തിരുവനന്തപുരം: കേരളത്തിൽനിന്ന് തുടങ്ങി അന്താരാഷ്ട്ര തലത്തിലോളം നിയമപഠനത്തിന്റെ വഴിയും വഴിവിളക്കുമായി മാറിയ നീലകണ്ഠ രാമകൃഷ്ണ മാധവമേനോൻ എന്ന എൻ.ആർ.മാധവമേനോൻ (84) തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ഒരാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അന്ത്യം. ഇരുപതാം വയസ്സിൽ അഭിഭാഷക കുപ്പായമിട്ട് കേരള ഹൈക്കോടതിയിലെത്തിയ മാധവമേനോൻ, അഭിഭാഷകനെന്നതിനേക്കാൾ നിയമ വിദ്യാഭ്യാസ വിദഗ്ധനും നിയമ അധ്യാപകനുമായാണ് അറിയപ്പെട്ടത്. ഇന്ത്യയിൽ ആധുനിക നിയമപഠനത്തിന് ദിശാബോധമുണ്ടാക്കിയ മാധവമേനോന് പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 1935 മേയ് നാലിന് രാമകൃഷ്ണ മേനോന്റെയും ഭവാനി അമ്മയുടെയും മകനായി തിരുവനന്തപുരത്താണ് മാധവമേനോൻ ജനിച്ചത്. കേരള സർവകലാശാലയിൽനിന്ന് ബിരുദവും പഞ്ചാബ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം അലിഗഢ് സർവകലാശാലയിൽനിന്ന് എൽഎൽ.എം., പിഎച്ച്.ഡി. ബിരുദവും നേടി. 1956-ൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1986-ലാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആവശ്യം അനുസരിച്ച് ബെംഗളൂരുവിൽ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എൻ.എൽ.എസ്.ഐ.യു.) തുടങ്ങാനുള്ള ദൗത്യം ഏറ്റെടുത്തത്. 12 വർഷം ഈ സർവകലാശാലയുടെ വൈസ് ചാൻസലറായി അദ്ദേഹം പ്രവർത്തിച്ചു. കൊൽക്കത്തയിലും ഇതേ മാതൃകയിൽ നിയമ പഠന കേന്ദ്രം പശ്ചിമബംഗാൾ സർക്കാർ തുടങ്ങി. ഇതിന്റെ സ്ഥാപക വൈസ് ചാൻസലറും മാധവമേനോൻ ആയിരുന്നു. 1998 മുതൽ 2003 വരെ ഈ സ്ഥാനത്ത് അദ്ദേഹം തുടർന്നു. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ഭോപ്പാലിൽ നാഷണൽ ലോ അക്കാദമി സ്ഥാപിച്ചപ്പോൾ അതിന്റെ സ്ഥാപക ഡയറക്ടർ കൂടിയായിരുന്നു മാധവമേനോൻ. 2006ൽ ഔദ്യോഗിക പദവികളിൽനിന്ന് വിരമിച്ച മാധവമേനോനെ കേന്ദ്രസർക്കാർ സെൻട്രൽ- സ്റ്റേറ്റ് റിലേഷൻ കമ്മിഷൻ അംഗമാക്കി നിയമിച്ചു. 2006-മുതൽ 2010 വരെ ഈ സ്ഥാനത്ത് അദ്ദേഹം തുടർന്നു. കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് എന്നിവയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ നിയോഗിച്ച രണ്ട് കമ്മിറ്റികളുടെ അധ്യക്ഷനും അദ്ദേഹമായിരുന്നു. കമ്മിറ്റി ടു ഡ്രാഫ്റ്റ് നാഷണൽ പോളിസി ക്രിമിനൽ ജസ്റ്റിസ്, കമ്മിറ്റി ഓൺ ഈക്വൽ ഓപ്പർച്ചൂണിറ്റി കമ്മിഷൻ എന്നിവയായിരുന്നു അത്. കോമൺവെൽത്ത് ലീഗൽ എഡ്യുക്കേഷന്റെ ചെയർമാനായും മാധവമേനോൻ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. പൊതുസേവനരംഗത്തെ ഇടപെടൽ പരിഗണിച്ച് 2003-ലാണ് അദ്ദേഹത്തിന് പത്മശ്രീ നൽകി രാജ്യം ആദരിച്ചത്. 