തൃശ്ശൂർ പിടിച്ചടക്കി ടി.എൻ പ്രതാപൻ. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകൾ മുതൽ ലീഡ് തുടർന്ന ടി.എൻ പ്രതാപൻ 93000 ത്തിൽപരംഭൂരിപക്ഷത്തോടെയാണ് തൃശ്ശൂരിൽ വിജയക്കൊടി നാട്ടിയത്. ഇന്ത്യയിലെ ഏക സിപിഐ എം.പി എന്ന സ്ഥാനം നിലനിർത്താൻ രാജാജി മാത്യൂ തോമസും ശബരിമല വോട്ടാകുമെന്ന പ്രതീക്ഷയിൽ സുരേഷ് ഗോപിയും മത്സരിക്കാനിറങ്ങിയപ്പോൾ തൃശ്ശൂർ സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത പോരാട്ടത്തിനാണ്. നിയമസഭാ മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇടയ്ക്കെപ്പോഴൊ പുതുക്കാട് സുരേഷ് ഗോപി ലീഡ് നേടിയപ്പോൾ പ്രതാപൻ മൂന്നാമതായി. ഒല്ലൂരിലും ആദ്യമണിക്കൂറിൽ രാജാജി നേരിയ ലീഡ് നേടി. സുരേഷ് ഗോപി 10 വോട്ടിന് തൃശ്ശൂർ മണ്ഡലത്തിൽ ലീഡ് നേടുന്നതും കണ്ടു. ഇതൊഴിച്ചു നിർത്തിയാൽ ടി.എൻ പ്രതാപന്റെ സർവ്വാധിപത്യമായിരുന്നു. തൃശ്ശൂരിൽ രാജാജിയെ പിന്നിലാക്കി സുരേഷ് ഗോപി രണ്ടാമതെത്തിയതും എടുത്തു പറയേണ്ടതാണ്. വിജയ ഘടകം ഇടതുപക്ഷത്തിന് വ്യക്തമായ മേൽക്കൈ ഉള്ള മണ്ഡലത്തിൽ പ്രതാപന്റെ വിജയത്തിന് കാരണമായഘടകങ്ങൾ നിരവധിയാണ്. സംസ്ഥാനം മൊത്തം വീശിയടിച്ച രാഹുൽ തരംഗം,പ്രതാപന്റെ ജനകീയത, ശബരിമല വിഷയത്തിൽ യുഡിഎഫിന്റെ നിലപാട് തുടങ്ങി നിരവധി കാരണങ്ങൾ പ്രതാപനെ വിജയത്തിലെത്തിച്ചു. 2014 ൽ സി.എൻ ജയദേവനെ 38,200 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൃശ്ശൂർ വിജയിപ്പിച്ചത്. 3,89,209 വോട്ടാണ് ഇടതുമുന്നണിക്ക് അന്ന് ലഭിച്ചത്. രണ്ടാമതെത്തിയ കോൺഗ്രസിന്റ കെ.പി ധനപാലനാണ് 3,50,982 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയത്. ഒരു ലക്ഷത്തിൽ പരം വോട്ടുകൾ നേടി ബിജെപി മൂന്നാം സ്ഥാനത്തെത്തിയപ്പോൾ ആംആ്ദമിക്ക് വേണ്ടി സാറാ ജോസഫ് 44638 വോട്ടുകൾ പിടിച്ചു. താരമണ്ഡലമായിരുന്നു ഇത്തവണ തൃശ്ശൂർ. സ്ഥാനാർത്ഥിത്വം കൊണ്ടും വിവാദങ്ങൾകൊണ്ടും വാർത്തകളിൽ നിറഞ്ഞുനിന്ന മണ്ഡലം. പ്രവചനങ്ങൾക്ക് അതീതമായി അപ്രതീക്ഷിത ത്രികോണ മത്സരമാണ് തൃശ്ശൂരിൽ നടന്നത്. ടി.