ശരിക്കുള്ള കളി വരാനിരിക്കുന്നതേയുള്ളൂ. മെയ് 23ന് ഇന്ത്യൻ ജനതയുടെ വിധിയറിയാം. അതിനു ശേഷമുള്ള കളിയായിരിക്കും കളി. ഒരു പാർട്ടിക്കും തനിച്ച് ഭൂരിപക്ഷമുണ്ടാവില്ലെന്ന നിലയിലേക്കാണ് കാര്യങ്ങൾ പോവുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. 2014 ൽ 282 സീറ്റ് നേടിയ ബിജെപി ഇക്കുറി 170 കടന്നാൽ ഭാഗ്യമെന്നേ പറയാനാവൂ എന്നാണ് ആസ്ഥാന രാഷ്ട്രീയ പണ്ഡിതന്മാർ പറയുന്നത്. ഉത്തർപ്രദേശിൽ 80 സീറ്റിൽ 71 ഉം ബിജെപി കഴിഞ്ഞ തവണ പിടിച്ചിരുന്നു. ഇത്തവണ എസ്പി - ബിഎസ്പി സഖ്യത്തിനു മുന്നിൽ അവിടെ ബിജെപിയുടെ വിജയം 30 സീറ്റിനപ്പുറത്തേക്ക് കടക്കുന്ന കാര്യം കഷ്ടമായിരിക്കും. രാജസ്ഥാനിൽ 25 ൽ 25 ഉം ഗുജറാത്തിൽ 26ൽ 26 ഉം മദ്ധ്യപ്രദേശിൽ 29 ൽ 27 ഉം ചത്തിസ്ഗഡിൽ 11 ൽ പത്തും ഡെൽഹിയിൽ ഏഴിൽ ഏഴുംനേടിയ ആ പ്രകടനം ഇക്കുറി ബിജെപി ആവർത്തിക്കുമെന്ന് സാക്ഷാൽ നരേന്ദ്ര മോദിയും അമിത്ഷായും പോലും കരുതുന്നുണ്ടാവില്ല. ഇനിയിപ്പോൾ അവരങ്ങിനെ കരുതിയാലും അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടാവാൻ പോവുന്നില്ല. ഉത്തരേന്ത്യയിൽ സീറ്റ് കുറയുകയും ദക്ഷിണേന്ത്യയിൽ കാര്യമായ മുന്നേറ്റമൊന്നും നടത്താനാവാതെ വരികയും ചെയ്യുമ്പോഴുണ്ടാവുന്ന നഷ്ടം നികത്താൻ വടക്ക് കിഴക്കൻ സ്ംസ്ഥാനങ്ങളിൽ നിന്നുകിട്ടിയേക്കാവുന്ന സീറ്റുകൾ കൊണ്ടാവില്ലെന്നും ബിജെപിക്കറിയാം. അതേസമയം ഹിന്ദി ബെൽറ്റിൽ നിന്ന് കോൺഗ്രസ് ഇക്കുറി ഒരമ്പത് സീറ്റ് പിടിച്ചാൽ ഞെട്ടേണ്ട കാര്യമില്ലെന്നും റിപ്പോർട്ടുകളുണ്ട്. പക്ഷേ, ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപി തന്നെയാവാനാണ് സാദ്ധ്യത. അവിടെയാണ് കോൺഗ്രസ് കർണ്ണാടക കളിക്കാൻ ഒരുങ്ങുന്നത്. കർണ്ണാടകയിൽ ജനതാദളിനെ കൂട്ടുപിടിച്ച് കോൺഗ്രസ് നടത്തിയ കളി ബിജെപിയുടെ ഉൾക്കണ്ണ് തുറപ്പിക്കാൻ പോന്നതായിരുന്നു. കോൺഗ്രസ് 100 സീറ്റിനപ്പുറത്തേക്ക് കടക്കുകയും ആർക്കും ഭൂരിപക്ഷമില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലായിരിക്കും ഈ കളിക്ക് സാദ്ധ്യത. ഈ കളിക്കുള്ള ഒരു പ്രശ്നം മറ്റ് പ്രതിപക്ഷ കക്ഷികൾ അന്യായമായി വിലപേശുമെന്നുള്ളതാണ്. മമതയും മായാവതിയും അഖിലേഷും ശരദ്പവാറും ചന്ദ്രബാബുനായിഡുവും ജഗൻമോഹനും ചന്ദ്രശേഖർറാവുവുമൊക്കെ കോൺഗ്രസ്സിനെ വരുതിയിലാക്കാൻ ആഞ്ഞ് ശ്രമിക്കും. സ്വാഭാവികമായും