കോഴിക്കോട്: നാട് നടുങ്ങിയ നിപാ കാലത്ത് കയ്യറപ്പില്ലാതെ രോഗികളുടെ മാലിന്യം പേറിയിരുന്ന തൂപ്പുകാരെ അത്ര പെട്ടെന്ന് മറന്നിട്ടുണ്ടാവില്ല കോഴിക്കോട്ടുകാർ. മെഡിക്കൽ കോളേജെന്ന് കേൾക്കുമ്പോൾ ഭയന്ന് വിറച്ച നാളുകളിൽ സർക്കാരിനും ആശുപത്രി അധികൃതർക്കും ഇവർ പ്രിയപ്പെട്ടവരായിരുന്നു. നിപ പടർന്ന് പിടിക്കുന്നതിനിടയിലും സ്വജീവൻ പണയം വെച്ച് ജോലി ചെയ്ത ഇവർക്ക് സ്ഥിരം ജോലിയെന്ന വാഗ്ദാനവും അന്ന് സർക്കാർ നൽകിയിരുന്നു. പക്ഷെ നാട് നിപയെ അതിജീവിച്ച് ഒരു വർഷം തികയുമ്പോഴും ആ വാക്ക് പാഴ്വാക്കായി നില നിൽകുന്നു. ഇന്ന് ജീവിക്കാനായി തെരുവിൽ വീണ്ടും സമരത്തിലിരിക്കുകയാണ് ഈ തൊഴിലാളികൾ. പല കാരണങ്ങൾ പറഞ്ഞ് വാഗ്ദാനം ചെയ്ത ജോലിയിൽ നിന്ന് അധികൃതർ ഇവരെ അകറ്റി നിർത്തിയപ്പോൾ ഈ വർഷം ആദ്യം 42 പേർ സമരവുമായി ഇറങ്ങിയിരുന്നു. പക്ഷെ ജോലി നൽകാമെന്ന വാഗ്ദാനം വീണ്ടും നൽകി സമരം അവസാനിപ്പിച്ചു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ജോലിക്ക് തിരിച്ചെടുക്കാതായതോടെ നിരാഹാര സമരവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഈ തൊഴിലാളികൾ. മാലിന്യവുമായി സ്ട്രെക്ച്ചറിൽ പോവുന്ന തൊഴിലാളികളുടെ മാതൃഭൂമി പ്രസിദ്ധീകരിച്ച ചിത്രം അന്ന് രോഗത്തിന്റെ തീവ്രത എത്രത്തോളമുണ്ടായിരുന്നുവെന്നതിന്റെ യഥാർഥ നേർക്കാഴ്ചയായിരുന്നു. ഈ ചിത്രത്തിൽ ഉൾപ്പെട്ട ഇ.പി രജീഷ് അടക്കമുള്ളവരാണ് തിങ്കളാഴ്ച മുതൽ വീണ്ടും സമരം തുടങ്ങിയിരിക്കുന്നത്. രജീഷാണ് ആദ്യ ഘട്ടത്തിൽ നിരാഹാരമിരിക്കുന്നത്. നിപാകാലത്ത് ജോലി ചെയ്തവർക്ക് സ്ഥിര നിയമനം നൽകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ തന്നെയായിരുന്നു ഇവർക്കന്ന് വാഗ്ദാനം നൽകിയത്. അതനുസരിച്ച് ലിസ്റ്റ് നൽകാൻ സർക്കാർ മെഡിക്കൽ കോളേജ് അധികൃതരോടും ആവശ്യപ്പെട്ടു. പക്ഷെ ആശുപത്രി അധികൃതർ അന്ന് ജോലിക്കെത്താത്ത ആളുകളെ പോലും ലിസ്റ്റിൽ തിരുകി കയറ്റിയപ്പോൾ തങ്ങൾ പുറത്തായെന്ന് സമരക്കാർ പറയുന്നു. ആദ്യ ഘട്ടത്തിൽ സമരം തുടങ്ങിയപ്പോൾ താൽക്കാലിക ഒഴിവുകൾ വരുമ്പോൾ പരിഗണിക്കാം എന്ന ഉറപ്പിലായിരുന്നു അന്ന് സമരം അവസാനിപ്പിച്ചത്. പക്ഷെ എല്ലാവരും നിപ വാർഡിൽ ജോലി ചെയ്തിരുന്നില്ല എന്ന പുതിയ കാരണം കണ്ടെത്തി തങ്ങൾക്ക് ജോലി നിഷേധിച്ചിരിക്കുകയാണെന്നും സർക്കാരും അധികൃതരും തങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും നിരാഹരത്തിലിരിക്കുന്ന രജീഷ് പറയുന്നു. മെയ് 31 വരെ മാത്രമേ ജോലി ചെയ്തിരുന്നുള്ളൂവെന്ന തെറ്റായ റിപ്പോർട്ടാണ് ആശുപത്രി അധികൃതർ സർക്കാരിന് നൽകിയത്. എന്നാൽ ജൂൺ 13 വരെ നിപ രോഗിയെ താൻ പരിചരിച്ചുണ്ട്. പക്ഷെ തെറ്റായ വിവരം സർക്കാരിന് നൽകിയ ആശുപത്രി അധികൃതർ അന്ന് ജീവൻ പണയം വെച്ച് ജോലി ചെയ്തവരെ പറ്റിച്ചിരിക്കുകയാണെന്നും രജീഷ് പറയുന്നു. സർക്കാർ നിർദേശ പ്രകാരം മൂന്ന് തവണയാണ് ഇതിനായി ലിസ്റ്റുണ്ടാക്കിയത്. അങ്ങനെ ലിസ്റ്റിൽ ഇടം പിടിച്ചത് 450 ഓളം പേർ. പക്ഷെ അന്ന് രോഗികൾ മരണപെട്ടപ്പോൾ അവരുടെ മൃതദേഹം പിടിക്കാനും സ്വന്തം ജീവൻ പണയം വെച്ച് സേവനം നടത്തിയ 42 പേർ മാത്രം ലിസ്റ്റിലില്ലാതായി. ഈ നെറികേടിനെതിരേയാണ് ഇവർ നിരാഹരത്തിലിരിക്കുന്നതും. Content Highlights:Nipah Workers In Medical College Start Hunger Strike
from mathrubhumi.latestnews.rssfeed http://bit.ly/30It03S
via
IFTTT
No comments:
Post a Comment