കൊച്ചി: സി.പി.എം നേതാവും മുൻ ധനമന്ത്രിയുമായ വി.വിശ്വനാഥ മേനോൻ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളിലൊരാളായിരുന്നു ഇദ്ദേഹം. 1987-ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്നു. എറണാകുളത്തെ സിപിഎം രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവായിരുന്നു വി വിശ്വനാഥൻ. രണ്ടു തവണ ലോക്സഭാംഗമായിരുന്ന വിശ്വനാഥമേനോൻ ഇടക്കാലത്ത് പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞു 2003-ലെ എറണാകുളം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം സി.പി.എം. സ്ഥാനാർത്ഥിക്കെതിരെ ബിജെപി പിന്തുണയോടെ വിമതനായിമത്സരിക്കുകയും ചെയ്തു. സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. തൃപ്പൂണിത്തുറയിൽ നിന്ന് നിയമസഭയിലെത്തിയാണ് അദ്ദേഹം നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയായത്. 1967 ൽ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ നിന്ന് സിപിഎമ്മിനെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തി. 1974 ൽ രാജ്യസഭാംഗമായിരുന്നു. സ്കൂൾ വിദ്യാഭ്യാസകാലം മുതൽ വിശ്വനാഥമേനോൻ സജീവമായി രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു. അഭിഭാഷകനായ അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1927 ജനുവരി 15ന് ജനിച്ച വിശ്വനാഥ മേനോൻ എറണാകുളം ശ്രീരാമവർമ സ്കൂളിലും മഹാരാജാസ് കോളേജിലും മുംബൈ ലോ കോളേജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഹൈക്കോടതി അടക്കം നിരവധി കോടതികളിൽ അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർഥിയായിരുന്നപ്പോൾ സ്വാതന്ത്ര്യ സമരത്തിലൂടെ പൊതു പ്രവർത്തനത്തിൽ പ്രവേശിച്ചു. തുടർന്ന് വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലും സജീവമായി. അഖില കൊച്ചി വിദ്യാർഥി ഫെഡറേഷൻ ജനറൽ സെക്രട്ടറിയായി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് 13-ാം വയസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട വിശ്വനാഥ മേനോൻ പൊതുപ്രവർത്തനത്തിൻറെ ഭാഗമായിപിന്നീട് നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1947ൽ മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്ത്, ദേശീയ പതാകയ്ക്കൊപ്പം കൊച്ചി രാജാവിന്റെ പതാക കൂടി ഉയർത്താനുള്ള തീരുമാനത്തിനെതിരെ രാജാവിന്റെ പതാക കീറി പ്രതിഷേധിച്ചതിനെ തുടർന്ന് കോളേജിൽനിന്ന് പുറത്താക്കി. പിന്നീട് പുണെ ലോ കോളേജിലും തുടർന്ന്മുംബൈ ലോ കോളേജിലും വിദ്യാർഥിയായി.1945ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ വിശ്വനാഥ മേനോൻ നിരവധി തവണ അറസ്റ്റിലാവുകയും ഒളിവിൽ പോകുകയും ചെയ്തു. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തതിൻറെ പേരിൽ 1950 ഡൽഹിയിൽ വെച്ച് അറസ്റ്റിലാവുകയും ഇന്ത്യയിലെ വിവിധ ജയിലുകളിൽ ഏകാന്ത തടവ് അനുഭവിക്കുകയും ചെയ്തു. അഭിഭാഷകനായി പ്രവർത്തിക്കുന്നതിനിടയിൽ 1956ൽ വിശ്വനാഥ മേനോൻ എറണാകുളം മുനിസിപ്പൽ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1960 നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്തുനിന്ന് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ വിശ്വനാഥ മേനോൻ സിപിഎമ്മിനൊപ്പം നിന്നു. ചൈനീസ് ചാരനെന്ന് ആരോപിച്ച് 1967ൽ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം 18 മാസം ജയിൽ ശിക്ഷ അനുഭവിച്ചു. 1967ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്തുനിന്ന് എ.എം തോമസിനെ പരാജയപ്പെടുത്തി എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1971ലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1987ൽ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ച് വിജയിച്ചവിശ്വനാഥ മേനോൻഇ.കെ നായനാർ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായി. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം, കൊച്ചി സർവകലാശാല സെനറ്റ് അംഗം തുടങ്ങിയ നിലകളിലും പാർലമെന്റിന്റെ വിവിധ സമിതികളിലും വിശ്വനാഥ മേനോൻ പ്രവർത്തിച്ചിട്ടുണ്ട്. കാലത്തിനൊപ്പം മായാത്ത ഓർമകൾ (ആത്മകഥ), ഗാന്ധിയുടെ പീഡാനുഭവങ്ങൾ (നാടക വിവർത്തനം), മറുവാക്ക് (ലേഖന സമാഹാരം) എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. ഭാര്യ-കെ.പ്രഭാവതി മേനോൻ. മക്കൾ: അഡ്വ. വി.അജിത് നാരായണൻ (മുൻ സീനിയർ ഗവ. പ്ലീഡർ) ഡോ. വി മാധവചന്ദ്രൻ. മരുമക്കൾ: ഡോ. ശ്രീജ അജിത് (അസി. പ്രൊഫസർ സെന്റ് പീറ്റേഴ്സ് കോളേജ്, കോലഞ്ചേരി) പ്രീതി മാധവ് (അസി. പ്രൊഫസർ എംഇഎസ് കോളേജ്, എടത്തല). content highlights:V Viswanatha Menon
from mathrubhumi.latestnews.rssfeed http://bit.ly/2JbuayA
via
IFTTT
No comments:
Post a Comment