രാജ്യ തലസ്ഥാനം പിടിച്ചെടുത്ത് ബിജെപി. 2014ലേതിന് സമാനമായി ഡൽഹിയിൽ മുഴുവൻ സീറ്റുകളിലും താമര വിരിഞ്ഞു. ഏഴുസീറ്റുകളിൽ ആറിടത്തും കോൺഗ്രസ് രണ്ടാമതെത്തി. ദക്ഷിണ ഡൽഹിയിൽ മാത്രമാണ് ആപ്പിന് രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ചത്. സിറ്റിങ് എംപിമാരായ ഹർഷവർധൻ, മീനാക്ഷി ലേഖി, മനോജ് തിവാരി, പർവേഷ് സാഹിബ് സിങ് വർമ, രമേഷ് ബിധൂരി എന്നിവരെയും പുതുമുഖങ്ങളായ ഗൗതം ഗംഭീറിനെയും ഹൻസ് രാജിനെയുമാണ് ബി ജെ പി കളത്തിലിറക്കിയത്. സിറ്റിങ് എംപിയും കേന്ദ്രമന്ത്രിയുമായ ഹർഷവർധൻ ചാന്ദ്നിചൗക്കിൽ നിന്ന് 228145 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 519055 (52.94%) വോട്ടാണ് ഹർഷവർധൻ നേടിയത്. കോൺഗ്രസിന്റെ ജയ്പ്രകാശ് അഗർവാൾ 2,90,910 വോട്ടും ആം ആദ്മി പാർട്ടിയുടെ പങ്കജ് കുമാർ ഗുപ്ത 1,44,551 വോട്ടും നേടി. രാഷ്ട്രീയത്തിലെ ആദ്യ ഇന്നിങ്ങ്സിൽ മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ മിന്നി. കിഴക്കൻ ഡൽഹിയിൽനിന്ന് 696156 (55.35%)വോട്ടുകൾ നേടിയാണ് ഗംഭീറിന്റെ ഗംഭീരവിജയം. 3,91,222 വോട്ടാണ് ഗംഭീറിന്റെ ഭൂരിപക്ഷം. കോൺഗ്രസിന്റെ അരവിന്ദർ സിങ് ലവ്ലി 304934 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ആപ്പിന്റെ അതിഷി മർലേനക്ക് 2,19,328 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ന്യൂഡൽഹിയിൽ നിന്ന് മീനാക്ഷി ലേഖി വീണ്ടും ലോക്സഭയിലെത്തി. 504206(54.77%)വോട്ടുകളാണ് ബി ജെ പി നേടിയത്. ഭൂരിപക്ഷം-256504 വോട്ട്.കോൺഗ്രസിന്റെ അജയ് മാക്കൻ 2,47702 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി. 1,50342 വോട്ടുകൾ മാത്രമാണ് ആപ്പിന്റെ ബ്രിജേഷ് ഗോയലിന് നേടാനായത്. വടക്കുകിഴക്കൻ ഡൽഹിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി 787799(53.9%) വോട്ടുകൾ നേടി. 366102 വോട്ടാണ് തിവാരിയുടെ ഭൂരിപക്ഷം. ഡൽഹി മുൻമുഖ്യമന്ത്രിയും ഡൽഹി പി സി സി അധ്യക്ഷയുമായ ഷീലാ ദീക്ഷിതിന് 4,21697 വോട്ടുകൾ മാത്രമാണ് നേടാനായത്. ആപ്പിന്റെ ദിലീപ് പാണ്ഡെ 190856 വോട്ടുകൾ നേടി. വടക്കു പടിഞ്ഞാറൻ ഡൽഹിയിൽ 848663 (60.49%) വോട്ടുകൾ നേടി ഹൻസ് രാജ് ഹൻസ് വിജയിച്ചു.553897 വോട്ടാണ് ഇദ്ദേഹത്തിന്റെ ഭൂരിപക്ഷം. കോൺഗ്രസിന്റെ രാജേഷ് ലിലോതിയ 236882 വോട്ടുകൾ നേടി രണ്ടാംസ്ഥാനത്തെത്തി. മൂന്നാംസ്ഥാനത്തെത്തിയ ആപ്പിന്റെ ഗുഗ്ഗൻ സിങ്ങ് 294766 വോട്ടുകൾ നേടി. ദക്ഷിണ ഡൽഹിയിൽനിന്ന് 687014(56.58%)വോട്ടുകൾ നേടി രമേഷ് ബിധൂരി വിജയിച്ചു. 