ഒരു വ്യാഴവട്ടം മുമ്പ് തങ്ങളെ നിഷ്കാസിതരാക്കിയ നന്ദിഗ്രാമിന്റെ മണ്ണിലേക്ക് സി.പി.എമ്മിന്റെ തിരിച്ചുവരവിന് ശനിയാഴ്ച സാക്ഷ്യം വഹിച്ചു.പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിമിന്റെ നേതൃത്വത്തിൽ താലൂക്ക് മണ്ഡലത്തിലെ സി.പി.എം. സ്ഥാനാർഥി ഷേക്ക് ഇബ്രാഹിം അലിയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയുമായാണ് ഒരു കാലത്ത് ശക്തികേന്ദ്രമായ നന്ദിഗ്രാമിൽ പാർട്ടി വീണ്ടുമെത്തിയത്. ഈയിടെ നന്ദിഗ്രാമിലെ പാർട്ടി ഓഫീസ് തുറന്നതിനു പിന്നാലെയാണ് സി.പി.എം. റോഡ് ഷോയും സംഘടിപ്പിച്ചത്. അഞ്ചുവർഷം മുൻപത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ ഒരു പ്രകടനം നടത്താൻ ആലോചിച്ചെങ്കിലും പാർട്ടിക്ക് സാധിച്ചിരുന്നില്ല. നന്ദിഗ്രാമിൽ നിന്ന് 25 കി.മീ. അകലെയുള്ള നന്ദകുമാർ എന്ന ടൗണിലാണ് അന്ന് പ്രകടനം നടത്തി സി.പി.എം. സമാശ്വാസം കണ്ടെത്തിയത്. എന്നാൽ ശനിയാഴ്ച ഇരുചക്രവാഹനങ്ങളടക്കം നാൽപ്പതോളം വണ്ടികളുമായി പൂർണമായും നന്ദിഗ്രാമിന്റെ ഹൃദയഭൂമിയിലൂടെയാണ് റോഡ് ഷോ കടന്നുപോയത്. നന്ദിഗ്രാമിനടുത്തുള്ള തെങ്കുവയിൽ നിന്ന് തുടങ്ങി രണ്ട് മണിക്കൂറോളം നന്ദിഗ്രാം മേഖല പൂർണമായും ചുറ്റിയ ശേഷം ബസ് സ്റ്റാൻഡിന് സമീപം ഒരു യോഗവും കൂടിയാണ് റോഡ് ഷോ സമാപിച്ചത്. ഏറെ നാളുകൾക്കുശേഷം നന്ദിഗ്രാമിലേക്കെത്തിയ ചുവപ്പുകൊടികളുടെ ഘോഷയാത്രയ്ക്ക് വലിയ സ്വീകരണമോ എതിർപ്പോ ഉണ്ടായില്ല. നാട്ടുകാരിലേറെപ്പേർക്കും കൗതുകമുണർത്തിയ കാഴ്ചയായിരുന്നു അത്. പലരും മൊബൈൽ ഫോണുകളിൽ ചിത്രങ്ങളെടുക്കുന്നുണ്ടായിരുന്നു. മുഹമ്മദ് സലിമിനെക്കൂടാതെ മുതിർന്ന പാർട്ടി നേതാവ് രബീൺ ദേബും റോഡ് ഷോയിൽ പങ്കെടുത്തു. ''ഒരു ദിവസം കൊണ്ടൊന്നും ഒരു മാറ്റം വരുത്തുക എളുപ്പമല്ല. പക്ഷേ, നന്ദിഗ്രാമിലേക്ക് തിരിച്ചുവരാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. നന്ദിഗ്രാമിലെ പുതുതലമുറയിൽപ്പെട്ട ചെറുപ്പക്കാർക്ക് ഇത് ആദ്യാനുഭവമായിരിക്കും. പ്രവർത്തകർക്ക് ആത്മധൈര്യം പകരാനാണ് ഞാൻ ഉദ്ദേശിക്കുന്നത്'- നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ വിരുദ്ധസമരത്തിന്റെ ശക്തികേന്ദ്രമായ സോനാമുറ-ഗംഗാറ പ്രദേശങ്ങളിലൂടെ റോഡ് ഷോ പോവുന്നതിനിടെ മുഹമ്മദ് സലിം 'മാതൃഭൂമി'യോട് പറഞ്ഞു. ''ഭൂമി ഏറ്റെടുക്കൽ ഇന്നും പ്രസക്തമായ പ്രശ്നംതന്നെയാണ്. വ്യാവസായികമായ മുരടിപ്പാണിവിടെ. ഭൂമി ഏറ്റെടുക്കലിനെതിരാണെന്ന് ഭാവിച്ച മമതതന്നെ അധികാരത്തിൽ വന്ന ശേഷം ഭൂമി വൻകിട സിൻഡിക്കേറ്റുകൾക്ക് കൈമാറുകയാണ് ചെയ്യുന്നത്. മാവോവാദി ഗൂഢാലോചനകളിലൂടെയും മാധ്യമങ്ങളിലൂടെയുള്ള കള്ളപ്രചാരണങ്ങളിലൂടെയും നന്ദിഗ്രാമിനെ ഉപയോഗിച്ച് രാഷ്ട്രീയലാഭം നേടുകയായിരുന്നു മമത. യാതൊരു വികസനവും ഇവിടെ നടക്കുന്നില്ല. ജനങ്ങൾ മടുത്തുകഴിഞ്ഞു'- സലിം കുറ്റപ്പെടുത്തി. നന്ദിഗ്രാം ബസ് സ്റ്റാൻഡിനടുത്തുള്ള സി.പി.എം. ഓഫീസായ സുകുമാർ സെൻഗുപ്ത ഭവൻ 12 വർഷത്തിനുശേഷം മൂന്നാഴ്ച മുൻപാണ് തുറന്നത്. രണ്ടു ദിവസത്തിനു ശേഷം ചിലർ താഴിട്ടു പൂട്ടുകയും കെട്ടിടത്തിനുമുകളിൽ കരിങ്കൊടി കെട്ടുകയും ചെയ്തു. നന്ദിഗ്രാം സമരകാലത്ത് കാണാതായ മൂന്നു പേരുടെ കുടുംബാംഗങ്ങളാണ് ഈ പ്രതിഷേധം നടത്തിയതെന്നാണ് റിപ്പോർട്ട്. പൂട്ട് മാറ്റി വീണ്ടും പാർട്ടി പ്രവർത്തകർ ഓഫീസ് തുറന്നിരിക്കുകയാണിപ്പോൾ. എതിർപ്പുകൾ ഇനിയുമുണ്ടാകാമെന്ന് ഓഫീസിന് മുൻപിലിരുന്നുകൊണ്ട് മുതിർന്ന പാർട്ടി പ്രവർത്തകനായ അശുതോഷ് ജാന പറഞ്ഞു. 'ഞങ്ങളുടെ പ്രവർത്തകരായ പല കുടുംബങ്ങൾക്കും ഇനിയും തിരിച്ചെത്താനായിട്ടില്ല'-മറ്റൊരു പ്രവർത്തകനായ നന്ദഗോപാൽ ദാസ് പറഞ്ഞു. എന്തുതന്നെയായാലും ഓഫീസ് തുറന്നു പ്രവർത്തിക്കാൻ തന്നെയാണ് തീരുമാനം- പ്രവർത്തകർ പറയുന്നു.
from mathrubhumi.latestnews.rssfeed http://bit.ly/2vEH548
via
IFTTT
No comments:
Post a Comment