1994-ൽ ഇന്റർനാഷണൽ ബാർ അസോസിയേഷൻ അദ്ദേഹത്തിന് ലിവിങ് ലജൻഡ് ലോ പുരസ്കാരം സമ്മാനിച്ചു. വൊക്കേഷണൽ എക്സലൻസി പുരസ്കാരം, മികച്ച നിയമ അധ്യാപകനുള്ള പുരസ്കാരം തുടങ്ങിയവയെല്ലാം മാധവമേനോനെ തേടിയെത്തി. നിയമപഠനവും പരിശീലനവും സഹായവും വിഷയമാക്കിയുള്ള നിരവധി പുസ്തകങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. യൂണിവേഴ്സൽ ലോ പബ്ലിഷേഴ്സ് പുറത്തിറക്കിയ 'ടേണിങ് പോയിന്റ്' എന്ന പുസ്തകം മികച്ച നിയമ അധ്യാപകനെന്ന പുരസ്കാരം അദ്ദേഹത്തിന് നേടിക്കൊടുത്തു. മാത്രമല്ല, അന്തർദേശീയ തലത്തിലെ നിയമ അധ്യാപകരിൽ മുൻനിരക്കാരനായി മാധവമേനോന്റെ പേരും മുദ്രണം ചെയ്യപ്പെട്ടു. വീണ്ടും അധ്യാപകനാകാൻ... ഇനി ഒരു ജന്മംകൂടി ഇനി ഒരു ജന്മംകൂടി കിട്ടിയാൽ വീണ്ടും അധ്യാപകനാകാനാണ് എനിക്ക് മോഹം. നിയമവിദ്യാഭ്യാസരംഗത്തെ കുലപതിയായ പ്രൊഫ. എൻ.ആർ. മാധവമേനോൻ പല വേദികളിലും ഈ വികാരം പ്രകടിപ്പിക്കുമായിരുന്നു. അരനൂറ്റാണ്ടിലേറെക്കാലം അദ്ദേഹം നിയമാധ്യാപകനായിരുന്നു. നിയമപഠനരംഗത്ത് പുതിയ തലമുറകളെ വാർത്തെടുത്ത നാഷണൽ ലോ സ്കൂളിന്റെ സ്ഥാപകൻ എന്നനിലയിൽ അദ്ദേഹം ആഗോളപ്രശസ്തനായപ്പോൾ നിയമ വിദ്യാഭ്യാസരംഗം ഇന്ത്യയിൽ അഭൂതപൂർവമായ മാറ്റങ്ങൾക്ക് സാക്ഷിയായി. ഏഴുവർഷംമുമ്പ് തൃശ്ശൂരിൽ കേരള ബാർ കൗൺസിൽ സെമിനാറും ശില്പശാലയും നടത്തിയപ്പോൾ വൊളന്റിയർമാരായിവന്ന തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിലെ വിദ്യാർഥികളോടൊപ്പം ഏറെസമയം ചെലവഴിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. ഡോക്ടറാവാൻ മോഹിച്ചു; പക്ഷേ... ചണ്ഡീഗഢിൽവെച്ച് ഒരു വിദ്യാർഥിനി ചോദിച്ചു: സർ, ഡോക്ടറാകാൻ ആഗ്രഹിച്ചതല്ലേ? പിന്നെ എങ്ങനെയാണ് നിയമരംഗത്തെത്തിയത്? ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: എന്റെ ജന്മദേശമായ തിരുവനന്തപുരത്ത് അന്ന് മെഡിക്കൽ കോളേജ് ഇല്ലായിരുന്നു. മെഡിസിൻ പഠിക്കാൻ മദ്രാസിൽ പോകണം, അതിന് കഴിയാതെവന്നു. അങ്ങനെയാണ് ലോ കോളേജിൽ ചേർന്നത്. ജന്തുശാസ്ത്രത്തിൽ ബിരുദമെടുത്ത് എം.ബി.ബി.എസിന് പഠിക്കാൻ കഴിയാതെ നിരാശനായിരുന്ന മകൻ മാധവമേനോനെ നോക്കി അമ്മ ഭവാനി അമ്മ പറഞ്ഞു: മകനേ, നീ നിരാശപ്പെടേണ്ട. നീ ജഡ്ജിയാകുമെന്ന് ജ്യോത്സ്യൻ പറഞ്ഞിട്ടുണ്ട്. അച്ഛൻ രാമകൃഷ്ണമേനോന് നിയമബിരുദമുണ്ടായിരുന്നു. തിരുവനന്തപുരത്ത് സർക്കാർ ജോലിയുണ്ടായിരുന്നു. പ്രൊഫ. മാധവമേനോന് രണ്ടുവയസ്സായപ്പോൾ അച്ഛൻ മരിച്ചു. ഡിഗ്രിക്കുശേഷം ലോ കോളേജിൽ ചേർന്ന് പഠിക്കാൻ അമ്മയാണ് പ്രോത്സാഹിപ്പിച്ചത്. ആദ്യം എറണാകുളത്തും പിന്നീട് തിരുവനന്തപുരം ലോ കോളേജിലും അദ്ദേഹം പഠിച്ചു. കുറച്ചുകാലം വക്കീലായി പ്രാക്ടീസ് ചെയ്തെങ്കിലും അദ്ദേഹം സർക്കാർ ജോലിതേടി ഡൽഹിയിലെത്തി. ജോലിയിലിരിക്കെ പൊളിറ്റിക്കൽ സയൻസിൽ എം.എ. പരീക്ഷയിൽ മികച്ച വിജയം നേടി. തുടർന്ന് അലിഗഢിൽനിന്ന് എൽ.