വിജയത്തിന് പിതൃത്വം അവകാശപ്പെടാൻ നിരവധി പേരുണ്ടാവും. പരാജയമോ അനാഥനും. കേരളത്തിൽ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സി.പി.എമ്മിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിക്ക് ഉത്തരവാദി ഒരേയൊരാളാണെന്നാണ് ആക്രോശമുയരുന്നത്. എല്ലാ പുകഴ്ചയും മഹേശ്വരന് എന്നു പറയുന്നതുപോലെ എല്ലാ കുറ്റവും സഖാവ് പിണറായിക്ക് എന്നതാണ് നിലവിലുള്ള വായ്ത്താരി. ഒരു വർഷം മുമ്പ് ഇതുപോലൊരു മെയ് മാസം ചെങ്ങന്നൂരിൽ സി.പി.എം. സ്ഥാനാർത്ഥി സജി ചെറിയാൻ തകർപ്പൻ ഭൂരിപക്ഷത്തോടെ ജയിച്ചുകയറിയപ്പോൾ പിണറായിയുടെ ശൈലിക്ക് പ്രശ്നമുണ്ടായിരുന്നില്ല. ശൈലി മനുഷ്യനാണ് എന്നു പറയുന്നത് വെറുതെയല്ല. ശൈലി ശൂന്യതയിൽ നിന്നുണ്ടാവുന്നതല്ല. ഉള്ളടക്കമാണ് ശൈലിയെ നിർവ്വചിക്കുന്നതും നിർണ്ണയിക്കുന്നതും. കാര്യങ്ങൾ നേരെ ചൊവ്വെ കാണുന്ന നേതാവാണ് പിണറായി. പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ രൂഢമൂലമായ ജീവിതമാണ് പിണറായിയുടേത്. കണ്ണൂരിൽ ജനിച്ചു വളർന്ന സാഹചര്യം പിണറായിയുടെ പ്രവർത്തന ശൈലി രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നിരന്തരം സംഘർഷഭരിതമായ ഒരു പരിസരത്തിൽ നിൽക്കുമ്പോൾ കപടമായ പുഞ്ചിരികളും വ്യാജമായ കുശലം പറച്ചിലും ജീവിതത്തിന് മേൽ ആടയാഭരണങ്ങൾ ചാർത്തണമെന്നില്ല. പുള്ളിപ്പുലിയുടെ പുള്ളികൾ മാറ്റണം എന്നു പറയുന്നതുപോലെയാണ് ഒരാൾ പ്രവർത്തന ശൈലി മാറ്റണമെന്ന് പറയുന്നത്. ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ കളത്തിന് പുറത്തായിരുന്നെങ്കിൽ നരേന്ദ്ര മോദിയും ഇതേ വിമർശനത്തിന് ഇരയാവുമായിരുന്നു. പക്ഷേ, മോദി പ്രവർത്തന ശൈലി മാറ്റുമെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അത് മിഥ്യയായിരിക്കും. ഉള്ളിൽ തോന്നുന്ന കാര്യങ്ങൾ നേരെ മുഖത്തുനോക്കി പറഞ്ഞിരുന്ന നേതാവാണ് ജയലളിത. പ്രമുഖ മാദ്ധ്യമപ്രവർത്തകൻ കരൺ താപ്പറുമായി ജയലളിത നടത്തിയ അഭിമുഖം അവരുടെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. താപ്പറുടെ പല ചോദ്യങ്ങളും ജയലളിതയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അഭിമുഖം കഴിഞ്ഞപ്പോൾ പതിവുപോലെ താപ്പർ ഉപചാരപൂർവ്വം ജയലളിതയോട് സംസാരം ആനന്ദകരമായിരുന്നുവെന്ന് പറഞ്ഞു. അപ്പോൾ ജയലളിതയുടെ മറുപടി ഇതായിരുന്നു. എനിക്ക് ഇതൊട്ടും തന്നെ ആനന്ദകരമായിരുന്നില്ല. മറ്റെന്തിനെച്ചൊല്ലി ജയലളിതയെ വിമർശിച്ചാലും കാപട്യം മാത്രം അവർക്കെതിരെ ഉന്നയിക്കരുതെന്ന് ചോ രാമസ്വാമി