വിട്ടുവീഴ്ചകളുടെവൻകടലിലേക്കായിരിക്കും കോൺഗ്രസ് വീഴുക. ഇത്തരം വിട്ടുവീഴ്ചകൾക്ക് കഴുത്തുവെച്ചുകൊടുക്കാൻ രാഹുൽഗാന്ധിക്ക് താത്പര്യമുണ്ടാവില്ല. മായാവതിയും ശരദ്പവാറും അടങ്ങുന്ന പ്രതിപക്ഷ നിരയ്ക്കും രാഹുലിനോട് വലിയ കമ്പമുണ്ടാവില്ല. അങ്ങിനെ വരുമ്പോൾ രാഹുലിന് പകരം ഒരാളെ കോൺഗ്രസ് കണ്ടെത്തേണ്ടി വരും. എ കെ ആന്റണിയെപ്പോലൊരാളെയാവും കോൺഗ്രസ് ഇതിനായി തേടുക. വടക്കേ ഇന്ത്യക്കാരനായിരുന്നെങ്കിൽ കോൺഗ്രസ് എപ്പോൾ അന്തോണിച്ചനെ പ്രധാനമന്ത്രിയാക്കുമായിരുന്നു എന്ന് മാത്രം ചോദിച്ചാൽ മതി. പക്ഷേ, പ്രായവും ന്യൂനപക്ഷ വിഭാഗക്കാരനാണെന്നതും ആന്റണിക്ക് പ്രതികൂലമാണ്. ഇവിടെയാണ് കർണ്ണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ശുക്രൻ ഉദിക്കാനുള്ള സാദ്ധ്യത. കോൺഗ്രസ് ഹൈക്കമാന്റിന് അതായത് നെഹ്രു കുടുംബത്തിന് വിശ്വസ്തതയും കൂറുമാണ് ഏറെ പ്രധാനം. നരസിംഹറാവുവിനെപ്പോലൊരാളുടെ തലയിൽ ഇനിയൊരിക്കലും നെഹ്രുകുടുംബം തലവെച്ചു കൊടുക്കില്ല. മിടുക്കിൽ മൻമോഹനേക്കാൾ ഒട്ടും പിന്നലല്ലെങ്കിലും ചിദംബരത്തിന് സുപ്രധാന പദവി കൊടുക്കാൻ ഹൈക്കമാന്റ് തയ്യാറാവാത്തത് ഒരു നരസിംഹറാവു രണ്ടാമനിൽ താത്പര്യമില്ലാത്തതുകൊണ്ടു തന്നെയാണ്. മല്ലികാർജുന്റെ കാര്യത്തിൽ ആ പ്രശ്നമില്ല. ഇക്കഴിഞ്ഞ അഞ്ചു കൊല്ലം ലോക്സഭയിൽ പാർട്ടിയുടെ നേതാവായിരുന്നപ്പോൾ കുടുംബത്തോട് ചോദിക്കാതെ മല്ലികാർജുൻ കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല. കേന്ദ്രത്തിൽ റെയിൽവെ മന്ത്രിയും തൊഴിൽ മന്ത്രിയുമൊക്കെയായി ഭരണപരിചയവും മല്ലികാർജുനുണ്ട്. കർണ്ണാടകത്തിൽ നിന്നുള്ള ദളിത് നേതാവാണ് എന്നതും മല്ലികാർജുന് തുണയാകുന്നു. അഞ്ചു പതിറ്റാണ്ടിലേറെ ദൈർഘ്യമുള്ള രാഷ്ട്രീയ ജീവിതത്തിൽ ഒരു തിരഞ്ഞെടുപ്പിലും ഖാർഗെ പരാജയപ്പെട്ടിട്ടില്ല. നിയമസഭയിലേക്ക് ഒമ്പത് തവണയും ലോക്സഭയിലേക്ക് രണ്ടു തവണയും വിജയിച്ച ചരിത്രമാണ് ഖാർഗെയ്ക്കുള്ളത്. മല്ലികാർജുനെ പ്രധാനമന്ത്രിസ്ഥാനാർത്ഥിയാക്കിയാൽ മായാവതിക്കോ മമതയ്ക്കോ പവാറിനോ എന്തിന് ഒഡീഷയിലെ ബിജു പട്നായിക്കിന് പോലും എതിർക്കാനായെന്നു വരില്ല. കോൺഗ്രസ് കർണ്ണാടക കളിച്ചാൽ ബിജെപി ഗോവയോ മണിപ്പൂരോ കളിക്കില്ലേ എന്ന ചോദ്യം ഈ അവസരത്തിൽ കേൾക്കാതിരിക്കാനാവില്ല. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവയിൽ 40 ൽ 17 ഉം മണിപ്പൂരിൽ 60ൽ 28 ഉം നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് കോൺഗ്രസ്സാണ്. ഇവിടെ രണ്ടിടത്തും ഇപ്പോൾ കോൺഗ്രസ്സല്ല ഭരിക്കുന്നത്. ഇന്ദ്രപ്രസ്ഥത്തിൽ പക്ഷേ, ഈ കളി ആവർത്തിക്കുക ബിജെപിക്ക് എളുപ്പമല്ല. കാരണം ബിജെപിയോട് താത്പര്യമുള്ള പാർട്ടികൾക്ക് പോലും മോദിയോട് താത്പര്യമുണ്ടാവണമെന്നില്ല. മാത്രമല്ല ബിജു പട്നായിക്കും ജഗൻമോഹനും ചന്ദ്രശേഖഖർ റാവുവും ഒഴികെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളാരും തന്നെ മോദി വീണ്ടും പ്രധാനമന്ത്രിയാവണമെന്ന ആഗ്രഹം ഉള്ളിൽ കൊണ്ടു നടക്കുന്നവരുമല്ല. കൂട്ടുകക്ഷി ഭരണത്തിന് പറ്റിയ പ്രധാനമന്ത്രിയാണ് മോദിയെന്ന് ശിവസേനക്കാർക്ക് പോലും അഭിപ്രായമുണ്ടാവില്ല. യുദ്ധത്തിന് പറ്റിയ പ്രധാനമന്ത്രിയാണെങ്കിലും വിൻസ്റ്റൺ ചർച്ചിൽ സമാധാന കാലത്തിന് പറ്റിയ ആളല്ലെന്നാണ് രണ്ടാംലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടൻ വിധിയെഴുതിയത്. 2014 ൽ എൻഡിഎ മന്ത്രി സഭ നിലവിൽ വന്നെങ്കിലും അതെല്ലാ അർത്ഥത്തിലും ബിജെപി സർക്കാർ തന്നെയായിരുന്നു. സ്വന്തം പാർട്ടിയിലെ മന്ത്രിമാരെപ്പോലും വകവെയ്ക്കാത്ത മോദി ഘടകക്ഷികളിലെ മന്ത്രിമാരെ കൈകാര്യം ചെയ്തതെങ്ങിനെയാണെന്നുള്ളത് ചരിത്രമാണ്. അതുകൊണ്ടുതന്നെ ഒരു നിവൃത്തിയുണ്ടെങ്കിൽ മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ ഈ കക്ഷികൾക്ക് താത്പര്യമുണ്ടാവില്ല. ബിജെപിയിലാണെങ്കിൽ തത്ക്കാലത്തേക്ക് മോദിക്ക് പകരക്കാരനായി ഒരാളില്ല. മോദിയെ മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു സർക്കാർ പരീക്ഷണത്തിനും ബിജെപിക്കോ ആർ എസ് എസ്സിനോ മനസ്സുണ്ടാവില്ല. അതുകൊണ്ടുതന്നെ ഗോവയും മണിപ്പൂരും കളിക്കാനുള്ള ബിജെപിയുടെ നീക്കം വിജയമാവാനുള്ള സാദ്ധ്യത കമ്മിയാണ്. ഇരുന്നൂറിനടുത്തെത്തിയാൽ മാത്രമേ ഇക്കുറി ബിജെപിക്ക് കേന്ദ്രത്തിൽ കാര്യമായ കളി കളിക്കാനാവൂ എന്നതാണ് വാസ്തവം. പക്ഷേ, അതിനുള്ള സാദ്ധ്യത വിരളമാണെന്നിരിക്കെ ഇതാദ്യമായി ഒരു ദളിതൻ പ്രധാനമന്ത്രിയാവുന്നതിന് ഇന്ത്യയും ലോകവും സാക്ഷിയായേക്കും എന്നു പറഞ്ഞാൽ അതല്ലേ അതിന്റെയൊരു കാവ്യനീതി. content highlights:who is the next Prime minister? Modi Rahul Or Mallikarjun Kharge
from mathrubhumi.latestnews.rssfeed http://bit.ly/2JhOoH2
via
IFTTT
No comments:
Post a Comment