എൽ.എം. പരീക്ഷ ജയിച്ചു. അവിടെനിന്നുതന്നെ പിഎച്ച്.ഡി.യും നേടി. അധ്യാപകവൃത്തി അലിഗഢിൽനിന്ന് 1960-ൽ തുടങ്ങി. എട്ടുവർഷങ്ങൾക്കുശേഷം നിയമവിഭാഗം പ്രൊഫസറായി. പിന്നീട് അദ്ദേഹം ഡൽഹി യൂണിവേഴ്സിറ്റിയിൽ നിയമവിഭാഗം റീഡറായി. ലോ സ്കൂളിന്റെ പിറവി നിയമാധ്യാപകൻ എന്നനിലയിൽ അദ്ദേഹം പ്രശസ്തനാകുന്നതോടെയാണ് നാഷണൽ ലോ സ്കൂൾ എന്ന ആശയം രൂപമെടുക്കുന്നത്. 1986-ൽ ബാംഗ്ളൂരിൽ സ്കൂൾ സ്ഥാപിതമായപ്പോൾ പ്രൊഫ. മാധവമേനോനായിരുന്നു ആദ്യത്തെ വൈസ് ചാൻസലർ. മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എം. ഹിദായത്തുള്ള, സീനിയർ അഡ്വ. ജേഠ്മലാനി, പ്രൊഫ. ഉപേദ്ര ബക്ഷി, മുൻ കർണാടക മുഖ്യമന്ത്രി ആർ.കെ. ഹെഗ്ഡെ എന്നിവരും കേന്ദ്ര ബാർ കൗൺസിലും ചേർന്നാണ് നാഷണൽ ലോ സ്കൂളിന് (യൂണിവേഴ്സിറ്റി) രൂപംനൽകിയത്. പിന്നീട് ഡൽഹിയിലും ഹൈദരാബാദിലും കൊൽക്കത്തയിലും ഉൾപ്പെടെ പത്തൊൻപത് ശാഖകൾ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലായി നിലവിൽവന്നു. ജഡ്ജിമാരുടെ അധ്യാപകൻ 1993-ൽ മധ്യപ്രദേശിലെ ഭോപാലിൽ നാഷണൽ ജുഡീഷ്യൽ അക്കാദമി കേന്ദ്രസർക്കാർ സ്ഥാപിച്ചപ്പോൾ അതിന്റെ ആദ്യ ഡയറക്ടർ പ്രൊഫ. മാധവമേനോനായിരുന്നു. ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിന് സ്ഥാപിതമായ അക്കാദമി ഇന്ന് ആഗോളതലത്തിൽ പ്രശസ്തിനേടിക്കഴിഞ്ഞു. ഒരിക്കൽ ഒരു പ്രസംഗത്തിനിടയിൽ അദ്ദേഹം പറഞ്ഞു: ഞാൻ ജഡ്ജിയാകുമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അതിന് കഴിഞ്ഞില്ലെങ്കിലും ജഡ്ജിമാർക്ക് പരിശീലനം നൽകുന്ന അക്കാദമിയിൽ അധ്യാപകനായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് ജീവിതസൗഭാഗ്യമായി കാണുന്നു. മികച്ച അധ്യാപകനാകാൻ പ്രൊഫ. മാധവമേനോന് കഴിയുമെന്ന് വർഷങ്ങൾക്ക് മുമ്പുതന്നെ പ്രവചിച്ചത് പ്രൊഫ. എ.ടി. മർക്കോസായിരുന്നു. കൊച്ചി യൂണിവേഴ്സിറ്റിയിൽ മുൻ നിയമവിഭാഗം തലവനായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിലെ ജോലി ഉപേക്ഷിച്ച് അലിഗഢ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഡോ. മർക്കോസ് ആയിരുന്നു. രണ്ടു ദശകങ്ങൾക്കുമുമ്പ് അധ്യാപനരംഗത്തുനിന്ന് അദ്ദേഹം വിരമിച്ചെങ്കിലും പലപ്പോഴും ഇന്ത്യയിലെ നിരവധി ലോ കോളേജുകളിൽ പ്രഭാഷണങ്ങൾക്കായി പോകുക പതിവായിരുന്നു. ശാരീരികസുഖം ഇല്ലാത്ത അവസരങ്ങളിൽപ്പോലും പ്രസംഗവേദികളിൽ അദ്ദേഹം എത്തിയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞിരുന്നു: ഇനിയും ഒരു ജന്മമുണ്ടെങ്കിൽ അധ്യാപകനാകാൻ ആഗ്രഹിക്കുന്നു. content highlights:Dr.NR Madhava Menonpasses away
from mathrubhumi.latestnews.rssfeed http://bit.ly/2H6hbwG
via
IFTTT
No comments:
Post a Comment