിക മേഖലയിലെ വെല്ലുവിളികളും ഏറെയാണ്. രാഷ്ട്രീയ-സാമൂഹികരംഗങ്ങളിൽ എൻ.ഡി.എ. സർക്കാർ നടപ്പാക്കിവരുന്ന നയങ്ങളുടെ തുടർച്ച തീർച്ചയായും പ്രതീക്ഷിക്കാം. അതിൽ അയോധ്യയിലെ രാമക്ഷേത്രനിർമാണം, അസമിലെ പൗരത്വ ബിൽ, കശ്മീരിനു പ്രത്യേകാധികാരം നൽകുന്ന വകുപ്പിനോടുള്ള എതിർപ്പ് തുടങ്ങിയവ ആദ്യപരിഗണനയിലുണ്ടാകും. കോടതിയിലുള്ള ഇത്തരം വിഷയങ്ങളിൽ എടുത്തുചാടിയുള്ള നടപടികൾക്കു മുതിർന്നേക്കില്ല. എന്നാൽ, സാമ്പത്തികമേഖലയിൽ ശക്തമായ ഇടപെടലുകൾ ഉണ്ടായേക്കും. ഇതോടൊപ്പം മോദി സർക്കാരിന്റെ അഭിമാന പദ്ധതികളായ ആയുഷ്മാൻ ഭാരത്, ജനൗഷധികേന്ദ്രങ്ങൾ എന്നിവയും മുന്നോട്ടുപോകും. 6000 രൂപ തുടരും, പക്ഷേ... 15 വർഷം മുമ്പുവരെ മൊത്തം ആഭ്യന്തരോത്പാദന(ജി.ഡി.പി.)ത്തിന്റെ 21 ശതമാനവും കൃഷി, മത്സ്യബന്ധനമേഖലയിൽ നിന്നായിരുന്നു. ഇപ്പോഴതു വെറും 13 ശതമാനമായെങ്കിലും കാർഷികമേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല. വിളകൾക്ക് വില ലഭിക്കാത്തതും ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തതയും ചേരുമ്പോൾ കാർഷികമേഖല പ്രതിസന്ധിയിലാണ്. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് പ്രഖ്യാപിച്ച, കർഷകർക്കു പ്രതിവർഷം 6000 രൂപ നേരിട്ടു നല്കുന്ന പദ്ധതി തുടർന്നേക്കും. എന്നാൽ, കാർഷിക കാര്യക്ഷമത വർധിപ്പിക്കൽ, ന്യായവില ഉറപ്പാക്കൽ എന്നിവയ്ക്കു ശക്തമായ നടപടികൾ വേണ്ടിവരും. കർഷകർക്കു കിസാൻ ക്രെഡിറ്റ് കാർഡ് വഴി പലിശയില്ലാതെ ഒരുലക്ഷം രൂപ വായ്പ നൽകിയേക്കും. ബാങ്കുകൾക്ക് വേണം 40,000 കോടി രാജ്യത്തെ പതിനെട്ടിൽ പന്ത്രണ്ട് പൊതുമേഖലാ ബാങ്കുകളും നടപ്പുസാമ്പത്തികവർഷത്തിന്റെ അവസാനപാദത്തിൽ നഷ്ടമാണു രേഖപ്പെടുത്തിയത്. കിട്ടാക്കടത്തിന്റെ ഭാരത്തിൽ ഞെരുങ്ങുന്ന പൊതുമേഖലാ ബാങ്കുകൾക്ക് അടിയന്തരമായി 40,000 കോടി രൂപയെങ്കിലും ലഭിച്ചാലേ പ്രതിസന്ധിക്കു പരിഹാരം കാണാനാകൂ. പല ബാങ്കുകളും വലിയ വായ്പകൾ നിർത്തിവെച്ചത് വ്യാവസായികമേഖലയിലും മരവിപ്പുണ്ടാക്കി. റിസർവ് ബാങ്കിന്റെ മൂലധന കരുതൽധനം ബാങ്കുകളുടെ പ്രതിസന്ധി തീർക്കാൻ ഉപയോഗിച്ചേക്കും. ബാങ്കുകളുടെ ഏകീകരണവുമായി സർക്കാർ മുന്നോട്ടുപോകും. നികുതിശൃംഖല വ്യാപിപ്പിക്കും, നിരക്കു കുറയും നികുതിശൃംഖല വ്യാപിപ്പിച്ചുകൊണ്ട് നിരക്കു കുറച്ചുകൊണ്ടുവരലാകും സർക്കാരിന്റെ നയം. ജി.