എൻ. പ്രതാപൻ എന്നല്ലാതെ രണ്ടാമതൊരു പേര് കോൺഗ്രസ് തേതൃത്വത്തിന്റെ ചിന്തയിൽ പോലും ഉണ്ടായിരുന്നില്ല. തീരദേശമേഖലയിലെ സജീവസാനിധ്യം, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും അംഗീകരിക്കുന്ന ജനകീയ മുഖം, ഗ്രൂപ്പ് രഹിത കോൺഗ്രസുകാരൻ, മണ്ഡലത്തിൽ വർഷങ്ങളായുള്ള പ്രവർത്തന പാരമ്പര്യം, തൃശ്ശൂർ ഡിസിസി പ്രസിഡന്റ് എന്ന നിലയിലുള്ള അനുഭവ സമ്പത്ത് അങ്ങനെ പ്രതാപനെന്ന ഒറ്റ ഉത്തരത്തിലേക്ക് ഒരു സംശയവും ഇല്ലാതെ കോൺഗ്രസിനെ എത്തിച്ച ഘടകങ്ങൾ നിരവധിയായിരുന്നു. ഗ്രൂപ്പുകളില്ലാത്ത പ്രതാപനുവേണ്ടി തൃശ്ശൂരിലെ കോൺഗ്രസ് പ്രവർത്തകർ ഒന്നിച്ചു നിന്നു. പ്രചാരണത്തിലും ഈ ആവേശം ആവോളം കാണാമായിരുന്നു. 2009ൽ പി.സി ചാക്കോ 25000ത്തിൽ പരം വോട്ടുകൾക്ക് ജയിച്ച മണ്ഡലമാണ് തൃശ്ശൂർ. അന്ന് എതിരാളി സി.എൻ. ജയദേവനായിരുന്നു. അതേ തൃശ്ശൂരിനെ ജയദേവനിൽ നിന്നും പിടിച്ചെടുത്ത് കോൺഗ്രസ് പാളയത്തിൽ കൊണ്ടു കെട്ടുക എന്ന ചരിത്ര ദൗത്യമായിരുന്നു പ്രതാപന്റേത്. പക്ഷേ എക്സിറ്റ് പോളുകൾ പ്രതാപനെന്ന് ഉറപ്പിച്ചെങ്കിലും പ്രചാരണവേളയിൽ കണ്ട ആത്മവിശ്വാസം വോട്ട് പെട്ടിയിലായ ശേഷം പ്രതാപനുണ്ടായിരുന്നില്ല.പക്ഷേ തൃശ്ശൂർ പ്രതാപനൊപ്പം നിന്നു. ഇടതുകോട്ടയിൽ ഇടറിവീണ് രാജാജി കോൺഗ്രസിന് ശക്തമായ വേരുകളുള്ള തൃശ്ശൂരിനെ 2014ൽ ഇടതുപാളയത്തിൽ കൊണ്ട് കെട്ടിയത് സി.എൻ.ജയദേവനായിരുന്നു. ആ വിജയം 2016 നിയമസഭാ ഇലക്ഷനിലും ആവർത്തിച്ചു. തൃശ്ശൂർ ചുവന്നു തന്നെ നിന്നു. ഇത്തവണ ജയദേവനെ മാറ്റി രാജാജി മാത്യൂ തോമസിന് സ്ഥാനാർത്ഥിത്വം നൽകിയതിലൂടെയാണ് തൃശ്ശൂരിൽ ആദ്യ വിവാദങ്ങൾ പൊന്തുന്നത്. ഇന്ത്യയിലെ ഏക സി.പി.ഐ എം.പി തൃശ്ശൂരിൽ നിന്ന് ആണ്. അതുകൊണ്ട് തന്നെ തൃശ്ശൂരിലെ ജയം ഇടതിനും അനിവാര്യമായിരുന്നു. 2014ലും 2016ലും തൃശ്ശൂർ ചുവന്നു. 2016ൽ നിയമാസഭാ തിരഞ്ഞെടുപ്പിൽ ഏഴു നിയമാസഭാ മണ്ഡലങ്ങളിലുമായി 1,20,000 വോട്ടിന്റെ ഭൂരിപക്ഷം ഇടതുമുന്നണിക്കുണ്ടായിരുന്നു. അത് തന്നെയായിരുന്നു ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസവും. അതുകെണ്ടാണോ എന്നറിയില്ലരാജാജിയുടെ പ്രചാരണവേളയിൽ ആളും ആരവും താരതമ്യേന കുറവായിരുന്നു. പക്ഷേ പ്രചാരണം കൊഴുത്തില്ലെങ്കിലും തൃശ്ശൂരുകാർ സിപിഐയെ വിജയിപ്പിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയായിരുന്നു ഇടതുപക്ഷം. കാരണം മറ്റൊന്നുമല്ല. 2014,16 തിരഞ്ഞെടുപ്പുകളിൽ നേടിയ തുടർച്ചയായ വിജയം. വിവാദങ്ങളിലൂടെ ഒപ്പത്തിനൊപ്പം തിരുവനന്തപുരത്തിനും പത്തനംതിട്ടയ്ക്കും പുറമെ ബിജെപി പ്രതീക്ഷ വച്ചുപുലർത്തിയ മണ്ഡലം കൂടിയായിരുന്നു തൃശ്ശൂർ. ബിഡിജെഎസിന്റെ തുഷാർ വെള്ളാപ്പള്ളി ആയിരുന്നു തൃശ്ശൂരിലെ ആദ്യ എൻഡിഎ സ്ഥാനാർത്ഥി. ശബരിമല വോട്ടാക്കാമെന്നുള്ള ബിജെപിയുടെ കണക്കുകൂട്ടലും, തൃശ്ശൂരിൽ ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാമെന്ന പ്രതീക്ഷയുമാണ് തുഷാർ തൃശ്ശൂർ തിരഞ്ഞെടുക്കാൻ കാരണം. പക്ഷേ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം തൃശ്ശൂരിന്റെ തിരഞ്ഞെടുപ്പ് ചിത്രത്തെ തന്നെ മാറ്റി മറിച്ചു. രാഹുൽ വയനാട്ടിൽ ലാന്റ് ചെയ്തപ്പോൾ തുഷാർ ചുരം കയറി. സുരേഷ് ഗോപിക്ക് ഡൽഹിയിൽ നിന്ന് നേരിട്ട് തൃശ്ശൂർക്ക് ടിക്കറ്റും കിട്ടി. മോദിയും അമിത് ഷായുമായുള്ള അടുത്ത ബന്ധവും രാജ്യസഭാ എം.പിയെന്ന പ്രവർത്തന പരിചയവും സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തെ എളുപ്പമാക്കി. പിന്നീട് കേരളം കണ്ടത് മറ്റൊരു മണ്ഡലത്തിലും കിട്ടാത്ത വാർത്താപ്രാധാന്യവും ശ്രദ്ധയും ലഭിച്ച തൃശ്ശൂരിനെയാണ്. സുരേഷ് ഗോപി സ്ഥാനാർത്ഥിയായതു മുതൽ തൃശ്ശൂരിന്റെ താരപരിവേഷം കൂടി. ശബരിമലയെപ്പറ്റി ശബ്ദിക്കരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം കാറ്റിൽപറത്തി സുരേഷ് ഗോപി അയ്യന്റെ പേരിൽ വോട്ടു ചോദിച്ചു. സംഭവം വിവാദമായി. അതോടെ കലക്ടർ അനുപമ വിശദീകരണം ചോദിച്ചു. അനുപമയ്ക്കെതിരെ അണികളുടെ രോഷപ്രകടനം, സൈബർ ആക്രമണം, അങ്ങനെ തൃശ്ശൂരും സുരേഷ് ഗോപിയും വാർത്തയിൽ നിറഞ്ഞു നിന്നു. മറ്റൊരു ബിജെപി സ്ഥാനാർത്ഥിക്കും ലഭിക്കാത്ത അത്ര മാധ്യമ ശ്രദ്ധ. പിന്നെ ഗർഭിണിയുടെ വയറിൽ തൊട്ടനുഗ്രഹിച്ചും, പ്രചാരണത്തിനിടെ വീട്ടിൽ കയറി ചോദിച്ച് ഭക്ഷണം വാങ്ങിക്കഴിച്ചും സുരേഷ് ഗോപി വാർത്തകൾ സൃഷ്ടിച്ചു. വളരെ വൈകി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയാണ് തൃശ്ശൂരിലേത് എന്നിട്ടും സുരേഷ് ഗോപി ഇരുമുന്നണികൾക്കൊപ്പം ഒപ്പത്തിനൊപ്പമെത്തി എന്നുമാത്രമല്ല. ത്രികോണ മത്സരമെന്ന് മാധ്യമങ്ങളെക്കൊണ്ട് തലക്കെട്ടുവരെ എഴുതിച്ചു. അതും വെറും പതിനേഴു ദിവസം കൊണ്ട്. ഉറച്ച വിജയ പ്രതീക്ഷയിലായിരുന്ന ടി.