തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ തുടക്കംകുറിച്ചുള്ള പൂരവിളമ്പരത്തില്‍ ആചാരലംഘനം നടന്നുവെന്ന ആരോപണവുമായി നെയ്തലക്കാവ് ദേവസ്വം. ചടങ്ങുകള്‍ക്ക് ഒറ്റ ആനയെ ഉപയോഗിച്ച് പൂര്‍ത്തിയാക്കുന്ന പതിവ് ഇത്തവണ അനുവദിച്ചില്ലെന്നാണ് ദേവസ്വത്തിന്റെ പരാതി.
അധികാരികളുടെ പിടിവാശിയാണ് ചടങ്ങ് യഥാവിധി പൂര്‍ത്തിയാക്കുവാന്‍ അനുവദിക്കാത്തതിന് കാരണമെന്നും ദേവസ്വം ഭാരവാഹികള്‍ ആരോപിച്ചു. പൂരവിളമ്പരത്തിനായി ആനപ്പുറത്ത് എഴുന്നള്ളുന്ന നെയ്തലക്കാവിലമ്മ മണികണ്ഠനാലില്‍ നിന്നും വന്ന് വടക്കുംനാഥ ക്ഷേത്രത്തില്‍ കയറി തെക്കേഗോപുര നട തുറന്ന് എഴുന്നള്ളിച്ച് അതേ ആനപ്പുറത്തുതന്നെ പടിഞ്ഞാറേ നടയിലുള്ള നിലപാടുതറയിലെത്തി ശംഖനാദം മുഴക്കുന്നതോടെയാണ് ആചാരം പൂര്‍ത്തിയാകുന്നത്. എന്നാല്‍ ഇതാണ് ലംഘിക്കപ്പെട്ടത്.
ഇത്തവണയും നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ടുപോകാന്‍ ദേവസ്വം അധികൃതരും എലിഫന്റ് സ്‌ക്വാര്‍ഡും ആളുകളെ മാറ്റിയിരുന്നു. എന്നാല്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് അപകടമുണ്ടാകുമെന്ന് പറഞ്ഞ് മന്ത്രി സുനില്‍കുമാറാണ് ഇത് തടഞ്ഞത്. ഇത് സംബന്ധിച്ച് ദേവസ്വം അധികൃതരും മന്ത്രിയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു.
അവസാനം നിരീക്ഷണസമിതിയുടെ തീരുമാനപ്രകാരമാണ് തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന് കീഴില്‍ തന്നെയുള്ള മറ്റൊരു ആനയായ ദേവീദാസനെ എത്തിച്ച് ചടങ്ങ് പൂര്‍ത്തിയാക്കിയത്. രാമചന്ദ്രനെ അവിടെ നിന്നുതന്നെ ലോറിയില്‍ കയറ്റി മാറ്റുകയായിരുന്നു.
from mangalam.com http://bit.ly/2He2AiG
via IFTTT
No comments:
Post a Comment