പറഞ്ഞത് വെറുതെയല്ല. സഖാവ് പിണറായിക്കെതിരെയും ഈ ആരോപണം ഉന്നയിക്കാനാവില്ല. മനസ്സിൽ ഒന്ന് വെച്ച് മറ്റൊന്ന് പറയുന്ന സ്വഭാവം പിണറായിക്കില്ല. കടക്ക് പുറത്ത് എന്ന് പറയുന്നതിന് പകരം ചായകുടിച്ചിട്ട് പോകാം എന്ന് പറയാൻ നമ്മുടെ പല നേതാക്കൾക്കും കഴിയും. പിണറായിക്ക് അതിന് കഴിയില്ല. നമുക്ക് വീണ്ടും കരൺ താപ്പറിലേക്ക് വരാം. വർഷങ്ങൾക്കു മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദിയുമായി കരൺ നടത്തിയ അഭിമുഖം പ്രസിദ്ധമാണ്. അഭിമുഖം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ മോദി സംഗതി അവസാനിപ്പിച്ചു. പക്ഷേ, കരണിനോട് മോദി ദേഷ്യപ്പെട്ടില്ല. തുടർന്നും ഒരു മണിക്കൂറോളം മോദി കരണുമായി കുശലം പറഞ്ഞിരുന്നു, കരണിന് ചായയും പലഹാരവും നൽകി. ഡെൽഹിയിൽ വരുമ്പോൾ എന്തായാലും തമ്മിൽ കാണുമെന്ന് പറഞ്ഞു. പിന്നീട് എത്രയോ തവണ മോദി ഡെൽഹിയിൽ വന്നു. 2014 ൽ ഇന്ദ്രപ്രസ്ഥത്തിൽ സ്ഥിരതാമസക്കാരനുമായി. പക്ഷേ, ഇന്നുവരെ മോദി കരണുമായി കൂടിക്കണ്ടിട്ടില്ല. കഴിഞ്ഞ അഞ്ചു വർഷക്കാലം മോദി മന്ത്രിസഭയിലെ പലരും തന്നെ കാണാതെ ഒഴിഞ്ഞുമാറിയെന്നും കരൺ അടുത്തിടെ എഴുതിയിരുന്നു. പിണറായിയുടെ പ്രവർത്തന ശൈലി കുറ്റമറ്റതാണെന്നല്ല പറഞ്ഞുവരുന്നത്. ശൈലിയിൽ പിണറായിക്ക് നേരെ എതിരെ നിൽക്കുന്ന കക്ഷിയാണ് ഉമ്മൻചാണ്ടി. ശൈലിയാണ് ജയപരാജയങ്ങൾ നിർണ്ണയിക്കുന്നതെങ്കിൽ 2016 ൽ ഉമ്മൻചാണ്ടിക്ക് അധികാരം നിലനിർത്താൻ കഴിയണമായിരുന്നു. ഒരു നേതാവോ ആ നേതാവിന്റെ പ്രവർത്തന ശൈലിയോ അല്ല തിരഞ്ഞെടുപ്പിൽ നിർണ്ണായകം. മോദിയുടെ പ്രവർത്തനശൈലി കൊണ്ടാണ് ഈ തിരഞ്ഞെടുപ്പിൽ ബിജെപി വൻവിജയം നേടിയതെന്ന് പറയുന്നതുപോലെയാണത്. പിണറായി വിജയനു പകരം ഉമ്മൻചാണ്ടിയായിരുന്നു കേരളത്തിൽ സി.പി.എമ്മിന്റെ നേതാവെങ്കിൽ ഈ തിരഞ്ഞെടുപ്പിൽ വിജയിക്കുമായിരുന്നോ എന്നാലോചിക്കുന്നത് രസകരമായിരിക്കും. ശബരിമല വിഷയം ഇല്ലായിരുന്നെങ്കിലും ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം കരകയറുമായിരുന്നോ എന്നും ആലോചിക്കാവുന്നതാണ്. ബി.ജെ.പിക്കും മോദിക്കുമെതിരെ കേരളത്തിലെ ന്യൂനപക്ഷങ്ങൾ സ്വയം ഏകീകരിച്ച ഒരു തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. ഒരർത്ഥത്തിൽ അതൊരു രാഷ്ട്രീയ നിലപാടായിരുന്നു. ആ നിലപാട് ഇടതുപക്ഷത്തിനെതിരായിരുന്നില്ല. പക്ഷേ, അതിന്റെ ഗുണഭോക്താവ് കോൺഗ്രസ്സും രാഹുൽഗാന്ധിയുമായിരുന്നു. രാഹുൽ ആണ് ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ ഭാവന പിടിച്ചെടുത്ത