ലോക്സഭാതിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം നടക്കുന്ന മഹാരാഷ്ട്രയിൽ പ്രധാന പ്രതിപക്ഷമായ കോൺഗ്രസും എൻസിപിയുമല്ലാതെ മഹാസഖ്യത്തിന് ആരാണ് വെല്ലുവിളി? ഒരു സീറ്റിൽ പോലും മത്സരിക്കാതെ, എന്നാൽ മഹാരാഷ്ട്ര പിടിക്കാൻ കച്ചകെട്ടിഇറങ്ങിയ ശക്തനായ ആ പോരാളി മറ്റാരുമല്ല, മഹാരാഷ്ട്ര നവനിർമാൺ സേനയുടെ അധ്യക്ഷൻ രാജ് താക്കറെയാണത്. മഹാരാഷ്ട്രയിലെ യഥാർഥ ഗറില്ല ഫൈറ്റർ. ബിജെപി- ശിവസേന വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ രാജ് താക്കറേയാക്കൾ നല്ലൊരു പോരാളി ഇപ്പോൾ മഹാരാഷ്ട്രയിൽ ഇല്ല. കാരണം രാജിന് മഹാരാഷ്ട്രയെ നന്നായി അറിയാം. തിരഞ്ഞെടുപ്പ് അങ്കം മുറുകിയ മഹാരാഷ്ട്രയിൽ അപ്രതീക്ഷിതമായ മാസ് എൻട്രിയായിരുന്നു രാജ് താക്കറെ നടത്തിയത്. തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും മത്സരിക്കുന്നില്ലെങ്കിലും മോദി സർക്കാരിനെ വിമർശനങ്ങളാൽ കീറിമുറിച്ചാണ് താക്കറെയുടെ പ്രചാരണം. അതും, മഹാരാഷ്ട്ര ഇതുവരെ കാണാത്ത രീതിയിലും. ശിവസേന-ബിജെപി സഖ്യത്തോടുള്ള എംഎൻഎസിന്റെ ബദ്ധവൈര്യം ഫലത്തിൽ ഗുണം ചെയ്യുന്നത് പ്രതിപക്ഷമായ കോൺഗ്രസ്-എൻസിപി സഖ്യത്തിനാണെങ്കിലും എംഎൻഎസ് ഇതുവരെ ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ശിവസേനയുടെ സ്ഥാപകനായ ബാൽ താക്കറെയുടെ സഹോദരന്റെ മകനാണ് രാജ് താക്കറെ. മികച്ച പ്രാസംഗികനും രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ കഴിവുള്ള നേതാവും യുവാക്കളുടെ ഇടയിൽ വലിയ സ്വാധീനമുള്ളയാളുമായിരുന്നു രാജ് താക്കറെ. ബാൽ താക്കറെയ്ക്ക് ശേഷം ശിവസേനയ്ക്കാര് എന്ന ചോദ്യത്തിന് അത് രാജ് താക്കറെ ആയിരിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് ബാൽ താക്കറെ തന്റെ പിൻഗാമിയായി നിയോഗിച്ചത് മകനായ ഉദ്ധവ് താക്കറയെയാണ്. സ്വാഭാവികമായും ഇത് രാജ് താക്കറെയിൽ അതൃപ്തിക്കിടയാക്കി. ഇക്കാരണത്താൽ തെറ്റിപ്പിരിഞ്ഞ രാജ് താക്കറെയും സംഘവും ചേർന്ന് 2005ൽ സ്വന്തമായി രൂപീകരിച്ച പാർട്ടിയാണ് മഹാരാഷ്ട്ര നവനിർമാൺ സേന. ശിവസേനയുമായുള്ള താക്കറെയുടെ പടലപ്പിണക്കത്തിന് പതിനഞ്ച് വർഷത്തോളംപഴക്കമുണ്ടെന്ന് ചുരുക്കം. Caption ശിവസേനയുടെ ആശയങ്ങൾ കാലഹരണപ്പെട്ടെന്നും തങ്ങളാണ് മഹാരാഷ്ട്ര ജനതയ്ക്കു വേണ്ടി നിലയുറപ്പിക്കുന്ന യഥാർഥ സേന എന്നും വാദിച്ചാണ് എംഎൻഎസ് മഹാരാഷ്ട്രയിൽ കാലുറപ്പിക്കാൻ നോക്കിയത്. ഇത് ഫലം കാണാതിരുന്നില്ല. ശിവസേന വിട്ടപ്പോൾ കൂടെ ചേർന്നവരെ മുൻനിർത്തി അടുത്ത മുൻസിപ്പൽ തിരഞ്ഞെടുപ്പിലും പിന്നാലെ 2009ലെത്തിയ നിയമസഭാ തിരഞ്ഞെടുപ്പിലും എംഎൻഎസിന് മികച്ച നേട്ടമുണ്ടാക്കാനായി. 