എസ്.ടി. നടപ്പാക്കൽ കാര്യക്ഷമമാകുന്നതോടെ വെട്ടിപ്പു കുറയുകയും സർക്കാരിനു വരുമാനം വർധിക്കുകയും ചെയ്യും. തെറ്റായി നികുതി റിബേറ്റ് അവകാശപ്പെടുന്നതു തടയാനായി പുതിയ ജി.എസ്.ടി. റിട്ടേൺ ഫോം കൊണ്ടുവരുന്നതോടെ നികുതിവെട്ടിപ്പുകൾ വീണ്ടും കുറയും. ജി.എസ്.ടി. നിരക്ക് ഏകീകരണവും കുറയ്ക്കലുമായി സർക്കാർ മുന്നോട്ടുപോകും. 2017-ൽ ആദായനികുതി നിരക്ക് കുറച്ചതോടെ നികുതിദായകരുടെയും റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി കൂടി. അതുകൊണ്ടുതന്നെ നിരക്കുകൾ കുറച്ചുകൊണ്ട് കൂടുതൽപ്പേരെ നികുതിശൃംഖലയിലുൾപ്പെടുത്താനാകും ശ്രമം. നികുതി റിട്ടേൺ വെരിഫൈ ചെയ്യുന്നതും പരിശോധനയും പൂർണമായും ഇലക്ട്രോണിക് മാർഗത്തിലാക്കാനും നടപടികളുണ്ടാകും. ഉയർന്നുപറക്കാൻ ഉഡാൻ വ്യോമയാനരംഗത്തു വിപ്ലവമായി ഉഡാൻ പദ്ധതിയെ മാറ്റാനാണ് ബി.ജെ.പി. സർക്കാരിന്റെ ലക്ഷ്യം. ചെറുനഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കുറഞ്ഞ നിരക്കിൽ ആകാശയാത്ര സാധ്യമാക്കുന്ന പദ്ധതിക്കായി കൂടുതൽ തുക വകയിരുത്തും. രണ്ടായിരം കോടി രൂപ വരെ ഇതിനായി മാറ്റിവെച്ചേക്കും. മുഖ്യപ്രശ്നം തൊഴിൽനഷ്ടം തൊഴിലില്ലായ്മ പരിഹരിക്കലാകും വലിയ വെല്ലുവളി. പ്രതിവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതു കഴിഞ്ഞസർക്കാരിന്റെ വാഗ്ദാനമായിരുന്നു. എന്നാൽ, 2018-ൽ മാത്രം 1.1 കോടിയാളുകൾക്കു ജോലി നഷ്ടപ്പെട്ടതായാണ് ചില കണക്കുകൾ. മുദ്ര വായ്പ പോലുള്ള പദ്ധതികൾ വ്യാപിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ തയ്യാറായേക്കും. ഓട്ടോമൊബൈൽ ഉൾപ്പെടെയുള്ള വ്യാവസായികമേഖലകൾ നേരിടുന്ന മാന്ദ്യം തടയാൻ വിപുലമായ പദ്ധതികൾ വേണ്ടിവരും. വ്യാവസായികമേഖലയ്ക്ക് അനുകൂലാന്തരീക്ഷമുണ്ടാക്കുന്ന തൊഴിൽപരിഷ്കരണനയങ്ങളുമായി സർക്കാർ മുന്നോട്ടുപോകും. Content Highlights:PM Modis second term, Challenges
from mathrubhumi.latestnews.rssfeed http://bit.ly/2EJZZvk
via
IFTTT
No comments:
Post a Comment