കണ്ണൂർ: അക്ഷരാർഥത്തിൽ ചരിത്ര വിജയമാണ് കണ്ണൂരിൽ കെ. സുധാകരന്റേത്. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം. കേരളത്തിൽ കോൺഗ്രസിന് ലഭിച്ച ഏറ്റവും കൂടുതൽ ഭൂരിപക്ഷങ്ങളിലൊന്ന്. കണ്ണൂർ മണ്ഡലത്തിന്റെ ചരിത്രത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണ് കെ. സുധാകരന്റേത്. ഇതിനു മുൻപ് മണ്ഡലം രൂപീകരിച്ച ശേഷം 1952ൽ എ.കെ.ജി. നേടിയ 87030 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇതിനു മുൻപ് കണ്ണൂരിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ഇരു മുന്നണികൾക്കും കണ്ണൂരിൽ കണക്കുകൂട്ടലുകൾ പിഴച്ച ചരിത്രമാണുള്ളത്.ആദ്യമത്സരത്തിൽ എ.കെ.ജി. പാർലമെന്റിൽ പോയെങ്കിലും പിന്നീട് 1977-ലെ മണ്ഡല പുനർവിഭജനത്തിനുശേഷം കോൺഗ്രസ് പ്രതിനിധികളാണ് ലോക്സഭയിലെത്തിയത്. ഇതിനു മുൻപ് ആറു തവണ കോൺഗ്രസ് വിജയിച്ചപ്പോൾ മൂന്നുതവണ സി.പി.എം.വിജയിച്ച മണ്ഡലമാണ് കണ്ണൂർ. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 43191 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ. സുധാകരൻ വിജയിച്ചത്. 2014-ൽ ആ വിജയം ആവർത്തിക്കാമെന്ന കോൺഗ്രസിന്റെ കണക്കുകൂട്ടൽ പിഴച്ചെങ്കിലും 6535 വോട്ട് മാത്രമായിരുന്നു ശ്രീമതിക്ക് ഭൂരിപക്ഷം. വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തവണ സുധാകരൻ നേടിയതുപോലുള്ള വമ്പിച്ച വിജയം കോൺഗ്രസ് പാർട്ടി പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. നിരവധി പ്രത്യേകതകളുള്ളതാണ് സുധാകരന്റെ ഈ വിജയം. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ നിയമസഭാ മണ്ഡലങ്ങൾ മാത്രമല്ല, സിപിഎമ്മിന്റെ കോട്ടകളും കടപുഴക്കിക്കൊണ്ടാണ് സുധാകരൻ വിജയത്തിലേയ്ക്കു കുതിച്ചത്. ഇരിക്കൂർ, പേരാവൂർ, അഴീക്കോട്, കണ്ണൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ കോൺഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളാണ്. എന്നാൽ ഇത്തവണ ഈ മണ്ഡലങ്ങൾ മാത്രമല്ല, സിപിഎമ്മിന്റെ കോട്ടകളായി അറിയപ്പെടുന്ന തളിപ്പറമ്പ്, മട്ടന്നൂർ, ധർമടം എന്നീ മണ്ഡലങ്ങളിലും വോട്ടെണ്ണലിന്റെ ആദ്യാവസാനം ശക്തമായ ആധിപത്യം പുലർത്താൻ സുധാകരന് കഴിഞ്ഞു. തളിപ്പറമ്പ്, കണ്ണൂർ മണ്ഡലങ്ങൾ സിപിഎമ്മിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്തു. എൽ.ഡി.എഫിന് പ്രതീക്ഷ നൽകുന്നതായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ. കണ്ണൂർ മണ്ഡലത്തിലെ ഏഴു നിയോജമണ്ഡലത്തിൽ നാലിലും വിജയം. നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ മൊത്തം ഭൂരിപക്ഷം ഒരു ലക്ഷത്തോളം വോട്ടുകളായിരുന്നു. തളിപ്പറമ്പിലും മട്ടന്നൂരിലും നാൽപ്പത്തിനായിരത്തിന് മുകളിലും ധർമടത്ത് 36000ൽ അധികവും ഭൂരിപക്ഷം സിപിഎമ്മിനുണ്ടായിരുന്നു. കോൺഗ്രസിന്റെ എക്കാലത്തെയും കോട്ടയായ കണ്ണൂരും എൽ.ഡി.എഫിനൊപ്പം നിൽക്കുകയും ചെയ്തു. എന്നാൽ ഈ മണ്ഡലങ്ങളിലൊക്കെ സുധാകരന്റെ തേരോട്ടമായിരുന്നു ഇത്തവണ കണ്ടത്. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം തന്നെയായിരുന്നു കെ. സുധാകരൻറെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം.എടയന്നൂരിലെ യൂത്ത്കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബിൻറെ വധം, കാസർകോട് പെരിയയിൽ രണ്ടു യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം തുടങ്ങിയവയൊക്കെ യു.ഡി.എഫ്. പ്രചാരണായുധമാക്കി. ന്യൂനപക്ഷ വോട്ടുകളുടെയും ഹിന്ദു വോട്ടുകളുടെയും സമാഹരണം സുധാകരന്റെ വൻഭൂരിപക്ഷത്തിനു ബലമേകിയിട്ടുണ്ടെന്നുവേണം കരുതാൻ. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയവും ബിജെപി വിരുദ്ധതയും രാഹുൽ പ്രഭാവത്തിനൊപ്പം സുധാകരനെ പിന്തുണച്ചു. ശബരിമല വിഷയത്തിൽ ആചാരസംരക്ഷണത്തിനായി സുധാകരൻ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.അതിനൊപ്പംശബരിമല വിഷയം സർക്കാരിനെതിരായി തിരിച്ച ബിജെപിയുടെ രാഷ്ട്രീയനീക്കം കേരളത്തിൽ മറ്റു മണ്ഡലങ്ങളിലെന്നതുപോല കണ്ണൂരിലും കോൺഗ്രസിന്റെ പെട്ടിയിൽ വോട്ടായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനൊക്കെ പുറമെ കേരളത്തിൽ മൊത്തത്തിൽ വീശിയടിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരം വ്യത്യസ്തവഴികളിലൂടെ, വ്യത്യസ്തരീതിയിൽ വഴിതിരിഞ്ഞപ്പോൾ അത് കണ്ണൂരിലും ശക്തമായി പ്രതിഫലിച്ചു. Content Highlights:Kannur Lok Sabha Elections, Results 2019,k sudhakarans huge victory in kannur
from mathrubhumi.latestnews.rssfeed http://bit.ly/2JVqPnw
via
IFTTT
No comments:
Post a Comment