എൻ പ്രതാപൻ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ തൃശ്ശൂരിൽ നിന്ന് നെഗറ്റീവ് വാർത്തകൾ പ്രതീക്ഷിക്കാമെന്ന് വരെ പറഞ്ഞുവെച്ചു. തന്റെ കോട്ടയായ തീരദേശ മേഖലയിൽ പോലും ഹിന്ദുവോട്ടുകൾ സുരേഷ് ഗോപിക്ക് മറിഞ്ഞു എന്നും പ്രതാപൻ തുറന്നു പറഞ്ഞു. ശബരിമലയെ മുൻ നിർത്തിയാണ് തൃശ്ശൂർ വിധിയെഴുതുന്നതെങ്കിൽ പ്രതാപനു കിട്ടേണ്ട വോട്ടുകൾ സുരേഷ് ഗോപിയ്ക്കാവും വീഴുകയെന്നതായിരുന്നു പ്രവചനങ്ങൾ. ആ സാധ്യതയ്ക്ക് മുകളിലാണ് അയ്യനെ പറ്റി പരാമർശിച്ചും മറ്റും വികാരം വോട്ടാകാനുള്ള സാധ്യതയെ ഒന്നുകൂടി ആളിക്കത്തിച്ചത്. ഒപ്പം സുരേഷ് ഗോപിയുടെ താരപരിവേഷം കൂടിയായപ്പോൾ ബിജെപി വിജയ പ്രതീക്ഷ പങ്കുവെച്ച മണ്ഡലങ്ങളുടെ പട്ടികയിൽ അങ്ങനെ തൃശ്ശൂരുമെത്തി. പ്രചാരവേളയിൽ സുരേഷ് ഗോപിക്ക് ചുറ്റും കണ്ട ആൾകൂട്ടവും ആവേശവും ആ പ്രതീക്ഷകളെ വാനോളം ഉയർത്തുന്നതായിരുന്നു. നെഗറ്റീവ് പബ്ലിസിറ്റിയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിന് സുരേഷ് ഗോപിയോളം മികച്ചൊരു ഉദാഹരണം ഈ തിരഞ്ഞെടുപ്പിൽ വേറെയുണ്ടാകില്ല. ഒറ്റപ്രസംഗത്തിലൂടെ അവസാന ലാപ്പിൽ നിന്നു പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം ഓടിക്കയറി എതിരാളികളുടെ ആത്മവിശ്വാസം തകർത്ത സുരേഷ് ഗോപി തന്നെയാണ് ബിജെപി സ്ഥാനാർത്ഥികളിലെ താരം. രണ്ട് ലക്ഷത്തിൽ പരം വോട്ടുകളാണ് സുരേഷ് ഗോപി സ്വന്തമാക്കിയത്. അതായത് 2014 ലെ ബിജെപി സ്ഥാനാർത്ഥിയായ ശ്രീശന് ലഭിച്ച വോട്ടിനേക്കാൾ ഒരു ലക്ഷം വോട്ടുകളുടെ വർധന. രണ്ടാമത് എത്തിയ രാജാജിയെക്കാളും 20000 വോട്ടുകളുടെ കുറവ് മാത്രമാണ് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്. കണക്കുകളിൽ തൃശ്ശൂർ 2014 ൽ തൃശ്ശൂരിലെ ആകെ വോട്ടർമാരുടെ എണ്ണം 1275258 ആണ്. ഇതിൽ 919244 ആണ് പോൾ ചെയ്ത വോട്ടുകൾ. 72.15 ആയിരുന്നു അന്ന് പോളിങ്ങ് ശതമാനം. ഇപ്രാവശം അത് 77.86 ശതമാനമാണ്. 1293744 വോട്ടർമാരാണ് ഇത്തവണ തൃശ്ശൂരിൽ ഉള്ളത്. ഇതിൽ 671984 പേരും വനിതാ വോട്ടർമാരാണ്. 2014-ൽ ചെങ്കൊടിയേന്തി തൃശ്ശൂർ 2014 ലോക്സഭാ ഇലക്ഷനിൽ തൃശ്ശൂരിലെ ഒന്നിലൊഴികെ ആറ് നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫിനായിരുന്നു ലീഡ്. തൃശ്ശൂരിൽ മാത്രമായിരുന്നു അന്ന് യുഡിഎഫ് ലീഡ് നേടിയത്. 