367043 വോട്ടാണ് ഭൂരിപക്ഷം. രണ്ടാം സ്ഥാനത്തെത്തിയ ആപ്പിന്റെ രാഘവ് ഛദ്ദ 319971വോട്ടുകൾ നേടി രണ്ടാംസ്ഥാനത്തെത്തി. ബോക്സിങ് താരം കൂടിയായ കോൺഗ്രസ് സ്ഥാനാർഥി വിജേന്ദർ സിങ്164613 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. പടിഞ്ഞാറൻ ഡൽഹിയിൽ പർവേഷ് സാഹിബ് സിങ് വർമ 865648(60.05%)വോട്ടുകൾ നേടി. 578486 വോട്ടാണ് ഭൂരിപക്ഷം. കോൺഗ്രസിന്റെ മഹാബൽ ശർമയ്ക്ക് നേടാനായത് 287162 വോട്ടുകളാണ്. 251873വോട്ടുകൾ ആപ്പിന്റെ ബൽബീർ സിങ് ജാഖർ നേടി. രാജ്യതലസ്ഥാനത്തുനിന്ന് ലോക്സഭയിലേക്ക് പോകുന്നത് ആരൊക്കയാവും? ബി ജെ പി എന്ന പൊതുരാഷ്ട്രീയശത്രുവിനെതിരെ കോൺഗ്രസും ആം ആദ്മി പാർട്ടിയും സഖ്യം രൂപവത്കരിച്ച് പോരാടുമോ? 2014ലേതിനു സമാനമായി ഏഴിൽ ഏഴു സീറ്റും ബി ജെ പിക്ക് നേടാനാകുമോ? ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ ഡൽഹിയുടെ രാഷ്ട്രീയഭൂപടം നോക്കിയവരുടെ മനസ്സിൽ രൂപം കൊണ്ട ചോദ്യങ്ങളാണ് ഇവയൊക്കെ. എന്നാൽ കോൺഗ്രസ്-ആപ്പ് സഖ്യം സാധ്യമാകില്ലെന്ന് ഉറപ്പായതോടെ ഡൽഹിയിൽ പോരാട്ടം കനത്തു. ഏഴു സീറ്റുകളും നിലനിർത്തുക എന്ന വെല്ലുവിളിയായിരുന്നു ബിജെപിക്കു മുന്നിലുണ്ടായിരുന്നതെങ്കിൽ കരുത്തു തെളിയിച്ചേ മതിയാകൂവെന്നതായിരുന്നു കോൺഗ്രസിനു മുന്നിലെ കടമ്പ. ലോക്സഭാ തിരഞ്ഞെടുപ്പിൽ മിന്നും പ്രകടനം ഒറ്റയ്ക്ക് കാഴ്ചവെക്കാൻ സാധിക്കുമെന്ന ആത്മവിശ്വസം സീറ്റുകളിൽ പ്രകടിപ്പിക്കുകയായിരുന്നു ആപ്പിനു മുന്നിലുണ്ടായിരുന്ന പരീക്ഷ. എന്നാൽ കടമ്പകളെ കടത്തിവെട്ടി മികച്ച ഭൂരിപക്ഷത്തിൽ ഡൽഹിയിലെ എല്ലാ സീറ്റുകളിലും ബിജെപി വെന്നിക്കൊടി പാറിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യം രൂപവത്കരിക്കുന്നതിൽനിന്ന് കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും പിന്നോട്ടു വലിച്ചത് ഒരേയൊരു ഘടകമായിരുന്നു- വോട്ട് ബാങ്ക്. ഡൽഹിയിൽ കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും വോട്ട് ബാങ്ക് ഒന്നാണ്. അതുകൊണ്ടു തന്നെ ബി ജെ പിയെ എതിരിടാൻ കോൺഗ്രസും ആം ആദ്മിയും തമ്മിൽ സഖ്യം രൂപവത്കരിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുണകരമാകുമെങ്കിലും അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതികൂലമാകാനാണ് സാധ്യത. ഈ വിലയിരുത്തലിലാണ് സഖ്യചർച്ചയിൽ നിന്ന് ഇരുവരും പിന്നോട്ടു പോയത്. ഈ നീക്കം ബി ജെ പിക്ക് ഗുണകരമായി എന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. content highlights:bjp wins all seats in delhi
from mathrubhumi.latestnews.rssfeed http://bit.ly/2X6FSyK
via
IFTTT
No comments:
Post a Comment