കേരളത്തിലെ ദേശീയപാതാ സ്ഥലമേറ്റെടുക്കൽ നടപടി നിർത്തിവെക്കാനുള്ള കേന്ദ്രനിർദേശത്തിൽ പ്രതിഷേധവുമായി കേരളം. ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള 'മൂന്ന് ഡി' വിജ്ഞാപനമിറക്കുന്നത് മുതലുള്ള തുടർനടപടികൾ നിർത്തിവെക്കണമെന്നാണ് അതോറിറ്റി അറിയിച്ചത്. ദേശീയാപാതാ വികസനത്തെ ഗുരുതരമായി ബാധിക്കുന്ന ഈ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി. സുധാകരൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ സെക്രട്ടറിക്കും ദേശീയപാതാ വികസന അതോറിറ്റി ചെയർമാനും കത്തയച്ചു. ഉപരിതല ഗതാഗതമന്ത്രിയെയും സുധാകരൻ പ്രതിഷേധം അറിയിച്ചു. നടപടി കേരളത്തെ ബാധിക്കുമെന്ന് കേന്ദ്രത്തെ ധരിപ്പിക്കാൻ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി പിണറായി വിജയൻ ചുമതലപ്പെടുത്തി. ദേശീയപാതാ വികസനത്തിൽ മുൻഗണനാപദ്ധതികളെ രണ്ടുവിഭാഗമായി തിരിച്ചതാണ് കേരളത്തിന് വിനയായത്. ഇതിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയായി പണി പുരോഗമിക്കുന്ന മേഖലകൾ ഒന്നാംവിഭാഗത്തിൽപ്പെടും. ഇവിടത്തെ പണി പൂർത്തിയാക്കാൻ സാധിക്കും. ടെൻഡർ നടപടി പൂർത്തിയായ പദ്ധതികളും തുടരാനാകും. സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുന്നവയാണ് രണ്ടാം വിഭാഗത്തിൽപ്പെടുക. ഒന്നാംവിഭാഗത്തിലെ ജോലി പൂർത്തിയായശേഷമേ ഈ വിഭാഗത്തിലെ നടപടികൾ തുടരാനാകൂ. അതുവരെ സ്ഥലമേറ്റെടുക്കൽ അടക്കമുള്ള നടപടി നിർത്തിവെക്കാനാണ് അതോറിറ്റിയുടെ നിർദേശം. കേരളത്തിൽ കാസർകോട് ജില്ലയിലെ പണി മാത്രമാണ് ഒന്നാംവിഭാഗത്തിലുള്ളത്. ഇവിടേക്കായി ഈ സാമ്പത്തികവർഷം 1600 കോടിരൂപ കേന്ദ്രം നൽകും. തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം എന്നിവയടക്കം മൂന്ന് തട്ടായാണ് കാസർകോട് ജില്ലയിലെ റോഡ് വികസനം. തലശ്ശേരി-മാഹി ബൈപ്പാസ്, കോഴിക്കോട് ബൈപ്പാസ്, നീലേശ്വരം റെയിൽവേ മേൽപ്പാലം എന്നിവ ടെൻഡർ നടപടി കഴിഞ്ഞതിനാൽ പണി നിർത്തിവെക്കേണ്ടി വരില്ല. വടകര മൂരാട് പാലം ടെൻഡർ ഘട്ടത്തിലാണ്. ഇതിനെ അതോറിറ്റിയുടെ നിർദേശം ബാധിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ദേശീയപാത-66 വികസനം നീളും കേരളത്തിലെ ദേശീയപാതാ വികസന പദ്ധതികളിലേറെയും മുൻഗണനാ വിഭാഗത്തിലായിരുന്നു ഇതുവരെ. ഇതിനെ രണ്ടാക്കിയപ്പോൾ ദേശീയപാത-66 പൂർണമായും രണ്ടാംവിഭാഗത്തിലേക്ക് മാറി. തലപ്പാടിമുതൽ ഇടപ്പള്ളി വരെയുള്ള 417 കിലോമീറ്റർ ഭാഗം ഇതിൽ ഉൾപ്പെടുന്നതാണ്. അടിയന്തരമായി ജോലി തീർക്കേണ്ടാത്ത പദ്ധതിയായാണ് അതോറിറ്റി ഇതിനെ കാണുന്നത്. 80 ശതമാനത്തിലേറെ ഭൂമിയേറ്റെടുക്കൽ ഇവിടെ പൂർത്തിയായതാണ്. കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള ഭാഗത്ത് 95 ശതമാനവും മൂന്ന് ഡി വിജ്ഞാപനമിറക്കിയതാണ്. ഇനി നഷ്ടപരിഹാരം നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കുകയാണ് വേണ്ടത്. ഇതിനുള്ള നടപടികളും പൂർത്തിയായി വരുമ്പോഴാണ് അതോറിറ്റിയുടെ പുതിയ നിർദേശം. 2021-നകം ദേശീയപാതാ വികസനം പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. ഇതിനായി ഭൂമിയേറ്റെടുക്കൽ നടപടി വേഗത്തിൽ നടക്കുകയാണ്. മലപ്പുറമടക്കമുള്ള വടക്കൻജില്ലയിൽ ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിലെത്തി. നഷ്ടപരിഹാരം നിശ്ചയിക്കലും വിതരണവുമാണ് മിക്കവാറും സ്ഥലത്ത് ബാക്കിയുള്ളത്. തെക്കൻ ജില്ലകളിലും 60 ശതമാനത്തിലേറെ സ്ഥലമെടുപ്പ് പൂർത്തിയാക്കി. ഇതിലൊക്കെ തുടർനടപടി നിർത്തിവെക്കേണ്ടിവരും.
from mathrubhumi.latestnews.rssfeed http://bit.ly/2Jic8KV
via
IFTTT
No comments:
Post a Comment