6853 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഈ മണ്ഡലത്തിൽ യുഡിഎഫ് മുന്നിട്ടുനിന്നത്. നാട്ടികയും പുതുക്കാടും ആണ് എൽഡിഎഫിന് ഏറ്റവും കൂടുതൽ ലീഡ് നേടികൊടുത്ത നിയമസഭാ മണ്ഡലങ്ങൾ. 13900 ത്തിൽ പരം വോട്ടുകൾക്കാണ് എൽഡിഎഫ് ഈ മണ്ഡലങ്ങളിൽ മുന്നിലെത്തിയത്. മറ്റുമണ്ഡലങ്ങളിൽ പത്തിൽ താഴെയായിരുന്നു ലീഡ്. ഒല്ലൂരിൽ വെറും 1342 വോട്ടുകൾക്കാണ് എൽഡിഎഫ് മുന്നിലെത്തിയത്. നിയമസഭാ മണ്ഡലങ്ങളിൽ ഏറ്റവും കുറവ് ലീഡിന് എൽഡിഎഫ് മുന്നിട്ട് നിന്ന മണ്ഡലവും ഒല്ലൂർ ആണ്. 2019 ൽ കൊടിമാറ്റം ഇപ്രാവശ്യം കണക്കുകൾ യുഡിഎഫിനൊപ്പം നിന്നു. ഗുരുവായൂരിൽ യുഡിഎഫ് നേടിയത് 20538 വോട്ടിന്റെ ഭൂരിപക്ഷമാണ്. മണലൂരിൽ 12000ത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷവും ഒല്ലൂരിൽ 16000ത്തിൽ പരവും തൃശ്ശൂരിൽ 18000ത്തിൽ പരവും ഇരിഞ്ഞാലക്കുടയിൽ 11000ത്തിൽ പരവും വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കി. പുതുക്കാടും നാട്ടികയിലും മാത്രമാണ് യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞത്. നാട്ടികയിൽ 400 വോട്ടിന്റെയും പുതുക്കാട് 5000ത്തിൽ പരം വോട്ടിന്റെയും ഭൂരിപക്ഷത്തിനാണ് പ്രതാപൻ തൃശ്ശൂർ പിടിച്ചടക്കിയത്. കഴിഞ്ഞ നിയമസഭാ ഇലക്ഷൻ ഫലം വന്നപ്പോഴും തൃശ്ശൂർ പൂർണമായും ഇടതിനൊപ്പം നിന്നു.ഗുരുവായൂർ,മണലൂർ,ഒല്ലൂർ,തൃശ്ശൂർ,നാട്ടിക, പുതുക്കാട്,ഇരിഞ്ഞാലക്കുട എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾകൊള്ളുന്നതാണ് തൃശ്ശൂർ ലോക്സഭാ മണ്ഡലം. ഈ ഏഴ് മണ്ഡലങ്ങളിൽ അഞ്ചിലും 13000ത്തിൽപ്പരം വോട്ടുകൾക്കാണ് ഇടതുപക്ഷം തേരോട്ടം നടത്തിയത്. ഇരിഞ്ഞാലക്കുടയിൽ ആയിരുന്നു ഏറ്റവും കുറവ് ഭൂരിപക്ഷം(2711), തൃശ്ശൂർ മണ്ഡലത്തിലാകട്ടെ യുഡിഎഫ് പരാജയപ്പെട്ടത് 6987 വോട്ടുകൾക്കാണ്. ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചതാകട്ടെ പുതുക്കാട് മണ്ഡലത്തിലും. 2014ൽ താരതമ്യേന ബിജെപിക്ക് നാട്ടികയിലും പുതുക്കാടും മണലൂരുമാണ് ഏറ്റവും കൂടുകൽ വോട്ടുകൾ ലഭിച്ചത്. ഇവിടങ്ങളിൽ 16000 ത്തിൽ പരം വോട്ടുകളാണ് ബിജെപി നേടിയത്. ബിജെപിക്ക് ഏറ്റവും കുറവു വോട്ട് (12166) ലഭിച്ചത് തൃശ്ശൂർ മണ്ഡലത്തിലാണ്. അതേ തൃശ്ശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി രാജാജിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. Content Highlight: T.N Prathapan won from Thrissur 2019 Lok Sabha election
from mathrubhumi.latestnews.rssfeed http://bit.ly/2JBrknI
via
IFTTT
No comments:
Post a Comment