കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വിറപ്പിച്ച കൊണ്ടിരിക്കുന്ന ബിജെപി പേടിയെ തുടര്‍ന്ന് മമതാ ബാനര്‍ജി തന്റെ 43 അംഗ ക്യാബിനറ്റ് പുന:സംഘടിപ്പിക്കുന്നു. ബിജെപിയുടെ പ്രലോഭന തന്ത്രങ്ങളില്‍ പെട്ട് പാര്‍ട്ടി വലിയ നഷ്ടം നേരിട്ടു കൊണ്ടിരിക്കുന്ന വടക്കന്‍ ബംഗാളിലെ ജംഗല്‍മഹലിലെ പ്രശ്‌നം പരിഹരിക്കുകയാണ് ലക്ഷ്യമിടുന്നത്.
മൂന്ന് എംഎല്‍എ മാരും 50 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേരുന്നതായി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തി രണ്ടു മണിക്കൂര്‍ പിന്നിടും മുമ്പാണ് മമത കേടുപാട് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിയിരിക്കുന്നത്. തൃണമൂല്‍, കോണ്‍ഗ്രസ്, സിപിഎം എന്നീ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ് കൗണ്‍സിലര്‍മാര്‍. ഒരു കാലത്ത് മമതയുടെ വലംകൈ എന്ന് വിശേഷിപ്പിക്കാവുന്ന ആളും നിലവില്‍ ബിജെപി നേതാവുമായ മുകുള്‍റോയിയുടെ മകന്‍ ശുഭ്രാംശു റോയി, കോണ്‍ഗ്രസിലെ തുഷാര്‍കാന്തി ഭട്ടാചാര്യ, സിപിഎമ്മിലെ ദേബേന്ദ്രറോയി എന്നിവരാണ് മറ്റു രണ്ടുപേര്‍. തൃണമൂലിന് കൂടുതല്‍ നാശം വരുത്തുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം ഉയര്‍ത്തുന്ന ഭീഷണി.
ബംഗാളില്‍ നടന്ന പല ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പ് പോലെ തന്നെ പല ഘട്ടങ്ങളായി തൃണമൂല്‍ എംഎല്‍എ മാര്‍ വരുമെന്നും ഇതിലെ ആദ്യ ഘട്ടമാണ് ചൊവ്വാഴ്ച ഉണ്ടായതെന്നും കൂടുതല്‍ പേര്‍ വരും ഘട്ടങ്ങളില്‍ തങ്ങള്‍ക്കൊപ്പം വരുമെന്നും ബിജെപി നേതൃത്വം പറയുന്നു. 40 ടിഎംസി എംഎല്‍എ മാര്‍ തങ്ങള്‍ക്കൊപ്പം കൂറു മാറാന്‍ തയ്യാറായിരിക്കുകയാണെന്ന് നരേന്ദ്രമോഡി പ്രചരണത്തിനിടെ പറഞ്ഞിരുന്നു. അതേസമയം ക്യാബിനറ്റ് പുന:സംഘടിപ്പിക്കുന്നത് തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള പുതിയ മാറ്റമാണെന്നാണ് മമത പറഞ്ഞിരുന്നു. സുബ്രതാ മുഖര്‍ജി, ശുഭേന്ദു അധികാരി, രാജീവ് ബാനര്‍ജി,ബ്രാത്യ ബസു എന്നിവരാണ് പുതിയതായി ക്യാബിനറ്റില്‍ എത്തുന്നത്. ശാന്തിറാം മഹാത്തോയുടേയും ബിനോയ് കൃഷ്ണ ബര്‍മ്മന്റെയും മന്ത്രിസ്ഥാനം നഷ്ടമാകും.
ജൂണ്‍ 7 ന് നടക്കുന്ന ആദ്യ ഭരണാവലോകന യോഗത്തിലും വടക്കന്‍ ബംഗാളും ജംഗല്‍മഹലും പ്രധാന വിഷയമായേക്കുമെന്ന് സൂചനയുണ്ട്. തൃണമൂലിന് ശക്തമായ സ്വാധീനം ഉള്ള മേഖലയായിട്ടും മിഡ്‌നാപൂര്‍, ജാര്‍ഗാം, പുരുലിയ, ബങ്കുറ എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും നേടാനായിരുന്നില്ല. മറുകണ്ടം ചാടിയ 50 കൗണ്‍ലിസര്‍മാര്‍ മുഴുവനും തൃണമൂലില്‍ നിന്നുള്ളവരായിരുന്നു. ഇതോടെ നോര്‍ത്ത് 24 പര്‍ഗാനയിലെ നാലു മുനിസിപ്പാലിറ്റികളുടെ ഭരണമാണ് നഷ്ടമായത്.
നെയ്ഹാതി, കഞ്ചരപാരാ, ഹാലിഷാഹര്‍, ഭര്പാരാ എന്നിയയെല്ലാം ബിജെപിയിലേക്ക് പോയി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42 ലെ 18 സീറ്റ് ബിജെപി പിടിച്ചതിന് പിന്നാലെയാണ് ഇത്രയും കൂട്ടക്കൊഴിച്ചില്‍ തൃണമൂല്‍ കണ്ടത്. നോര്‍ത്ത് 24 പര്‍ഗാന വരുന്ന മുനിസിപ്പാലിറ്റികള്‍ ബാരക്‌പോര ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ്. ഇവിടെ തൃണമൂല്‍ വിമതനായ അര്‍ജുന്‍ സിംഗായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. ടിഎംസിയുടെ സിറ്റിംഗ് എംപി ദിനേഷ് ത്രിവേദിയെയാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസിന്റെ 15 എംഎല്‍എ മാരെങ്കിലും ബിജെപിയില്‍ എത്തിയിട്ടുണ്ട്.
from mangalam.com http://bit.ly/30RL7o8
via IFTTT
No comments:
Post a Comment