ന്യൂഡല്‍ഹി : രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തീവ്രശ്രമത്തില്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ അദ്ധ്യക്ഷ പദവി രാജി വെയ്ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും പുതിയ അദ്ധ്യക്ഷനെ ഒരു മാസത്തിനുള്ളില്‍ കണ്ടെത്തണമെന്നും രാഹുല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും മറ്റൊരാളെ പെട്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നതാണ് പാര്‍ട്ടി പറയുന്നത്.
പാര്‍ട്ടിയില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്തുക ഒഴിച്ചാല്‍ ഒരു പ്രതിസന്ധിയുമില്ല എന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നതെങ്കിലും രാഹുല്‍ അദ്ധ്യക്ഷപദവി ഒഴിഞ്ഞാല്‍ പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. ഒരു മാസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്താനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും തല്‍ക്കാലും അതിന് കഴിയാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ്. പാര്‍ട്ടി നേരിടുന്ന പ്രശ്നത്തിന്റെ ഗൗരവം രാഹുലിനെ ബോദ്ധ്യപ്പെടുത്താന്‍ നേതാക്കള്‍ കിണഞ്ഞു ശ്രമിക്കുകയാണ്. അശോക് ഗെഹ്ലോട്ടിനെ പോലെയുള്ള നേതാക്കള്‍ ഇന്നലെ രാഹുലിനെ കണ്ട് തീരുമാനം തിരുത്താന്‍ ശ്രമിക്കുകയും ബദല്‍ മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തെങ്കിലൂം അതൊന്നും അദ്ദേഹം ചെവിക്കൊണ്ടിട്ടില്ല.
പാര്‍ട്ടിക്കേറ്റ കനത്ത പരാജയമാണ് രാഹുലിനെ നിരാശപ്പെടുത്തുന്നത്. പരാജയത്തില്‍ എല്ലാവര്‍ക്കും തുല്യ പങ്കുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മാത്രമല്ല ഉത്തരവാദിയെന്നും നേതാക്കള്‍ പറഞ്ഞിരുന്നു. രാഹുലിനെ സഹായിക്കാന്‍ എഐസിസിക്ക് വര്‍ക്കിംഗ് പ്രസിഡന്റിനെ നിയമിക്കുക, മേഖല അടിസ്ഥാനത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ മുമ്പോട്ടു വെച്ചിരുന്നു. രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഇന്നലെയും രാഹുല്‍ വ്യക്തമാക്കിയത്. രാഹുല്‍ ഇപ്പോള്‍ നേതൃസ്ഥാനം വിട്ടൊഴിഞ്ഞാല്‍ പാര്‍ട്ടി സംസ്ഥാന തലത്തിലും പ്രശ്നങ്ങള്‍ക്കു കാരണമാകും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കേണ്ട പുന:സംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിലുണ്ട്.
രാജസ്ഥാനില്‍ അശോക് ഗലോട്ട് - സച്ചിന്‍ പൈലറ്റ് പ്രശ്നവും മദ്ധ്യപ്രദേശില്‍ കമല്‍നാഥ് - ജ്യോതിരാദിത്യ സിന്ധ്യേ വിഷയവും രൂക്ഷമായ സ്ഥിതിയിലാണ്. അതേസമയം ഗാന്ധികുടുംബത്തിന് പുറത്തു നിന്നുമുള്ള അദ്ധ്യക്ഷസ്ഥാനമെന്ന രാഹുലിന്റെ തീരുമാനത്തെ സഹോദരി പ്രിയങ്കയും പിന്തുണയ്ക്കുന്നുണ്ട്. രാഹുല്‍ തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ പകരം കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലേക്ക് നിരവധി പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ, കോണ്‍സ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, മുതിര്‍ന്ന നേതാവ് എകെ ആന്റണി തുടങ്ങിയ പേരുകള്‍ സജീവമായി ഉയര്‍ന്നിട്ടുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയാനുള്ള രാഹുലിന്റെ തീരുമാനത്തെ സഖ്യകക്ഷികളും എതിര്‍ത്തിട്ടുണ്ട്. തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് മുസ്ലിം ലീഗ്, ഡിഎംകെ, ആര്‍ജെഡി പാര്‍ട്ടികള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനെ തുടര്‍ന്നും നയിക്കണമെന്നും, രാഹുല്‍ തന്നെ പാര്‍ലമെന്റിലും പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണമെന്നും ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ബിജെപി മുന്നോട്ടു വെച്ചിരിക്കുന്ന കെണിയില്‍ വീഴരുതെന്നാണ് ഡിഎംകെ നേതാവ് സ്റ്റാലിനും ലാലുപ്രസാദ് യാദവും കോണ്‍ഗ്രസ് അദ്ധ്യക്ഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
from mangalam.com http://bit.ly/2K5PUMO
via IFTTT
No comments:
Post a Comment