നേതാവ്. അതൊരു തരംഗമായി മാറിയപ്പോൾ പിണറായി വിജയനോ ഇടതുപക്ഷത്തിനോ അതിനു മുന്നിൽ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. രാഹുലിന്റെ വരവിൽ പിണറായിയും യെച്ചൂരിയും കാരാട്ടുമൊക്കെ പ്രകടിപ്പിച്ച അസഹിഷ്ണുത വെറുതെയായിരുന്നില്ല. ശബരമില തീർച്ചയായും ഈ തിരഞ്ഞെടുപ്പിൽ ഒരു വിഷയമായിരുന്നു. പ്രളയവും അതുപോലെ തന്നെ ജനങ്ങളെ ബാധിച്ചു. പിണറായി സർക്കാർ പ്രളയം കൈകാര്യം ചെയ്ത രീതി പരക്കെ പ്രശംസിക്കപ്പെട്ടപ്പോഴും പ്രളയത്തിന് കാരണമായത് അണക്കെട്ടുകൾ കൈകാര്യം ചെയ്തവരുടെ പിടിപ്പുകേടാണെന്ന വിമർശം ശക്തമായിരുന്നു. ശബരമില വിഷയവും കൈകാര്യം ചെയ്ത രീതിയാണ് പ്രശ്നമായത്. കുറേക്കൂടി തന്മയത്വത്തോടെ സംഗതി നേരിടാൻ സർക്കാരിന് കഴിയണമായിരുന്നു. എ.കെ.ജി. സെന്ററിൽ നിന്നല്ല കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളിയുടെ വീട്ടിൽ നിന്നാവണമായിരുന്നു ഇതിനുള്ള ബോധവത്കരണം സി.പി.എം. തുടങ്ങേണ്ടിയിരുന്നത്. വീഴ്ചകൾ ആർക്കാണില്ലാത്തത്. ജൂലിയസ് സീസർ വീണപ്പോൾ എന്തൊരു വീഴ്ചയാണിതെന്നാണ് ഷേക്സ്പിയർ ചോദിച്ചത്. മനുഷ്യർ ദൈവങ്ങളല്ല. അതുകൊണ്ടുതന്നെ ദൗർബ്ബല്യങ്ങൾ മനുഷ്യ സഹജമാണ്. അടിയന്തരാവസ്ഥയ്ക്കു ശേഷം വൻപരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടും ഇന്ദിരയുടെ പ്രവർത്തനശൈലി മാറിയിരുന്നോ എന്ന് സംശയമാണ്. 1996-ലും 2006-ലും തോറ്റപ്പോൾ ജയലളിതയുടെ ശൈലിയും മാറിയിരുന്നില്ല. ശൈലി മാറുക എളുപ്പമല്ല. ടി.പി. സെൻകുമാറിനെപ്പോലൊരു കക്ഷിയെ പിണറായി വളരെ നേരത്തെ തിരിച്ചറിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. സെൻകുമാറിന് പകരം ബെഹ്റയെ കൊണ്ടുവന്നതിന് ഇന്നിപ്പോൾ ആരെങ്കിലും പിണറായിയെ കുറ്റം പറയാനിടയില്ല. ഒരു തിരഞ്ഞെടുപ്പിൽ തോൽക്കുന്നതുകൊണ്ട് ഒരു നേതാവോ പാർട്ടിയോ ഇല്ലാതാവുന്നില്ല. ബംഗാളിലെ തിരിച്ചടി മമതയെയോ ആന്ധ്രയിലെ പരാജയം ചന്ദ്രബാബുനായിഡുവിനെയോ മാറ്റിമറിക്കാൻ പോവുന്നില്ല. ഉമ്മൻചാണ്ടിയാവാൻ പിണറായിക്കോ പിണറായിയാവാൻ ഉമ്മൻചാണ്ടിക്കോ കഴിയില്ല. അത് തുറന്നുപറയാൻ പിണറായി തയ്യാറാണെന്നത് ചെറിയ കാര്യമല്ല. ജനാധിപത്യം ആത്യന്തികമായി സത്യസന്ധരായ നേതാക്കളെയാണ് ആവശ്യപ്പെടുന്നത്. Content Highlights: Pinarayi Vijayan Style, Election Defeat, C.P.M. Lost Kerala, The Great Indian War 2019, General Election 2019
from mathrubhumi.latestnews.rssfeed http://bit.ly/2YQtB1A
via
IFTTT
No comments:
Post a Comment