13 സീറ്റുകളാണ് 2009ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എംഎൻഎസ് നേടിയത്. അങ്ങനെ സംസ്ഥാന പാർട്ടിയെന്ന പദവിയും എംഎൻഎസിന് ലഭിച്ചു. എന്നാൽ തുടക്കത്തിൽ വലിയ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും അത് തുടരാൻ സാധിക്കാത്തത് പാർട്ടിക്ക് തിരിച്ചടിയായി. തിരഞ്ഞെടുപ്പ് വിജയം നിലനിർത്താനോ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനോ എംഎൻഎസിന് ആയില്ല. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ എംൻഎസിന്റെ ശക്തിക്ഷയിക്കുന്ന കാഴ്ചയാണ് മഹാരാഷ്ട്ര കണ്ടത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കെട്ടിവെച്ച കാശ് പോലും കിട്ടാത്ത തരത്തിൽ വലിയ പരാജയമാണ് എംഎൻഎസ് നേരിട്ടത്. ഒരു സീറ്റ് മാത്രമാണ് പാർട്ടിക്ക് ലഭിച്ചത്. നേതാക്കളുടെ കൂറുമാറ്റത്തോടൊപ്പം പാർട്ടിയും ക്ഷയിച്ചുതുടങ്ങുകയും എംഎൻസിൻറെരാഷ്ട്രീയ ചിത്രത്തിന്മങ്ങലേൽക്കുകയും ചെയ്തു. എംഎൻഎസിന്റെ പ്രവർത്തനങ്ങൾ വെറും വാഗ്ദാനങ്ങളിൽ ഒതുങ്ങിയെന്നായിരുന്നു അണികൾക്കിടയിൽ നിന്നുപോലും ഉയർന്ന വിമർശനം. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങവേ എംഎൻഎസ് വീണ്ടും ചിത്രത്തിലെത്തി. പിണക്കം മറന്ന് എംഎൻഎസ് മഹാസഖ്യത്തിൽ ചേരുമെന്നും അതല്ല, പ്രതിപക്ഷത്തിൽ ചേരുമെന്നുംഅഭ്യൂഹങ്ങൾ ഉയർന്നെങ്കിലും അതൊന്നും ഉണ്ടായില്ല. രണ്ടിലും ചേരാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല. പകരം, പ്രതീക്ഷിക്കാത്ത ട്വിസ്റ്റുമായൊരു മാസ് എൻട്രിയാണ് രാജ് താക്കറെ മഹാരാഷ്ട്രയിൽ നടത്തിയത്. പിണക്കം മറന്ന് മഹാസഖ്യത്തിൽ ചേരുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്ന രാജ് താക്കറെ തെരുവുകളിൽ മോദിക്കെതിരെ പ്രസംഗിക്കാനെത്തി. കേന്ദ്രസർക്കാരിന്റെ തെറ്റുകുറ്റങ്ങൾ എണ്ണിപ്പറഞ്ഞ്, കടുത്ത ചോദ്യങ്ങളുന്നയിച്ച് മോദി മുക്തഭാരതത്തിനുള്ള പ്രചാരണങ്ങൾക്ക് രാജ് തീകൊളുത്തി. മോദിയെ തെളിവുസഹിതം പൊളിച്ചടുക്കാൻ രാജ് മോദിക്കെതിരെ ആഞ്ഞടിക്കാൻ ബിഗ് സ്ക്രീനുകളുമായാണ് രാജ് താക്കറെ തെരുവുകളിലെത്തിയത്. സ്റ്റേജ് ഷോയ്ക്ക് സമാനമായ സജ്ജീകരണങ്ങളോടെ മോദിയുടെ വാഗ്ദാനങ്ങൾ അടങ്ങിയ പ്രസംഗവും പത്രവാർത്തകളും പ്രദർശിപ്പിച്ച് അതിൽ എത്രയെണ്ണം നടപ്പിലായെന്ന് ജനക്കൂട്ടത്തിനു മുന്നിലേയ്ക്ക്ചോദ്യങ്ങളെറിയും. കേവലം രാഷ്ട്രീയപ്രസംഗം എന്നതിലുപരി ബിജെപിയുടെ പൊളളത്തരത്തെ പൊളിച്ചടുക്കാനുള്ള ശ്രമമാണ് താക്കറെ നടത്തിയത്. മോദിയും സർക്കാരും