ന്യൂഡൽഹി: നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിരാട് രാജീവ് ഗാന്ധി കുടുംബാവശ്യത്തിനുപയോഗിച്ചു എന്ന വാദം തെറ്റാണെന്ന് ലക്ഷദ്വീപ് മുൻ അഡ്മിനിസ്ട്രേറ്റർ വജാഹത്ത് ഹബീബുള്ളയും റിട്ട. വൈസ് അഡ്മിറൽ വിനോദ് പസ്റിച്ചയും. 1987-ൽ രാജീവ് ഗാന്ധി കവരത്തിയിലെത്തിയപ്പോൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായിരുന്നു ഹബീബുള്ള. അന്ന് വിരാടിന്റെ കമാൻഡറായിരുന്നു വൈസ് അഡ്മിറൽ പസ്റിച്ച. “ദ്വീപിന്റെ വികസനവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാനാണ് രാജീവ് 1987-ൽ ലക്ഷദ്വീപിലെ കവരത്തിയിലെത്തിയത്. അതിനുമുമ്പ് 1986-ൽ അന്തമാനിലായിരുന്നു യോഗം. സന്ദർശനത്തിനിടെ, പ്രധാനമന്ത്രി ദ്വീപ് വികസന കൗൺസിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കൗൺസിൽ യോഗം കേന്ദ്രമന്ത്രിസഭായോഗത്തിന്റെ ഭാഗമായി നടന്നു. നരസിംഹറാവു ഉൾപ്പെടെയുള്ളവരടങ്ങിയ പൂർണ മന്ത്രിസഭാ യോഗമാണ് നടന്നത്. എല്ലാ മന്ത്രിമാരും ഉണ്ടായിരുന്നതിനാൽ സുരക്ഷ പരിഗണിച്ച് ഐ.എൻ.എസ്. വിരാട് മുഴുവൻസമയവും കരയ്ക്കടുപ്പിക്കാതെയായിരുന്നു നിർത്തിയത്” - ഹബീബുള്ള പറഞ്ഞു. “രാജീവ് ഗാന്ധിയുടെ സുഹൃത്തുക്കളാരും ഐ.എൻ.എസ്. വിരാടിൽ പോയിരുന്നില്ല. കൗൺസിൽ യോഗങ്ങൾ അല്പദിവസം നീണ്ടു. ഇതിനുശേഷം രാജീവ് ഗാന്ധി കുടുംബത്തോടൊത്ത് അവധി ആഘോഷിക്കാൻ തീരുമാനിച്ചു. യോഗങ്ങളെല്ലാം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ബന്ധുക്കൾ, സോണിയയുടെ സഹോദരിയും ഭർത്താവും അമിതാഭ് ബച്ചൻ, ജയാ ബച്ചൻ എന്നിവരുമടക്കം എത്തി. ആരും കവരത്തിയിലേക്കു വന്നില്ല. അവർ കൊച്ചിയിൽനിന്ന് ബങ്കാരം ദ്വീപിലേക്ക് ഹെലികോപ്റ്ററിലെത്തുകയായിരുന്നു. അവിടെ ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചത്. ഇതൊക്കെ അമിതാഭ് ബച്ചനോട് ചോദിക്കാവുന്നതേയുള്ളൂ” -അദ്ദേഹം പറഞ്ഞു. “1987-ൽ ലക്ഷദ്വീപിലേക്ക് ദ്വീപിന്റെ നിയന്ത്രണത്തിലുള്ള ഹെലികോപ്റ്റർ കമ്പനി രാജീവ് ഗാന്ധി അനുവദിച്ചിരുന്നു; പവൻ ഹാൻസ് ഹെലികോപ്റ്റേഴ്സ് ലിമിറ്റഡ്. ഇതിലെ ഇവരുടെ യാത്രയ്ക്കുള്ള ബില്ലുകളൊന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് ലഭിച്ചില്ല. ബംഗാരാമിലെ ഗസ്റ്റ് ഹൗസിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. രാജീവ് ഗാന്ധി അദ്ദേഹത്തിന്റെ കുടുംബത്തിനും മറ്റുള്ളവർ അവർക്കും വേണ്ടി പണമടയ്ക്കുകയായിരുന്നു. പ്രധാനമന്ത്രി ഇപ്പോൾ അസാധാരണ അവകാശവാദങ്ങളിലൂടെ കള്ളം പറയുകയാണ്. അദ്ദേഹത്തിന് തെറ്റായ വിവരം കിട്ടിയതാവാം. അതിനാൽ രേഖകൾ പരിശോധിക്കണം” -ഹബീബുള്ള ആവശ്യപ്പെട്ടു. ഔദ്യോഗിക പരിപാടിക്കാണ് രാജീവ് വിരാടിലെത്തിയതെന്ന് വൈസ് അഡ്മിറൽ പസ്റിച്ചയും പറഞ്ഞു. ഭാര്യ സോണിയാഗാന്ധിയും മകൻ രാഹുലും രണ്ട് ഐ.എ.എസ്. ഉദ്യോഗസ്ഥരും മാത്രമാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. മറ്റു കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല -അദ്ദേഹം വ്യക്തമാക്കി. content highlights:PM is lying about INS Viraat incident: Wajahat Habibullah
from mathrubhumi.latestnews.rssfeed http://bit.ly/2Hb3nAV
via
IFTTT
No comments:
Post a Comment