കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ വ്യാജ ബാങ്ക് രേഖകൾ ചമച്ചെന്ന കേസിലെ പ്രതികളായ വൈദികരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം. കേസിലെ ഒന്നാം പ്രതി ഫാ. പോൾ തേലക്കാട്ട്, നാലാം പ്രതി ഫാ. ടോണി (ആന്റണി) കല്ലൂക്കാരൻ എന്നിവരോടാണ് ഈ മാസം 30 മുതൽ ജൂൺ അഞ്ചു വരെ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദേശിച്ചിരിക്കുന്നത്. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന പ്രോസിക്യൂഷന്റെ ഉറപ്പിലാണ് കോടതിയുടെ നടപടി. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് ജൂൺ ഏഴിലേക്കു മാറ്റി. വൈദികരെ ചോദ്യം ചെയ്യുന്നതിന് കോടതി പോലീസിന് പ്രത്യേക നിർദേശങ്ങളും നൽകിയിട്ടുണ്ട്. ദിവസവും രാവിലെ 10 മണി മുതൽ വൈകീട്ട് നാലു മണി വരെയാണ് വൈദികരെ ചോദ്യം ചെയ്യാനാവുക. ഇതിനിടയിൽ ആവശ്യമായ ഇടവേളകളും നൽകണം. ചോദ്യം ചെയ്യൽ നടക്കുന്ന മുറിയിൽ പ്രതിഭാഗം അഭിഭാഷകനെ അനുവദിക്കില്ല. എന്നാൽ, ചോദ്യം ചെയ്യൽ നടക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത് പ്രതിഭാഗം അഭിഭാഷകർക്കു നിൽക്കാവുന്നതാണ്. ചോദ്യം ചെയ്യലിനിടയിൽ പ്രതികളെ ശാരീരികമായി പീഡിപ്പിക്കാൻ പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കർദിനാളിനെ സമൂഹ മധ്യത്തിൽ അപകീർത്തിപ്പെടുത്തുന്നതിനാണ് പ്രതികൾ വ്യാജരേഖകൾ നിർമിച്ചതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. സിറോ മലബാർ ബിഷപ്പുമാർ പങ്കെടുത്ത സിനഡിനെ തെറ്റിദ്ധരിപ്പിച്ച് കർദിനാളിനെ തൽസ്ഥാനത്തു നിന്ന് പുറത്താക്കാനായിരുന്നു ശ്രമം. ഇതിനുവേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് വ്യാജരേഖകൾ നിർമിച്ചത്. അത് വലിയ വഞ്ചനയും ചതിയുമാണെന്ന് പ്രോസിക്യൂഷനും കേസിൽ കക്ഷി ചേർന്ന ഇന്ത്യൻ കാത്തലിക് ഫോറം വൈസ് പ്രസിഡന്റ് ബിനു ചാക്കോയുടെ അഭിഭാഷകനും വാദിച്ചു. കർദിനാളിനെ അപകീർത്തിപ്പെടുത്തി സമ്മർദത്തിലാക്കുന്നതിനു പിന്നിൽ വലിയ സാമ്പത്തിക താത്പര്യങ്ങളുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇക്കാര്യങ്ങൾ നിയമത്തിനു മുന്നിലെത്തിക്കാൻ പ്രതികളുടെ സ്വാധീനശേഷി മൂലം കഴിയുന്നില്ല. ഇവർ അന്വേഷണത്തോടു സഹകരിക്കാത്ത സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് നീതിപൂർവമായ അന്വേഷണത്തിന് ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ, പ്രതികൾക്കു മുൻകൂർ ജാമ്യത്തിന് അർഹതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ മുഖ്യ വാദം. കേസിലെ മൂന്നാം പ്രതിയായ ആദിത്യ സക്കറിയയെ ഭീഷണിപ്പെടുത്തിയാണ് വൈദികർക്കെതിരേ പോലീസ് മൊഴി പറയിപ്പിച്ചതെന്നും പ്രതിഭാഗം കുറ്റപ്പെടുത്തി. വൈദികർക്കെതിരായ തെളിവുകളൊന്നും പോലീസിന്റെ പക്കലില്ലെന്നും അവർ വാദിച്ചു. ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ് വൈദികരെ കേസിൽ പ്രതി ചേർത്തതെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. content highlights:Fake documents against Cardinal Alencherry
from mathrubhumi.latestnews.rssfeed http://bit.ly/2JIKfgf
via
IFTTT
No comments:
Post a Comment