ഫോട്ടോഷോപ്പ് രാഷ്ട്രീയമാണ് രാജ്യത്ത് നടത്തുന്നതെന്നും രാജ് ആരോപിക്കുന്നുണ്ട്. ബിജെപി അനുകൂല വാർത്തകളുടെ യാഥാർഥ്യം പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങളെല്ലാം രാജ് നടത്തുന്നു. ബിജെപി ചെയ്യുന്നതെല്ലാം പൊള്ളത്തരമാണെന്ന് വെറുംവാക്കാൽ പറഞ്ഞല്ല രാജിന്റെ പ്രസംഗം. ഓരോന്നും തെളിവുസഹിതം പൊളിച്ചുകൊണ്ടാണ് സദസ്സിനെ രാജ് കൈയിലെടുക്കുന്നത്. മോദിയുടെ ആവാസ് യോജനയുടെ ഗുണഭോക്താക്കളെന്നു പരസ്യത്തിൽ കാണിക്കുന്ന കുടുംബത്തെരാജ് വേദിയിലെത്തിച്ചു, എന്താണ് യാഥാർഥ്യമെന്ന് ജനങ്ങളെ അറിയിക്കാൻ. മോദിയുടെ പദ്ധതിയല്ലെന്നുംമറ്റൊരുകുടുംബാഘോഷത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽപോസ്റ്റ് ചെയ്തതിനും മോദി ആവാസ് യോജനയ്ക്കും ഒരു ബന്ധവുമില്ലെന്നും കുടുംബം തന്നെ പരസ്യമായി തുറന്നുപറയുമ്പോൾ ജനങ്ങൾ മൂക്കത്ത് വിരൽവെയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. Caption നോട്ട് നിരോധനവും അഴിമതിയും കർഷക ആത്മഹത്യയും എണ്ണിപ്പറഞ്ഞ് ഇനിയും നിങ്ങൾക്ക് മോദിയെ വേണോ എന്ന് ചോദിക്കും. മികച്ച പ്രാസംഗികനും ക്രൗഡ് പുള്ളറുമായ രാജിന്റെ പ്രസംഗം കേൾക്കാൻ ആയിരക്കണക്കിന് ആളുകളാണ് താക്കറെയുടെ പ്രസംഗ വേദികൾക്കരികിൽ എത്തുന്നത്. വോട്ട് ചെയ്യണമെന്ന് പറയുന്നില്ലെങ്കിലും ആർക്ക് ചെയ്യരുതെന്ന് പറഞ്ഞുകൊണ്ടാണ് രാജ് ഓരോ പ്രസംഗവും അവസാനിപ്പിക്കുന്നത്. മികച്ച പ്രാസംഗികനും കാർട്ടൂണിസ്റ്റും മിമിക്രി ആർട്ടിസ്റ്റുമായ രാജ് തന്റെ ഈ കഴിവുകളും പ്രസംഗവേദികളിൽ പുറത്തെടുത്തിട്ടുണ്ട്. മോദിയുടേയും അമിത് ഷായുടേയും ശബ്ദം അനുകരിച്ചുകൊണ്ടുള്ള രാജിന്റെ പ്രസംഗങ്ങൾ രസകരമായ രീതിയിൽ അവതരിപ്പിച്ചപ്പോൾ അത് വലിയ കയ്യടിയോടെയാണ് ജനാവലി ഏറ്റെടുത്തത്. എവിടേക്കാണ് രാജ് താക്കറെയുടെ ഈ പോരാട്ടത്തിന്റെ ദിശ? അത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തന്നെയെന്ന് നിശ്ചയം. നിലവിൽ സ്വന്തം ടീം ഏതാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഭാവിയിൽ പ്രതിപക്ഷവുമായി രാഷ്ട്രീയ നീക്കുപോക്കുണ്ടാക്കിയാൽ നഷ്ടപ്രതാപം വീണ്ടെടുത്ത് ശരദ് പവാറിനു ശേഷം ഒരു സർവസമ്മതനായ നേതാവായി മാറാൻ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസം രാജ് താക്കറെയ്ക്കുണ്ട്.ആ വിശ്വാസംതന്നെയാണ് അദ്ദേഹത്തെ നയിക്കുന്നതും. Content Highlight:Raj Thackeray, Maharashtra Navanirman Sena, MNS, Maharashtra Election, Shivasena-BJP
from mathrubhumi.latestnews.rssfeed http://bit.ly/2DGw46T
via
IFTTT
No comments:
Post a Comment